കേരളത്തിലെ മണ്ണില്‍ നന്നായി വളരുന്ന വാഴ

സത്യം ഡെസ്ക്
Tuesday, June 30, 2020

കേരളത്തിലെ മണ്ണില്‍ നന്നായി വളരുന്ന കാര്‍ഷിക വിളയാണ് വാഴ. പരിചരണം അധികം ആവശ്യമില്ലാത്തതിനാല്‍ കര്‍ഷകര്‍ വാഴകൃഷിക്കുവേണ്ടി കൂടുതല്‍ സ്ഥലം നീക്കിവയ്ക്കുകയും വരുമാനം നേടുകയും ചെയ്യുന്നു.സപ്തംബര്‍ – ഒക്ടോബര്‍ മാസത്തോടെ കേരളത്തില്‍ വാഴകൃഷി ആരംഭിക്കാം.

തൈകള്‍ തിരഞ്ഞെടുക്കല്‍

മെച്ചപ്പെട്ട കുല തരുന്നതും രോഗകീട സാധ്യതയില്ലാത്തതുമായ മാതൃവാഴയില്‍ നിന്നാണ് തൈകള്‍ തിരഞ്ഞെടുക്കുന്നത്. 3-4 മാസം വരെ പ്രായമായ ആരോഗ്യമുള്ള തൈകളാണ് നടാന്‍ അനുയോജ്യം. വിളവെടുത്ത് പത്ത് ദിവസത്തിനകം തൈകള്‍ ഇളക്കി മാറ്റണം.തിരഞ്ഞെടുത്ത തൈകളുടെ തണ്ട് 15-20 സെന്റിമീറ്റര്‍ ഉയരത്തില്‍ മുറിച്ച് കളയണം.

വേരും കേടുവന്ന ഭാഗവും ചെത്തി വൃത്തിയാക്കിയശേഷം 30 മിനിട്ട് ഒഴുക്കു വെള്ളത്തില്‍ മുക്കി വയ്ക്കുന്നത് നിമാ വിരകളെ നിയന്ത്രിക്കുവാന്‍ സഹായകരമാണ്. അതിനുശേഷം തൈകള്‍ ചാണകവെള്ളത്തില്‍ മുക്കി ഒരാഴ്ച തണലത്ത് വച്ച് ഉണക്കിയശേഷം നടാന്‍ ഉപയോഗിക്കാം.

നിലം ഒരുക്കല്‍

വാഴകൃഷിക്കു വേണ്ടി കുഴികളെടുത്തും ചാല്കീറിയും പാടശേഖരങ്ങളില്‍ കൂനയെടുത്തും തൈകള്‍ നടാം. ഒരു സെന്റ് സ്ഥലത്ത് 10 തൈകള്‍ വരെ നടാം. കുഴിയെടുത്ത് നടുമ്പോള്‍ പച്ചിലകള്‍ പകുതിഭാഗത്തോളം നിറച്ച് 250 ഗ്രാം കുമ്മായവും നല്‍കി കുഴി മൂടണം. 15 ദിവസം കഴിഞ്ഞ് കുഴിതുറന്ന് വാഴത്തൈ നട്ട് കുഴിമൂടാം.

വളപ്രയോഗം

415 ഗ്രാം യൂറിയ, 575 ഗ്രാം മസൂറിഫോസ്, 500 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ആറ് ഘട്ടങ്ങളിലായി നല്‍കാം. വാഴ നട്ട് അഞ്ച് മാസം കഴിയുമ്പോള്‍ വാഴ കുലയ്ക്കും. രാസവളങ്ങള്‍ നല്‍കുമ്പോള്‍ വാഴയുടെ ചുവട്ടില്‍ നിന്നും 60-70 സെന്റിമീറ്റര്‍ അകലത്തില്‍ ചുറ്റിനും ഇട്ട് മണ്ണില്‍ കലര്‍ത്തണം. വളപ്രയോഗ സമയത്ത് മണ്ണില്‍ ഈര്‍പ്പമുണ്ടായിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

നൈട്രജന്‍ – പൊട്ടാസ്യം വളങ്ങളുടെ അനുപാതം ശരിയാകാതെ വരികയും അമോണിയ രൂപത്തിലുള്ള നൈട്രജന്‍ വളങ്ങള്‍ 5- 6 മാസം പ്രായമായ വാഴകള്‍ക്ക് കൂടുതലായി നല്‍കുകയും ചെയ്യുന്നതുമൂലം സമയത്തിന് മുമ്പ് കുലകള്‍ പുറത്ത് വരുന്നതിനു കാരണമാകും. വാഴനട്ട് പത്ത്മാസത്തിനുള്ളില്‍ വിളവെടുക്കാന്‍ സാധിക്കും.

കീടങ്ങളും നിയന്ത്രണവും

ഏകദേശം 182 ല്‍പ്പരം കീടങ്ങള്‍ വാഴകൃഷിയുടെ വിവിധ ഘട്ടങ്ങളില്‍ കാണാറുണ്ടെങ്കിലും തടതുരപ്പന്‍, മാണവണ്ട്, വാഴപ്പേന്‍, മീലിമൂട്ട, ഇലപ്പേന്‍ എന്നിവയാണ് കൂടുതല്‍ നാശം വരുത്തുന്നവ.വാഴത്തോട്ടം വൃത്തിയായി സൂക്ഷിക്കുകയാണ് കീടങ്ങളുടെ ആക്രമണം ഉണ്ടാകാതിരിക്കാനുള്ള മാര്‍ഗ്ഗം. ഇലപ്പേനെ പ്രതിരോധിക്കുവാന്‍ വേപ്പെണ്ണ മിശ്രിതം ഉപയോഗിക്കാം.വാഴയെ ബാധിക്കുന്ന വൈറസ് രോഗങ്ങളായ കൂമ്പടപ്പ്, കൊക്കാന്‍ എന്നിവ പിടിപെട്ടാല്‍ വാഴകള്‍ നശിപ്പിക്കണം. രോഗം ബാധിക്കാത്ത തോട്ടങ്ങളിലെ തൈകള്‍ ഉപയോഗിക്കണം.

×