വാഴകൃഷിയില്‍ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍

Sunday, May 2, 2021

ഒരു വാഴയെങ്കിലും വീട്ടുവളപ്പില്‍ നടുന്നവരാണ് നമ്മള്‍. മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പഴവും വാഴപ്പഴമാണ്. എന്നാല്‍ പല രോഗങ്ങളുമിപ്പോള്‍ വാഴക്കൃഷിക്ക് വിലങ്ങ് തടിയാകുന്നുണ്ട്.

വാഴക്കന്ന് ചരിച്ചു നട്ടാല്‍ മുളങ്കരുത്ത് കൂടും വിളവും മെച്ചപ്പെട്ടതായിരിക്കും. നടാനുള്ള വാഴക്കന്നില്‍ ചാരം അഥവാ വെണ്ണീരു പുരട്ടി ഒരു ദിവസം തണലത്ത് വെച്ചു ശേഷം നട്ടാല്‍ രോഗ കീടങ്ങള്‍ കുറയും.
വാഴക്കന്ന് നന്നായി ചെത്തി വൃത്തിയാക്കുക. നടാനുള്ള കുഴിയില്‍ ഒരു കിലോ വേപ്പിന്‍ പിണ്ണാക്കു ചേര്‍ക്കുക. തുടര്‍ന്ന് വാഴ നട്ടാല്‍ നിമാ വിരയുടെ ഉപദ്രവം ഉണ്ടാവുകയില്ല.

വാഴ നടുന്ന കുഴിയില്‍ ഒരാഴ്ച്ച മുമ്പ് രണ്ട് പിടി കുമ്മായം ചേര്‍ത്ത് മണ്ണ് ഇളക്കി വെച്ചതിന് ശേഷം നട്ടാല്‍ മണ്ണിലെ അസിഡിറ്റി നിയന്ത്രിക്കാനും രോഗകാരികളായ കീടങ്ങളെ നിയന്ത്രിക്കാനും കഴിയും.
ചുവട്ടിലേക്കു വണ്ണമുള്ള മുകളിലേക്ക് നേര്‍ത്ത് വാള്‍ മുന പോലെ കൂര്‍ത്ത ഇലകളോടു കൂടിയ സൂചിക്കന്നുകളാണ് നടാന്‍ ഉത്തമം.

ഏത്ത വാഴക്കന്ന് ഇളക്കിയ ശേഷം ചാണക വെള്ളത്തില്‍ മുക്കി ഉണക്കി സൂക്ഷിച്ചാല്‍ ഒരു മാസം വരെ ജീവനക്ഷമത നിലനിര്‍ത്താം. അത്തം ഞാറ്റുവേലയാണ് ഏത്തവാഴ നടാന്‍ ഏറ്റവും പറ്റിയത്.
വാഴ പുതുമഴയോടെ നടുക, നല്ല കരുത്തോടെ വളരും പുഷ്ടിയുള്ള കുലയും കിട്ടും. നനയ്ക്കാന്‍ സൗകര്യം ഉണ്ടെങ്കില്‍ല്‍ വാഴക്കുന്ന് കന്ന് വേനല്‍ക്കാലത്തും നടാം.തടത്താന്‍ പുതയിടുന്നതു നല്ലതാണ്.

നേന്ത്രവാഴ നട്ട് ആദ്യ നാല് മാസങ്ങളില്‍ അന്‍പത് ഗ്രാം വീതം കടലപ്പിണ്ണാക്ക് തടത്തില്‍ ചേര്‍ത്തു കൊടുത്താല്‍ വാഴ വണ്ണം വെക്കുകയും കരുത്തോടെ വളര്‍ന്നു വന്നു വലിയ കുലകള്‍ ഉണ്ടാകുകയും ചെയ്യും.
വാഴയുടെ മാണപ്പുഴുക്കളെ നശിപ്പിക്കാന്‍, പ്ലാസ്റ്റിക് ചാക്കുകള്‍ വെള്ളം നനച്ചു കുമ്മായപ്പൊടി തൂകി പിണ്ടിയില്‍ അധികം മുറുക്കാതെ കെട്ടിയുറപ്പിക്കുക.

ഉണങ്ങിയ പോളകള്‍ മാറ്റിക്കളഞ്ഞതിന് ശേഷം വേണം ഇങ്ങനെ ചെയ്യാന്‍. ആക്രമണം തുടങ്ങുമ്പോള്‍ തന്നെ ചെയ്താല്‍ ഏറ്റവും ഫലം കിട്ടും.എല്ലായിനം വാഴയിലും ഉണ്ടാകുന്ന ചെല്ലി, പലവക കീടങ്ങള്‍ എന്നിവ ഒഴിഞ്ഞു പോകാന്‍ ഉണങ്ങിയ പോളകള്‍ പൊളിച്ചു മാറ്റി തീയിലിടുക. ഇവയിലാണ് കീടങ്ങള്‍ കൂടു വക്കുന്നത്.

×