ബംഗളൂരൂ: തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹത്തായ പാര്‍ട്ടിക്ക് ദാരിദ്ര്യം മനസിലാക്കാനുള്ള കഴിവില്ലെന്നും അത് 'നിഷേധാത്മകത നിറഞ്ഞതാണെന്നും അവര്‍ വികസനത്തില്‍ രാഷ്ട്രീയം ചെയ്യുന്നുവെന്നും മോദി ആരോപിച്ചു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ വെവ്വേറെ മത്സരിക്കുന്ന കോണ്‍ഗ്രസും ജനതാദളും (സെക്കുലര്‍) കര്‍ഷകരോട് വിദ്വേഷം പുലര്‍ത്തുകയാണെന്നും കര്‍ഷകര്‍ക്കുള്ള കേന്ദ്ര പദ്ധതി നടപ്പാക്കുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചെന്നും പ്രധാനമന്ത്രി ആരോപിച്ചു.
പാവപ്പെട്ടവരുടെ കഷ്ടപ്പാടും വേദനയും കോണ്‍ഗ്രസിന് ഒരിക്കലും മനസ്സിലാകില്ല. കോണ്‍ഗ്രസ് ഇവിടെ വീടുകളുടെ നിര്‍മ്മാണത്തിന്റെ വേഗത കുറച്ചു. അവര്‍ ദാരിദ്ര്യം കണ്ടിട്ടില്ല. വികസനത്തിന്റെ പേരില്‍ രാഷ്ട്രീയം ചെയ്യുന്നതും നിഷേധാത്മകത നിറഞ്ഞതുമായ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കര്‍ണാടകയിലെ കര്‍ഷകര്‍ക്കും ജനങ്ങള്‍ക്കുമുള്ള കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ വ്യാജമാണ്, തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദി പറഞ്ഞു.
'ഞങ്ങള്‍ ഈ പദ്ധതി (കിസാന്‍ സമ്മാന്‍ നിധി) ആരംഭിച്ചപ്പോള്‍ ഇവിടെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഗുണഭോക്തൃ കര്‍ഷകരുടെ പട്ടിക അയയ്ക്കുന്നതില്‍ അവര്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചു. കര്‍ഷകരോട് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് എത്രമാത്രം വിദ്വേഷമാണ് ഉള്ളതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാനാകുമോ? സര്‍ക്കാരിന് പണമൊന്നും ചെലവഴിക്കേണ്ടി വന്നില്ല, ഞങ്ങള്‍ ഡല്‍ഹിയില്‍ നിന്നാണ് പണം അയക്കുന്നത്. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് പോകുന്നതായിരുന്നു അവരുടെ പ്രശ്നം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഛത്തീസ്ഗഡും കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് വാഗ്ദ്ധാനം ചെയ്തിരുന്നെങ്കിലും കര്‍ഷകര്‍ ഇപ്പോഴും ഈ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനായി കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രം 6,000 രൂപയും സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ 4,000 രൂപയും അധികമായി ചേര്‍ത്തു, ഇത് 7 ലക്ഷത്തോളം കര്‍ഷകര്‍ക്ക് ഗുണം ചെയ്തു. എല്ലാ തിരഞ്ഞെടുപ്പിന് മുമ്പും വായ്പ എഴുതിത്തള്ളുമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ഷകരെ കബളിപ്പിക്കുകയായിരുന്നു, കര്‍ഷകര്‍ക്ക് അവരുടെ അക്കൗണ്ടില്‍ ഒന്നും ലഭിച്ചിട്ടില്ല, അവര്‍ക്ക് വായ്പ എഴുതിത്തള്ളല്‍ കൊണ്ട് പ്രയോജനമുണ്ടായിട്ടില്ല, ഇതാണ് കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖമെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന കര്‍ണാടക തിരഞ്ഞെടുപ്പ് വികസിത രാഷ്ട്രമായി മാറാനുള്ള ഇന്ത്യയുടെ യാത്രയില്‍ കര്‍ണാടകയുടെ പങ്കിനെയാണ് തീരുമാനിക്കുകയെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയെ രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമാക്കി മാറ്റുന്നതിനാണ് ഈ തിരഞ്ഞെടുപ്പ്. വികസിത ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ കര്‍ണാടകയുടെ പങ്ക് തീരുമാനിക്കാനാണ് ഈ തിരഞ്ഞെടുപ്പ്. കര്‍ണാടകയുടെ ഓരോ മൂലയും വികസിക്കുമ്പോള്‍ ഇന്ത്യ വികസിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10 ന് നടക്കും, വോട്ടെണ്ണല്‍ മെയ് 13 ന് നടക്കും.