ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ബാങ്ക് പണിമുടക്കിന് മാറ്റമില്ല. ജനുവരി 30, 31 തിയതികളില്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്ന ദ്വിദിന അഖിലേന്ത്യാ പണിമുടക്കിന് തയ്യാറെടുക്കാൻ ബാങ്ക് ജീവനക്കാരോട് അഭ്യർത്ഥിച്ച് യൂണിയൻ നേതാക്കള്‍.
ആന്ധ്രാപ്രദേശ് യൂണിയൻ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ വിജയവാഡ റീജിയണിന്‍റെ പ്രഥമ ദ്വിവത്സര സമ്മേളനം ഞായറാഴ്ച നടന്നിരുന്നു. സമ്മേളനത്തില്‍ കേന്ദ്രസർക്കാർ ആരംഭിച്ച ബാങ്കിംഗ് പരിഷ്‌കാരങ്ങൾ വ്യവസായികൾക്ക് മാത്രമാണ് ഗുണം ചെയ്യുന്നതെന്ന് യൂണിയൻ നേതാവ് ആരോപിച്ചു.
ജനുവരി 30, 31 തിയതികളില്‍ രണ്ടു ദിവസത്തെ പണിമുടക്കാണ് ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഈ ഈ രാജ്യവ്യാപക പണിമുടക്കില്‍ രാജ്യത്തെ എല്ലാ ബാങ്കുകളിലേയും പത്തുലക്ഷം ജീവനക്കാരും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്. തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് ബാങ്ക് യൂണിയനുകളുടെ പണിമുടക്ക്.
11-ാം ശമ്പളപരിഹാരം, ബാങ്കുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങൾ, പ്രമോഷനുകൾ, ശമ്പള-പെൻഷൻ ഫിക്‌സേഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിയ്ക്കുക, ശമ്പളം വര്‍ദ്ധിപ്പിക്കുക, എൻപിഎസ് നിർത്തലാക്കുക, എല്ലാ കേഡറുകളിലും നിയമന നടപടികൾ ആരംഭിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്.
ബാങ്ക് യൂണിയന്‍ പണിമുടക്കിന് ആഹ്വാനം ചെയ്ത സാഹചര്യത്തില്‍ ജനുവരി മാസത്തിലെ ആവസാന 4 ദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ അടഞ്ഞു കിടക്കും. നാലാം ശനി, ഞായര്‍, തിങ്കള്‍ ചൊവ്വ എന്നീ ദിവസങ്ങളിലാണ് ബാങ്കുകള്‍ അടഞ്ഞുകിടക്കുക. ശനി ഞായര്‍ ബാങ്ക് അവധി ദിവസങ്ങളാണ്. അതിനോട് ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. അതിനാല്‍ 4 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
രണ്ട് അവധി ദിനങ്ങള്‍ക്ക് ശേഷം രണ്ട് ദിവസത്തെ ബാങ്ക് പണിമുടക്കുകൂടി വരുന്നതിനാല്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. ഇത് രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. അതായത്, ജനുവരി അവസാനവാരം ബാങ്കിലേക്ക് പോകുന്ന ഉപഭോക്താക്കൾക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. ബാങ്ക് പണിമുടക്ക് കാരണം എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നത് വരെയുള്ള നിരവധി സേവനങ്ങളെ ബാധിച്ചേക്കും. ബാങ്ക് ഉപഭോക്താക്കൾ അവരുടെ ബാങ്ക് സന്ദർശനവും പണമിടപാടുകളും അതിനനുസരിച്ച് ആസൂത്രണം ചെയ്യാൻ നിർദ്ദേശിക്കുന്നു.