മുംബൈ: കോടികള്‍ വായ്പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്സി അടക്കമുള്ള 50 പേരുടെ 68,607 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളി. വിവരാവകാശ നിയമപ്രകാരമുള്ള (ആർടിഐ) ചോദ്യത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ആണ് മറുപടി നൽകിയത്. ആർടിഐ പ്രവർത്തകൻ സാകേത് ഗോഖലെയാണ് വിവരാവകാശ പ്രകാരം അപേക്ഷ നൽകിയത്.
‘ഫെബ്രുവരി 16ന് പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും മറുപടി നൽകാത്തതിനെത്തുടർന്നാണ് വിവരാവകാശപ്രകാരം അപേക്ഷ നൽകിയത്. സർക്കാർ എന്താണോ പുറത്തുവിടാൻ മടിച്ചത്, ആർബിഐ അതിനു ശനിയാഴ്ച (ഏപ്രിൽ 24) മറുപടി നൽകി.’ – ഗോഖലെ പറഞ്ഞു.
ആർബിഐയുടെ മറുപടിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഉള്ളതെന്നാണ് ഗോഖലെ പറയുന്നത്. 2019 സെപ്റ്റംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം വായ്പ തിരികെ അടയ്ക്കാത്ത 50 പേരുടെ കുടിശ്ശിക ഉൾപ്പെടെയുള്ള 68,607 കോടി രൂപയാണ് ബാങ്കുകൾ എഴുതിത്തള്ളിയത് എന്ന് ആർബിഐ മറുപടി പറയുന്നു.
ചോക്സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡ് ആണ് 5,492 കോടി രൂപയുടെ കടവുമായി പട്ടികയിൽ ഒന്നാമത് നിൽക്കുന്നത്. ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡിന് 1,447 കോടിയും നക്ഷത്ര ബ്രാൻഡ്സ് ലിമിറ്റഡിന് 1,109 കോടി രൂപയുമാണ് കടം. നിലവിൽ ആന്റിഗ്വ ആൻഡ് ബാർബഡോസ് ദ്വീപിലെ പൗരനാണ് ചോക്സി.
പട്ടികയിൽ രണ്ടാമതുള്ള ആർഇഐ അഗ്രോ ലിമിറ്റഡിന് 4,314 കോടി രൂപയാണ് കടം. ഇതിന്റെ ഡയറക്ടറായ സന്ദീപ് ഝുഝുൻവാലയും സഞ്ജയ് ഝുഝുൻവാലയും ഒരു വർഷമായി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നിരീക്ഷണത്തിലാണ്. മറ്റൊരു രത്നവ്യാപാരിയായ ജതിൻ മെഹ്തയുടെ വിൻസം ഡയമണ്ട്സ് ആൻഡ് ജ്വല്ലറി 4,076 കോടി രൂപയാണ് കടം. ഇത് സിബിഐ അന്വേഷിക്കുകയാണ്.
പഞ്ചാബിലെ ക്യൂഡോസ് കെമി (2,326 കോടി), ബാബാ രാംദേവ് ആൻഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ ഇൻഡോറിലുള്ള രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ് (2,212 കോടി), ഗ്വാളിയോറിലെ സൂം ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (2,012 കോടി) തുടങ്ങിയ സ്ഥാപനങ്ങൾ 2000 കോടി രൂപയ്ക്കു മുകളിൽ കുടിശ്ശിക വരുത്തിയവരാണ്.
1000 കോടി രൂപയ്ക്കു മുകളിലുള്ള വായ്പാ കുടിശ്ശിക വരുത്തിയ 18 കമ്പനികളിൽ വിവാദ വ്യവസായി വിജയ് മല്യയുടെ കിങ്ഫിഷർ എയർലൈൻസുമുണ്ട്.