ജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഇത് വളരെ ഗുണകരമായ ന്യേപ്പി ലോക്ക് ഡൗൺ..ലോക്ക് ഡൗൺ കാലത്ത് ലോകം സ്മരിക്കുന്നത് ബാലിദ്വീപിനെ !

പി എൻ മേലില
Sunday, May 10, 2020

90 % മുസ്‌ലിം ജനവിഭാഗങ്ങളധിവസിക്കുന്ന ഇൻഡോനേഷ്യൻ ദ്വീപസമൂഹത്തിലെ ഏക ഹിന്ദു ഭൂരിപക്ഷ മുള്ള ദ്വീപാണ് ബാലി. ഇവിടുത്തെ ഹിന്ദുക്കളുടെ ജനസംഖ്യ 84 % ആണ്. കേരളവുമായി വലിയ സാദൃശ്യ മുള്ള നാടാണ് ബാലിയെന്ന് പ്രശസ്ത സഞ്ചാരസാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായിരുന്ന എസ്.കെ പൊറ്റക്കാടിന്റെ യാത്രാവിവരണം വായിച്ചിട്ടുള്ളവർക്കൊക്കെ അറിയാൻ കഴിയും.

ലോക്ക് ഡൗൺ കാലം ബാലിയിലെ ജനതയ്ക്കു പുത്തരിയല്ല. ബാലിയിൽ വർഷത്തിൽ ഒരു ദിവസം അവർ സമ്പൂർണ്ണ ലോക്ക് ഡൌൺ ആചരിക്കുന്നവരാണ്. അതായത് ബാലി ദ്വീപിലെ ഏറ്റവും വലിയ ആഘോഷമായ ന്യേപ്പി ( Nyepi) The Day of Silince അഥവാ അവരുടെ പുതുവർഷം കൊണ്ടാടുന്നത് 100% വും നിശബ്ദമായ അന്തരീക്ഷത്തിൽ എല്ലാവരും വീടുകൾക്കുള്ളിൽക്കഴിഞ്ഞുകൊണ്ടാണ്.

Balinese കലണ്ടറായ SAKA പ്രകാരം എല്ലാ വർഷവും മാർച്ച് പകുതിക്കുശേഷമോ ആപ്രിൽ ആദ്യവാരമോ ആണ് ന്യേപ്പി ആഘോഷം വരുക. മൂന്നു ദിവസത്തെ ആഘോഷങ്ങളാണ് ഇതോടനുബന്ധിച്ചു നടത്ത പ്പെടുന്നത്. ദ്വീപിലെ ദുഷ്ടശക്തികളായ ഭൂത പ്രേതങ്ങളുടെ കോലങ്ങൾ കെട്ടി അതെല്ലാം തെരുവിലൂടെ വലിയ ആഘോഷമായി എഴുന്നെള്ളിച്ച് കടക്കരയിലെത്തിച്ചശേഷം അവയെ പ്രീതിപ്പെടുത്താൻ പൂജകളും നൃത്തങ്ങളും വാദ്യമേളങ്ങളും ഒക്കെയായി ജനം ആഘോഷത്തിമിർപ്പു തന്നെയാണ് നടത്തുന്നത്. ഭൂതപ്രേതാദികൾക്ക് മദ്യവും മൃഗബലിയും നൽകി സന്തോഷത്തോടെ യാത്രയാക്കിയശേഷം ആളുകളെല്ലാം അവരവരുടെ ഭവനങ്ങളിൽവന്നു കതകടച്ചിരുപ്പാണ്.അതാണ് ന്യേപ്പിയുടെ അവസാനദിവസം.

അന്ന് രാവിലെ ആറുമുതൽ പിറ്റേദിവസം രാവിലെ 6 മണിവരെ ബാലിദ്വീപിൽ ഒരു ചെറുശബ്ദം പോലുമു ണ്ടാകില്ല. ഒരു കുഞ്ഞുപോലും വീടുവിട്ടു പുറത്തിറങ്ങില്ല.എല്ലാ മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്യപ്പെടും. ടി.വി. പോലും ഓണാക്കില്ല. ലാപ്പ് ടോപ്പുകളും നിശബ്ദം. വീടിനുള്ളിൽ പരസ്പ്പര സംസാരം പോലും ആംഗ്യഭാഷയിലാകും നടത്തുക. തെരുവുവിളക്കുകളല്ലാതെ വീടുകൾക്കത്തും പുറത്തുമുള്ള ലൈറ്റുകളൊന്നും കത്തിക്കില്ല. വാഹനങ്ങളൊന്നും ഓടില്ല. ബീച്ചുകൾ ശൂന്യമാകും. ഒരേയൊരു വിമാന ത്താവളമായ ഡെൻപസാറിലെ Ngurah Rai International Airport ൽ നിന്ന് അന്ന് വിമാനങ്ങളൊന്നും വരുകയോ പറന്നുയരുകയോ ചെയ്യില്ല.വിനോദസഞ്ചാരികളും ഈ നിയമങ്ങളനുസരിക്കാൻ ബാദ്ധ്യസ്ഥരാണ്.

അന്ന് ( Nyepi ) മുഴുവൻ ഇന്തോനേഷ്യയിലും പൊതു അവധിയാണ്. ഒരു ഹിന്ദു ആഘോഷത്തെ ഇൻഡോ നേഷ്യയിലെ മുസ്‌ലിം സമൂഹം പൂർണ്ണമായും ആദരിക്കുന്നു എന്നതാണ് ഇത് തെളിയിക്കുന്നത്. ന്യേപ്പി ദിവസം പുറത്തിറങ്ങുന്നവരെ പിടികൂടാൻ ദ്വീപിലെ ബീച്ചുകളിലും റോഡുകളിലും ശക്തമായ പോലീസ് കാവലുമുണ്ടാകും. കടുത്ത ദൈവവിശ്വാസികൾ ന്യേപ്പി ദിവസം 24 മണിക്കൂർ ഉപവാസമായിരിക്കും.എല്ലാ ഹിന്ദു ദൈവങ്ങളെയും ആരാധിക്കുന്ന അവരുടെ പ്രിയ ഗ്രന്ഥം രാമായണമാണ്.

അതായത് എല്ലാ അർത്ഥത്തിലും ഒരു പരിപൂർണ്ണ ലോക്ക് ഡൌൺ. അതേപ്പറ്റിയുള്ള ഐതീഹ്യം എന്തെന്നാൽ ആഹാരവും മദ്യവും നൽകി സന്തോഷഭരിതരാക്കിവിട്ട ഭൂതഗണങ്ങൾ പോയതുപോലെ വീണ്ടും മടങ്ങിവരുമെന്നും ദ്വീപ് ശൂന്യമായും നിശബ്ദമായും കാണപ്പെടുന്നതിനാൽ വന്നതുപോലെ അവർ തിരികെപ്പോകുമെന്നുമാണ് പുരാതനകാലം മുതലുള്ള ബാലിക്കാരുടെ വിശ്വാസം. ന്യേപ്പിയുടെ പിറ്റേ ദിവസം ബാലിദ്വീപിൽ പുതുവർഷമാണ്. ന്യേപ്പി നമ്മുടെ ഓണം,ഉഗാഡി,പൊങ്കൽ പോലെ പ്രാധാന്യമുള്ള ആഘോഷമാണ് ബാലിക്കാർക്ക്. ന്യേപ്പി കുടുംബാംഗങ്ങളുടെ ഒത്തുചേരൽകൂടിയാണ്. പോയവർഷത്തെ കൂട്ടിക്കിഴിക്കലുകൾക്കും വരുംകാല പ്ലാനിംഗുകൾക്കും ഈ ദിനം അവർ പ്രയോജനപ്പെടുത്തുന്നു.

ന്യേപ്പി ആഘോഷങ്ങളുള്ള മൂന്നുദിവസം കണക്കാക്കിയാണ് സഞ്ചാരികൾ വരുന്നത്.ഇല്ലെങ്കിൽ ഒരു ദിവസം അവർക്കു നഷ്ടമാകാൻ ഇടയുണ്ട്. അമ്പലങ്ങളും അഗ്നിപര്‍വ്വതങ്ങളും അഴകാര്‍ന്ന സ്ത്രീകളും ആയിരക്കണ ക്കിന് ദൈവങ്ങളും നിറഞ്ഞ ബാലി ദ്വീപ് ” ദൈവങ്ങളുടെ നാട് ” എന്നാണറിയപ്പെടുന്നത്. എസ്.കെ പൊറ്റ ക്കാടിലൂടെ മലയാളികളെ അവർക്കു പ്രത്യേകമറിയാം , ഏറെ ഇഷ്ടവുമാണ്. വിനോദസഞ്ചാരമാണ് ഇവിടുത്തെ പ്രധാനവരുമാനം.

ഇൻഡോനേഷ്യൻ കാലാവസ്ഥാവകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം 2015 മുതൽ നടന്ന പഠനങ്ങളിൽ ന്യേപ്പി ആഘോഷം മൂലം വായുവിലെ പൊടിപടങ്ങളിൽ (TSP) 73 മുതൽ 78 % വരെ കുറവുണ്ടാകുന്നു എന്നാണ്.അതുകൊണ്ടുതന്നെ വർഷത്തിൽ ഒരു ദിവസത്തെ ഈ ലോക്ക് ഡൌൺ ബാലിദ്വീപിലെ പരിസ്ഥിതിക്ക് വലിയ നേട്ടമാണ് സമ്മാനിക്കുന്നത്.

ഇതൊക്കെക്കൊണ്ട് ബാലിദ്വീപുകാർക്ക് ലോക്ക് ഡൗൺ ഒരു പ്രശ്നമല്ല. ന്യേപ്പി എന്നാൽ ‘To Keep Silence’ എന്നാണർത്ഥം. ഇതിന്റെ അത്ര കഠിനമല്ലാത്ത മറ്റൊരു വെർഷനാണ് നമ്മളും ലോകജനതയും ഇപ്പോൾ അനുഭവിക്കുന്ന ലോക്ക് ഡൗൺ. ഇപ്പോൾ ലോകമെല്ലാം ചർച്ചചെയ്യപ്പെടുന്നതും ബാലിദ്വീപിലെ കൊറോണയുടെ സ്ഥാനത്ത് ഭൂതങ്ങളെ തുരത്തുന്ന ന്യേപ്പി യെന്ന പഴയകാല ലോക്ക് ഡൗൺ രീതിയാണ്.

വരും കാലങ്ങളിൽ ലോകമെമ്പാടുനിന്നും ന്യേപ്പി കാല ലോക്ക് ഡൗൺ ആഘോഷിക്കാൻ ധാരാളം സഞ്ചാരികൾ ബാലിയിലേക്കെത്തുമെന്നുറപ്പാണ്. മാത്രവുമല്ല ബാലിയിലെ വർഷത്തിലൊരിക്കലുള്ള ന്യേപ്പി ലോക്ക് ഡൗൺ ഇനി മുന്നോട്ട് പല രാജ്യങ്ങളും പരീക്ഷിക്കാനിടയുണ്ട്.കാരണം ജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഇത് വളരെ ഗുണകരമാണ്.

×