നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പാക്കാനായി 52,000 കോടി രൂപ ചെലവഴിക്കുമെന്നു കർണാടക

New Update

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ നടപ്പാക്കാനായി 52,000 കോടി രൂപ ചെലവഴിക്കുമെന്നു കർണാടക. നിയമസഭയിൽ തന്റെ 14–ാം ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. 1.3 കോടി കുടുംബങ്ങൾക്ക് ഇതിന്റെ നേട്ടമുണ്ടാകുമെന്നാണു സർക്കാരിന്റെ അവകാശവാദം.

Advertisment

publive-image

2023–24 സാമ്പത്തിക വർഷത്തേക്കായി 3.27 ലക്ഷം കോടിയുടെ ബജറ്റാണു സിദ്ധരാമയ്യ അവതരിപ്പിച്ചത്. എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹ ജ്യോതി, എല്ലാ കുടുംബനാഥകൾക്കും മാസം തോറും 2000 രൂപ നൽകുന്ന ഗൃഹ ലക്ഷ്മി, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് 10 കിലോ സൗജന്യ അരി നൽകുന്ന അന്ന ഭാഗ്യ, ബിരുദധാരികളായ യുവാക്കൾക്ക് രണ്ടു വർഷത്തേക്ക് മാസം തോറും 3000 രൂപയും തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും നൽകുന്ന യുവനിധി, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ഉചിത പ്രയാണ എന്നീ പദ്ധതികളായിരുന്നു കോൺഗ്രസിന്റെ വാഗ്ദാനം.

പാർട്ടിയുടെ 5 വാഗ്ദാനങ്ങൾ കർണാടകയിൽ മികച്ച വിജയം നേടാൻ സഹായിച്ചെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ. 224 അംഗ നിയമസഭയിൽ 135 സീറ്റ് നേടിയാണ് ബിജെപിയെ അട്ടിമറിച്ച് കോൺഗ്രസ് ഭരണം പിടിച്ചത്. ‘‘ഇപ്പോഴത്തെ പ്രഖ്യാപനങ്ങളൊന്നും സൗജന്യങ്ങളല്ല. വികസനത്തിന്റെ ഫലങ്ങൾ പാവങ്ങളുമായി പങ്കുവയ്ക്കുകയാണ്’’– സിദ്ധരാമയ്യ വിശദീകരി‌ച്ചു. 14 ബജറ്റുകൾ അവതരിപ്പിച്ച് ധനമന്ത്രിയെന്ന നിലയിൽ പുതിയ റെക്കോർഡും സിദ്ധരാമയ്യ സ്വന്തമാക്കി.

Advertisment