ആദ്യം ഗോപിനാഥ് കോണ്‍ഗ്രസ് പാര്‍ട്ടിവിട്ട് പുറത്തുവരട്ടെ, ആരുമായും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല; എ.വി. ഗോപിനാഥുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ല നേതൃത്വം ; ആരുവന്നാലും സിപിഎം സ്വീകരിക്കുമെന്ന് പി.കെ.ശശി

ന്യൂസ് ബ്യൂറോ, പാലക്കാട്
Tuesday, March 2, 2021

പാലക്കാട് : കോൺഗ്രസ് നേതാവ് എ.വി. ഗോപിനാഥുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ല നേതൃത്വം വ്യക്തമാക്കി. ആരുമായും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ആദ്യം ഗോപിനാഥ് കോണ്‍ഗ്രസ് പാര്‍ട്ടിവിട്ട് പുറത്തുവരട്ടെയെന്ന് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍ പറഞ്ഞു.

അതിനിടെ, ആരുവന്നാലും സിപിഎം സ്വീകരിക്കുമെന്ന് പി.കെ.ശശി പറഞ്ഞു. പ്രവര്‍ത്തകരെ മാത്രമല്ല, നേതാക്കളെയും സ്വീകരിക്കും. മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി. ഗോപിനാഥ് സിപിഎം പിന്തുണയോടെ മല്‍സരിച്ചേക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ ഉന്മൂലനം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നതിന്‍റെ കാരണം അറിയണമെന്നും പാര്‍ട്ടി വിടുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്നും എ.വി.ഗോപിനാഥ് നിലപാടെടുത്തിരുന്നു. നേതാക്കളുടെ സമീപനം അനുസരിച്ച് തീരുമാനമെടുക്കും. തന്‍റെ യോഗ്യതക്കുറവ് പാര്‍ട്ടി വ്യക്തമാക്കണമെന്നും എ.വി. ഗോപിനാഥ് പറഞ്ഞിരുന്നു.

പാലക്കാട് ഷാഫി പറമ്പിലിനെതിരെ മുന്‍ ഡിസിസി അധ്യക്ഷന്‍ എ.വി.ഗോപിനാഥ് സിപിഎം പിന്തുണയോടെ മല്‍സരിച്ചേക്കും. ഇന്നത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനമുണ്ടാകാനാണ് സാധ്യത.

1991 ൽ ഇടതുകോട്ടയായ ആലത്തൂരിൽ നിന്നു മത്സരിച്ച് നിയമസഭയിലെത്തിയ ആളാണ് എ.വി.ഗോപിനാഥ്. 1978 മുതൽ തുടർച്ചയായ 21 വർഷം പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

×