അക്രമം തുടര്‍ന്നല്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബി.ജെ.പി

New Update

കോല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭം തുടര്‍ന്നാല്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുമെന്ന് ബി.ജെ.പി. ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയാണ് ഇക്കാര്യം പറഞ്ഞത്.

Advertisment

publive-image

ബംഗ്ലാദേശില്‍നിന്നുള്ള മുസ്ലിം നുഴഞ്ഞുകയറ്റക്കാരാണ് പ്രക്ഷോഭത്തിനു പിന്നിലെന്ന് ആരോപിച്ച സിന്‍ഹ,മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേയും വിമര്‍ശനം ഉന്നയിച്ചു. എണ്ണത്തില്‍ കുറവുള്ള രോഹിംഗ്യകള്‍ പോലും അക്രമം അഴിച്ചുവിടുകയാണ്.

''പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രണ്ടു ദിവസമായി ബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ അവര്‍ കാര്യമായി ഒന്നും ചെയ്തില്ല. ഞങ്ങള്‍ രാഷ്ട്രപതി ഭരണത്തെ അനുകൂലിക്കുന്നില്ല. എന്നാല്‍, ഇത്തരത്തില്‍ അരാജകത്വം നിലനില്‍ക്കുകയാണെങ്കില്‍ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്യുകയല്ലാതെ മറ്റു മാര്‍ഗമില്ല. സംസ്ഥാനം മുഴുവന്‍ കത്തി നശിക്കുമ്പോള്‍ ഒരു നിശബ്ദ കാഴ്ചക്കാരനെപ്പോലെ നില്‍ക്കുകയാണ് സര്‍ക്കാര്‍'' -സിന്‍ഹ പറഞ്ഞു.

പ്രക്ഷോഭകാരികള്‍ക്കെതിരേ കടുത്ത നടപടിയെടുക്കാത്തതിന് മമതയെ വിമര്‍ശിച്ച സിന്‍ഹ, മമത തന്നെയാണ് ജനങ്ങളെ അക്രമത്തിനായി പ്രേരിപ്പിക്കുന്നതെന്നും ആരോപിച്ചു. ബംഗാളിലെ സമാധാനം കാംക്ഷിക്കുന്ന മുസ്ലിം ജനതയല്ല, ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണ് അക്രമസംഭവങ്ങള്‍ക്കു പിന്നില്‍. തങ്ങളുടെ പേര് കലാപകാരികള്‍ കളങ്കപ്പെടുത്താതിരിക്കാന്‍ ബംഗാളിലെ മുസ്ലിം സമൂഹം ജാഗ്രത പാലിക്കണമെന്നും സിന്‍ഹ പറഞ്ഞു.

മമതയ്‌ക്കെതിരേ ആഞ്ഞടിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും രംഗത്തെത്തി. പ്രതിപക്ഷത്തിരിക്കുമ്പോള്‍ മമത തന്നെയാണ് പൊതുമുതല്‍ നശിപ്പിക്കുന്ന അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചത്. ഇപ്പോള്‍ അതേ നയം അവര്‍ക്ക് തിരിച്ചടിയായിരിക്കുന്നു. ബംഗാളിന്റെ അവസ്ഥ വളരെ അധികം അപകടകരമാവുകയാണ്. മമതയ്ക്ക് നിയന്ത്രണം നഷ്ടമായിരിക്കുന്നെന്നും ദിലീപ് ഘോഷ് പറഞ്ഞു.

ബംഗാളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് ഒഴിഞ്ഞ ട്രെയിനുകള്‍ക്ക് പ്രക്ഷോഭകര്‍ തീയിട്ടു. ഹൗറ ജില്ലയിലെ സംക്രയില്‍ റെയില്‍വേ സ്റ്റേഷന്‍ സമുച്ചയത്തിന്റെ ഒരു ഭാഗത്തിനും തീവച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭകാരികള്‍ റോഡ് ഉപരോധിച്ചു. പോരദംഗ, ജംഗിപുര്‍, ഫറക്ക, ബൗറിയ, നല്‍പുര്‍ സ്റ്റേഷനുകള്‍, ഹൗറ ജില്ലയിലെ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെടുത്തി. ഇതെല്ലാം രോഹിംഗ്യന്‍ അഭയാര്‍ത്ഥികളാണ്.

മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറും സമാധാനത്തിനായി അഭ്യര്‍ഥിച്ചിട്ടും പ്രതിഷേധം തുടരുകയാണ്. നിയമം കൈയിലെടുക്കുന്നവരോട് ദയ കാണിക്കില്ല. ബസുകള്‍ക്ക് തീയിടുകയും ട്രെയിനുകള്‍ തടസപ്പെടുത്തുകയും ചെയ്ത് പൊതുസ്വത്ത് നശിപ്പിക്കുന്നവര്‍ക്കുമെതിരേ നടപടിയെടുക്കുമെന്നും മമത പറഞ്ഞു.

protest bangal bill
Advertisment