ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ വിരാട് കോഹ്ലിയുടെ പ്രകടനം എത്രത്തോളം മനോഹരമാണെന്നു നമ്മള്‍ പറയാറുണ്ട്; അത് അത്രയും സുന്ദരമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ ഒന്ന് ബാബര്‍ അസമിന്റെ ബാറ്റിങ് കണ്ടു നോക്കൂ, അവനില്‍ എന്തോ ഒരു പ്രത്യേകതയുണ്ട് !

സ്പോര്‍ട്സ് ഡസ്ക്
Saturday, July 4, 2020

പാകിസ്താന്‍ ക്രിക്കറ്റിലെ ബാറ്റിങ് സെന്‍സേഷനായ ബാബര്‍ അസത്തിന്റെ ബാറ്റിങ് മികവിനെ പുകഴ്ത്തി മുൻ താരങ്ങളടക്കം ആരാധകർ കഴിഞ്ഞ ദിവസങ്ങളിലായി രം​ഗത്ത് വന്നിരുന്നു. ടോം മൂഡി, മൈക്കൽ വോൺ, യൂനിസ് ഖാൻ തുടങ്ങിയ കളിക്കാർ ബാബറിന്റെ കടുത്ത ആരാധകരുമാണ്.

അടുത്ത പത്ത് വര്‍ഷം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും മികച്ച അഞ്ചു ടെസ്റ്റ് ബാറ്റ്‌സ്മാന്മാരില്‍ ഒരാളായി താരം മാറും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബാബര്‍ അസമിന്റെ വളര്‍ച്ച ഏറെ ശ്രദ്ധേയമാണ്. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ വിരാട് കോഹ്ലിയുടെ പ്രകടനം എത്രത്തോളം മനോഹരമാണെന്നു നമ്മള്‍ പറയാറുണ്ട്. അത് അത്രയും സുന്ദരമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കില്‍ ഒന്ന് ബാബര്‍ അസമിന്റെ ബാറ്റിങ് കണ്ടു നോക്കൂ. അവനില്‍ എന്തോ ഒരു പ്രത്യേകതയുണ്ട്. മുൻ ഓസീസ് താരവും കോച്ചുമായ ടോം മൂഡി ബാബറിനെക്കുറിച്ച് പറഞ്ഞതിങ്ങനെ.

അടുത്തിടെ പാകിസ്താന്റെ നിശ്ചിത ഓവര്‍ ടീമിന്റെ നായകനായും ചുമതലയേറ്റ അസം സ്ഥിരതയാര്‍ന്ന പ്രകടനങ്ങൾ വഴിയും ബാറ്റിങ് ശൈലിയും കാരണം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായാണ് താരതമ്യം ചെയ്യപ്പെടുന്നത്. ഇവരില്‍ ആരാണ് കൂടുതല്‍ മികച്ച താരമെന്ന ചര്‍ച്ചകള്‍ ക്രിക്കറ്റില്‍ സജീവവുമാണ്. എന്നാല്‍ കോഹ്ലിയുമായി താരതമ്യം ചെയ്യപ്പെടാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നു വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് ബാബര്‍.

വിരാടുമായല്ല, പകരം പാകിസ്താന്റെ മുന്‍ ഇതിഹാസങ്ങളുമായി താരതമ്യം ചെയ്യപ്പെടാനാണ് താൻ ആഗ്രഹിക്കുന്നത്. ആരെയെങ്കിലുമായി തന്നെ താരതമ്യം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് പാകിസ്താന്‍ താരങ്ങളുമായി മതി. പാകിസ്താന് ജാവേദ് മിയാന്‍ദാദ്, യൂനിസ് ഖാന്‍, ഇന്‍സാമുള്‍ഹഖ് എന്നിവരെപ്പോലെയുള്ള ഇതിഹാസ താരങ്ങളുണ്ട്. ഇവരുമായാണ് നിങ്ങള്‍ തന്നെ താരതമ്യം ചെയ്യുന്നതെങ്കില്‍ അതു കൂടുതല്‍ അഭിമാനം നല്‍കും. ബാബര്‍ പറയുന്നു

×