/sathyam/media/post_attachments/eXeS2tm30JNMifaLaxPl.jpg)
കിഴക്കിന്റെ കാതോലിക്കാ മാരുടെ ശ്രേണിയിൽ തൊണ്ണൂറ്റി ഒന്നാമത്തെ കാതോലിക്കായും, മലങ്കരയുടെ എട്ടാമത്തെ കാതോലിക്കായും, ഇരുപത്തി ഒന്നാമത്തെ മലങ്കര മെത്രാപ്പോലീത്തായുമായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.
തൃശ്ശൂർ ജില്ലയിലെ മങ്ങാട് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ കൊള്ളന്നൂർ വീട്ടിൽ ഐപ്പിന്റെയും പുലിക്കോട്ടിൽ കുടുംബത്തിലെ കുഞ്ഞീറ്റിയുടെയും മൂന്നാമത്തെ പുത്രനായി പാവുട്ടി എന്ന് വിളി പേരുള്ള പോൾ 1946 ആഗസ്റ്റ് 30ന് തീയതി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം പഴഞ്ഞി ഗവൺമെന്റ് ഹൈസ്കൂളിൽ ആയിരുന്നു.
ഹൈസ്കൂൾ വിദ്യഭാസം പൂർത്തിയാക്കിയതിനുശേഷം തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ബിഎസ്സി ബിരുദവും, കോട്ടയം സിഎംഎസ്. കോളജിൽ എംഎയും നേടി.
കോട്ടയം വൈദികസെമിനാരിയിൽ നിന്ന് ജി എസ് ടിയും സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി ഡി ബിരുദവും സമ്പാദിച്ചു.
തുടർന്ന് 1972 ഏപ്രിൽ രണ്ടിന് പരുമല സെമിനാരിയിൽ വെച്ച് യൗപ്പദ്യക്കിനോ പട്ടവും,
1973 മെയ് 31ന് കൊരട്ടി സെമിനാരി ചാപ്പലിൽ വച്ച് പൂർണ്ണ ശെമ്മാശപട്ടവും, 1973 ജൂൺ രണ്ടിന് കൊരട്ടി സെമിനാരി ചാപ്പലിൽ വച്ച് കശീശ്ശാപട്ടവും കൊച്ചി ഭദ്രാസനാധിപനായിരുന്ന അഭി. യൂഹാനോൻ മാർ സേവേറിയോസ് മെത്രാപ്പോലീത്തയിൽ നിന്നും സ്വീകരിച്ചു.
മൂലേപ്പാടം, എറണാകുളം സെന്റ് മേരിസ് എന്നീ ദേവാലയങ്ങൾ സഹവികാരിയായി സേവനം അനുഷ്ഠിച്ചു.
1982 ഡിസംബർ 28ന് തിരുവല്ലയിൽ ചേർന്ന മലങ്കര അസോസിയേഷൻ മേൽപട്ട സ്ഥാനത്തേക്ക് ഇദ്ദേഹത്തെ തെരഞ്ഞെടുത്തു. ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുമ്പോൾ പോളച്ചന് 36
വയസ് മാത്രമായിരുന്നു പ്രായം.1983 മെയ് 14ന് പരുമല സെമിനാരിയിൽ വെച്ച് പിന്നീട് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവായായി ഉയർത്തപ്പെട്ട മാത്യൂസ് മാർ കൂറിലോസ് നിന്ന് റമ്പാൻ സ്ഥാനവും, 1985 മെയ്15ന് മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ യിൽ നിന്ന് 38 വയസ്സിൽ കെ. ഐ. പോൾ റമ്പാച്ചൻ പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ എപ്പിസ്കോപ്പ സ്ഥാനവും സ്വീകരിച്ചു.
അഭിവന്ദ്യരായ മാത്യൂസ് മാര്‍ എപ്പിഫാനിയോസ് , ഫിലിപ്പോസ് മാർ യൗസേബിയോസ് , തോമസ് മാര്‍ അത്താനാസിയോസ് , ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് എന്നിവരാണ് ഒപ്പം മേല്‍പ്പെട്ടസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടത്. തുടർന്ന് 1985 ആഗസ്റ്റ് 31 മുതൽ പുതിയതായി രൂപീകരിക്കപ്പെട്ട കുന്നംകുളം ഭദ്രാസനത്തിന്റെ മെത്രാപ്പോലിത്തായായി ചുമതലയേറ്റു. 2006 ൽ പരുമലയിൽ കൂടിയ മലങ്കര അസോസിയേഷൻ പൗരസ്ത്യ കാതോലിക്കയുടെയും, മലങ്കര മെത്രാപ്പോലീത്തയുടെയും പിൻഗാമിയായി തെരഞ്ഞെടുത്തു.
2010 നവംബർ ഒന്നാം തീയതി പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ എന്ന നാമത്തിൽ മലങ്കര സഭാധ്യക്ഷനായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു.ഇതര ക്രൈസ്തവ സഭകളുമായി മികച്ചബന്ധമായിരുന്നു ബാവാ പുലർത്തിയത്. 2013 സെപ്റ്റംബർ 5ന് വത്തിക്കാനിൽ പ്രത്യേക ക്ഷണിതാവായി എത്തി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി.
2013 സെപ്റ്റംബർ 9ന് ആംഗ്ലിക്കൻ സഭാ ആസ്ഥാനമായ ലാംബെത് പാലസിൽ നടന്ന എക്യൂമിനിക്കല്‍ സമ്മേളനത്തിലും ഒക്ടോബർ 3ന് വിയന്നയിൽ പ്രൊഓറിയന്റൽ എക്യൂമിനിക്കല്‍സമ്മേളനത്തിലും മുഖ്യാതിഥിയായി പങ്കെടുത്തു. 2012 നവംബർ 18 ന് കെയ്‌റോയിൽ നടന്ന കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവൻ പരിശുദ്ധ തെവോദ്രോസ് രണ്ടാമന്റെ സ്ഥാനാരോഹണ ശ്രുശ്രൂഷയിൽ പ്രത്യേക ക്ഷണിതാവായും, 2013 ഫെബ്രുവരി 28 ന് എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ പരിശുദ്ധ ആബൂനാ മത്യാസ്പാ ത്രിയാര്‍ക്കീസിന്റെ സ്ഥാനാരോഹണത്തിൽ മുഖ്യാതിഥിയായും പങ്കെടുത്തതും ഇതിന് തെളിവാണ്.
2018 മാർച്ച് മാസം 23 ആം തീയതി ദേവലോകം അരമന ചാപ്പലിൽ വച്ച് മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂറോൻ കൂദാശയും നടത്തി. തിരുമേനിയുടെ തുലികയിൽ നിന്നും ജന്മം എടുത്ത കൃതികളാണ് വചനം വിടരുന്നു, വിനയ സ്മിതം , നിഷ്കളങ്കതയുടെ സൗന്ദര്യം , അനുഭവങ്ങൾ ധ്യാനങ്ങൾ എന്നിവ. കടന്നുവന്ന വഴികളിൽ നേരിട്ട കഷ്ടപ്പാടുകൾ അഗ്നിയിൽ ഉരുക്കപ്പെട്ട പൊന്നുപോലെ മാറാൻ തന്നെ സഹായിച്ചെന്ന് ബാവാ പറഞ്ഞിരുന്നു. സഭക്ക് വേണ്ടിയും അതിന്റെ സ്വാതന്ത്ര്യത്തിനും സ്വയം ശീര്‍ഷകതയ്ക്കും വേണ്ടി ത്യാഗങ്ങൾ സഹിക്കാനും, പോരാടുവാനുമുള്ള ധൈര്യവും സഹനവുമായിരുന്നു ബാവായുടെ മുഖമുദ്ര യെന്ന് വിശ്യാസികൾ ഒർക്കുന്നതും അതുകൊണ്ടാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us