പൂര്‍ണ വളര്‍ച്ചയെത്താതെ ഏഴാം മാസത്തില്‍ ജനിച്ച കുഞ്ഞ് മിനിറ്റുകള്‍ക്കകം മരിച്ചു ; കുഞ്ഞിനെ അടക്കാന്‍ കുഴി എടുത്തപ്പോള്‍ കുഴിയ്ക്കുള്ളില്‍ ഒരു മണ്‍കുടം ; അതിനുള്ളില്‍ ജീവനുള്ള മറ്റൊരു കുഞ്ഞ് ; മണ്ണിനടിയില്‍ നിന്നും നിധി പോലെ കിട്ടിയ കുഞ്ഞിനെ രക്ഷിച്ച് യുവാവ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, October 14, 2019

യുപി :  പൂര്‍ണ വളര്‍ച്ചയെത്താതെ ഏഴാം മാസത്തില്‍ ജനിച്ച കുഞ്ഞ് മിനിറ്റുകള്‍ക്കകം മരിച്ചു . മരിച്ച നവജാത ശിശുവിനെ അടക്കാൻ കുഴി എടുത്തപ്പോൾ 3 അടി താഴെ കണ്ടത് ഒരു മൺകുടം. കുടത്തിൽ ജീവനോടെ ഒരു കുഞ്ഞ്.

സിരോഹിയുടെ ഭാര്യയും ബറേലിയിലെ സബ് ഇൻസ്പെക്ടറുമായ വൈശാലിയെ പ്രസവ വേദനയെത്തുടർന്ന് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൂർണ വളർച്ച എത്താതെ 7 മാസം മാത്രം പ്രായമായ കുട്ടിക്ക് പിറ്റേന്ന് ജന്മം നൽകിയെങ്കിലും മിനിറ്റുകൾക്കകം മരിച്ചു. സന്ധ്യയോടെ മൃതദേഹം മറവു ചെയ്യാൻ കുഴിയെടുക്കവെയാണ് കുഴിയ്ക്കുള്ളിൽ മൺകുടം കണ്ടത്.

കുടം പുറത്തെടുത്ത് പരിശോധിച്ച സിരോഹിക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല, അതിനുള്ളിൽ ജീവനുള്ള ഒരു പെൺകുഞ്ഞ്. ശ്വാസത്തിനായി പിടഞ്ഞു കൊണ്ടിരുന്ന കുഞ്ഞിനെ അതിവേഗം അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് അപകടനില തരണം ചെയ്തു ജീവിതത്തിലേക്ക് മടങ്ങിവരുന്നു.

കുട്ടിയെ ജീവനോടെ മറവു ചെയ്ത മാതാപിതാക്കളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ലെന്നു എസ് പി അഭിനന്ദൻ സിങ് പറഞ്ഞു. തിരച്ചിൽ തുടങ്ങിയെന്നു പൊലീസ് അറിയിച്ചു. കുഞ്ഞിന്റെ ചികിത്സ എംഎൽഎ രാജേഷ് മിശ്ര ഏറ്റെടുത്തു. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് ഇന്നലെ മാറ്റി. ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫിസർ പറഞ്ഞു.

×