വീട്ടമ്മയുടെ ഒന്നരപ്പവന്റെ വളകൾ ഊരിയെടുത്ത മോഷ്ടാവ് അവ ഒളിപ്പിച്ചുവച്ചത് പൊട്ടക്കിണറ്റിൽ ; കിണറ്റിലിറങ്ങി മുങ്ങിത്തപ്പി പൊലീസ്‌

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Sunday, December 8, 2019

കുമരകം : വീട്ടമ്മയുടെ ഒന്നരപ്പവന്റെ വളകൾ ഊരിയെടുത്ത മോഷ്ടാവ് അവ ഒളിപ്പിച്ചുവച്ചത് പൊട്ടക്കിണറ്റിൽ. പൊലീസുകാരൻ കിണറ്റിലിറങ്ങി വളകൾ കണ്ടെടുത്തു. ആശാരിശേരി ഭാഗത്ത് മണ്ണയേയ്ക്കൽ ലക്ഷംവീട് കോളനിയിൽ അനീഷാണ് വളകൾ മോഷ്ടിച്ചത്. ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം തൈപ്പറമ്പ് സരസ്വതി (90)യുടെ ഒന്നരപ്പവന്റെ വളകളാണ് വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് അനീഷ് (36) മോഷ്ടിച്ചത്.

കഴിഞ്ഞ മേയ് മാസത്തിൽ കളരിക്കൽ തോമസ് ജോസഫിന്റെ കഴുത്തിൽ നിന്നു മൂന്നരപ്പവന്റെ സ്വർണമാല ഊരിയെടുത്ത കേസിൽ പിടിയിലായ അനീഷ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വളകൾ മോഷ്ടിച്ചത്.വളകൾ മോഷണം നടത്തിയ അന്ന് തന്നെ പൊലീസ് അനീഷിനെ പിടികൂടിയെങ്കിലും കുറ്റം സമ്മതിച്ചിരുന്നില്ല.

ഇന്നലെ രാവിലെ വീണ്ടും ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചെങ്കിലും മോഷണ മുതൽ എവിടെയാണ് ഒളിപ്പിച്ചത് എന്ന് വ്യക്തമാക്കാതെ പൊലീസിനെ വട്ടംകറക്കി. വീണ്ടും ചോദ്യം ചെയ്തപ്പോൾ അനീഷിന്റെ വീടിനു സമീപത്തെ കിണറ്റിൽ വളകൾ ഇട്ടെന്നു സമ്മതിച്ചു. എസ്എച്ച്ഒ ഷിബു പാപ്പച്ചൻ, എസ്ഐ ജി.രജൻകുമാർ , സിവിൽ പൊലീസ് ഓഫിസർ സി. ടി. പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

×