ബാലഭാസ്കറുടെ ഭാര്യ ലക്ഷ്മി മുതൽ കലാഭവൻ സോബി വരെയുള്ളവരുടെ മൊഴികളിലെ അവ്യക്തത കണ്ടെത്തണം. ബാലുവിന്റെ ഡ്രൈവറും കെഎസ്ആർടിസി ഡ്രൈവറും നൽകിയ മൊഴികളുടെ വാസ്തവം തിരിച്ചറിയണം. ബാലുവിന്റെ വാഹനത്തിൽ സ്വർണം ഉണ്ടായിരുന്നോ എന്നും കണ്ടെത്തണം – ബാലഭാസ്കറുടെ മരണത്തിൽ നേരറിയാൻ സിബിഐ !

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, August 3, 2020

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തിൽ ആരംഭിച്ച സിബിഐ അന്വേഷണം നിർണായക വഴിത്തിരിവുകളിലേയ്ക്ക് നീങ്ങിയേക്കും എന്ന് സൂചന.

അപകടം ‘സ്വാഭാവികമായിരുന്നോ’ ആസൂത്രിതമായിരുന്നോ ? എങ്കിൽ എങ്ങനെ ? എന്തിന് ? എന്നീ കാര്യങ്ങൾക്കാണ് സിബിഐയ്ക്ക് ഉത്തരം കിട്ടാനുള്ളത്.

ബാലഭാസ്കർ സഞ്ചരിച്ച വാഹനത്തിൽ സ്വർണം ഉണ്ടായിരുന്നോ എന്ന സംശയം ബലവത്താണ്. അതിനുപക്ഷേ ഈ കേസിലെ സാക്ഷികളിലും മൊഴികളിലും നിറയെ ദുരൂഹതകളാണ്. ആ ദുരൂഹതകൾ അന്തരിച്ച ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയിൽ പോലും ഉണ്ട്.

സംഭവത്തിനു ദൃക്‌സാക്ഷിയായിരുന്ന കെഎസ്ആർടിസി എംപാനൽ ഡ്രൈവറായിരുന്ന അജി, അപകടം കണ്ടെന്നു പറഞ്ഞു പിന്നീട് രംഗത്തുവന്ന കലാഭവൻ സോബി, കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിലെ ചില ഉദ്യോഗസ്ഥർ, ഭാര്യ ലക്ഷ്മി, ഡ്രൈവർ അർജുൻ എന്നിവരുടെയൊക്കെ മൊഴികളിൽ സിബിഐയ്ക്ക് സംശയിക്കാനും ചിരിച്ചറിയാനും പലതുമുണ്ട്.

ഒരു കാര്യം ഉറപ്പാണ്, ഇന്ന് ഹൈക്കോടതിയിൽ ബാലഭാസ്കറിന്റെ ഡ്രൈവർ അർജുനെ ഏകപ്രതിയാക്കി എഫ്‌ഐആർ ഫയൽ ചെയ്ത സിബിഐ ഈ കേസിലെ കുരുക്കുകൾ ഒന്നൊന്നായി അഴിക്കും.

അപകടത്തിന്റെ രീതിയിൽ തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്ക് തുടക്കം മുതൽ സംശയമുണ്ട്. നേരെ പൊയ്‌ക്കൊണ്ടിരുന്ന ഒരു വാഹനത്തിന്റെ ഡ്രൈവർ ഉറങ്ങിപോകുകയും പെട്ടെന്ന് ഞെട്ടിയുണർന്ന് തെറ്റായ ദിശയിൽ തിരിഞ്ഞ വാഹനം വെട്ടിക്കുകയും ചെയ്താൽ അത് ഏത് ദിശയിലേയ്ക്കായിരിക്കും എന്ന കാര്യത്തിൽ പൊലീസിന് സംശയമുണ്ട്.

ബാലഭാസ്കറുടെ വാഹനം വലത്തേയ്ക്ക് തിരിച്ച് 200 മീറ്ററോളം സഞ്ചരിച്ച് എതിർദിശയിലുണ്ടായിരുന്ന മരത്തിൽ നേരെ ചെന്നിടിക്കുകയായിരുന്നു. ആരാണ് ആ സമയത്ത് കാർ ഓടിച്ചിരുന്നതെന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനം ആയിട്ടില്ല.

അർജുനായിരുന്നെന്ന് ലക്ഷ്മിയും ബാലഭാസ്കറായിരുന്നെന്ന് അർജുനും പറയുന്നു. കെഎസ്ആർടിസി ഡ്രൈവർ അജിയുടെ മൊഴി ബാലഭാസ്കറായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നാണ്.

അജിയുടെ മൊഴിയിൽ തുടക്കം മുതൽ സംശയങ്ങളുണ്ട്. പിന്നീട് അജിയ്ക്ക് യുഎഇയിൽ സർക്കാർ ഡ്രൈവറായി ജോലി ലഭിച്ചതും അതിനായി അജി തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് കയറിയിറങ്ങിയതും ഇപ്പോഴത്തെ നയതന്ത്ര സ്വർണക്കടത്തും, അതിലുൾപ്പെട്ട ചില പ്രതികൾ ബാലഭാസ്കറിന്റെ സുഹൃദ്‌വലയത്തിലുണ്ടായിരുന്നതും എല്ലാം കൂട്ടി വായിച്ചപ്പോൾ പലതും തെളിഞ്ഞു വരുന്നുണ്ട്.

അതേസമയം, കലാഭവൻ സോബിയാണ് ഇത് സാധാരണ അപകടമല്ല എന്ന വാദവുമായി രംഗത്തുവന്നത്. സോബി എല്ലാം കണ്ടിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

എങ്കിൽ എന്തുകൊണ്ട് അക്കാര്യം ആ ദിവസങ്ങളിൽ സോബി പറഞ്ഞില്ലെന്നത് ചോദ്യ ചിഹ്നം തന്നെയാണ്. പിന്നീട് പറഞ്ഞപ്പോൾ ആദ്യം പറഞ്ഞതും കഴിഞ്ഞ ദിവസം പറഞ്ഞതും തമ്മിൽ മൊഴികളിൽ വൈരുധ്യമുണ്ട്.

ദൃക്‌സാക്ഷിയായിരുന്ന ഒരു സംഭവം പറയാൻ വൈകിയതും പറഞ്ഞപ്പോഴുണ്ടായ വൈരുധ്യങ്ങളും കണ്ടെത്തേണ്ടതുണ്ട്.

ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറയാതെ പോകുന്നതെന്തൊക്കെയെന്നായിരിക്കും സിബിഐ ആദ്യം തിരക്കുക.

ബാലുവിന്റെ മരണശേഷം ലക്ഷ്മി സൂക്ഷിച്ചിരുന്ന ബാലു ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈൽ ഫോൺ നയതന്ത്ര കള്ളക്കടത്തുകേസിലെ പ്രതിയായ ബാലുവിന്റെ സുഹൃത്തിന്റെ പക്കൽ എത്തിയതെങ്ങനെയെന്നതും കണ്ടെത്തണം.

കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്നും ഇതൊരു സാധാരണ അപകടമാക്കി എഴുതിത്തള്ളാൻ മനപൂർവ്വമായ ശ്രമം ഉണ്ടായോ, ഉണ്ടായെങ്കിൽ അത് ആരുടെ പ്രേരണകൊണ്ട് എന്നതായിരിക്കും സിബിഐ സംഘം ആദ്യം തിരയുക. അത് നിർണായകമായിരിക്കും.

ബാലഭാസ്കറിന്റെ വാഹനത്തിൽ സ്വർണം ഉണ്ടായിരുന്നെങ്കിൽ അത് ഡ്രൈവർ അർജുനും ബാലുവിന്റെ ഭാര്യ ലക്ഷ്മിക്കും അറിയാതെ വരില്ല. സംശയം സ്വാഭാവികമായും ഉയരും.

സിബിഐ എഎസ്‌പി നന്ദകുമാരൻ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം തുടങ്ങിയിട്ടുള്ളത്. ക്രൈംബ്രാഞ്ചിന്റെ പക്കലുള്ള കേസ് ഫയൽ കൈമാറാൻ ആവശ്യപ്പെട്ട് നന്ദകുമാരൻ നായർ കത്ത് നൽകിയിട്ടുണ്ട്. അത് കിട്ടിയാലുടൻ ചോദ്യം ചെയ്യലും മൊഴിയെടുക്കലും ആരംഭിക്കും.

×