ബെംഗളൂരുവില്‍ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; ജനല്‍പാളി തകര്‍ന്നു

New Update

ബംഗളൂരു: ധാര്‍വാഡ്-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്. ചെയര്‍ കാറുകളിലൊന്നിലെ ജനല്‍ പാളിയുടെ പുറം ഭാഗം തകര്‍ന്നു. ദാവന്‍ഗരെ റെയില്‍വേ സ്റ്റേഷന് സമീപം ശനിയാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ശേഷമായിരുന്നു സംഭവം. സ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കല്ലേറുണ്ടായത്. യാത്രക്കാര്‍ക്ക് പരിക്കുകളൊന്നും ഉണ്ടായില്ല. സംഭവം ട്രെയിന്‍ സര്‍വീസിനെ ബാധിച്ചില്ലെന്നും റെയില്‍വേ അറിയിച്ചു.

Advertisment

publive-image

'സി4 കോച്ചിലെ ഒരു ജനല്‍ പാളിയുടെ പുറം പ്രതലത്തില്‍ ചെറിയ കേടുപാടുകള്‍ സംഭവിച്ചു. ജനലിന്റെ ഉള്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) അന്വേഷണം ആരംഭിച്ചു', ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബെംഗളൂരുവിനും ധാര്‍വാഡിനും ഇടയിലുള്ള എക്സ്‌ക്ലൂസീവ് അള്‍ട്രാ ലക്ഷ്വറി സെമി-ഹൈ സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ജൂണ്‍ 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്.

കര്‍ണാടകയില്‍ ഇത് മൂന്നാം തവണയാണ് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ഫെബ്രുവരി 25ന് കിഴക്കന്‍ ബംഗളൂരുവില്‍ ചെന്നൈ-മൈസൂര്‍ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ നടന്ന കല്ലേറില്‍ രണ്ട് ചെയര്‍ കാറുകളുടെ ആറ് വശത്തെ ജനലുകള്‍ തകര്‍ന്നിരുന്നു. അന്നും ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടായില്ല. ഇത്തരം സംഭവങ്ങള്‍ തടയാന്‍ വന്ദേ ഭാരത് എക്സ്പ്രസിലും ദീര്‍ഘദൂര ട്രെയിനുകളിലും ആര്‍പിഎഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

Advertisment