ബട്ട്വാരാ കാ ഇതിഹാസ് പരമ്പര – 8 : ദ്വിരാഷ്ട്ര സിദ്ധാന്തം വെളിച്ചം കാണുന്നു

സത്യം ഡെസ്ക്
Wednesday, October 28, 2020

-സിപി കുട്ടനാടൻ

ഉദാര വർഗീയ കാലഘട്ടത്തിലൂടെ നമ്മൾ കഴിഞ്ഞ ലക്കത്തിൽ കടന്നുപോയി, ഇനി തുടർ സംഭവങ്ങളിലേക്ക് യാത്ര ചെയ്യാം.

മുൻ ബ്രിട്ടീഷ് ഇന്ത്യൻ സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന സാമുവൽ ഹോയർ സായിപ്പിൻ്റെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ലോർഡ് ലിൻലിത്ഗോ അധ്യക്ഷനായ സംയുക്ത പാർലമെൻററി സെലക്ട് കമ്മിറ്റി തയ്യാറാക്കിയ ഗവണ്‍മെൻ്റ ഓഫ് ഇന്ത്യ ആക്ട് ബ്രിട്ടീഷ് പാർലമെണ്ടിൽ 1935 ഓഗസ്റ്റ് 2ന് പാസ്സായി. ഇത് അക്കാലത്തെ വലിയ ചർച്ചാ വിഷയങ്ങളിലൊന്നായിരുന്നു.

1936ൽ വൈസ്രോയ് പദത്തിലേക്ക് ലിൻലിത്ഗോ പ്രഭു നിയമിതനായി. ലിൻലിത്‌ഗോ സായിപ്പിൻ്റെ ഭരണത്തിൻ്റെ പ്രാരംഭ കാലഘട്ടങ്ങളിൽ തൻ്റെ മുൻഗാമികളെ അപേക്ഷിച്ച് അസ്വസ്ഥതകൾ ഏറെയൊന്നും കേൾക്കാനുണ്ടായിരുന്നില്ല. എന്നാൽ പലവിധമായ വർഗീയ പ്രശ്‍നങ്ങളും രാജ്യത്തിൻ്റെ പല കോണുകളിലും സംഭവിച്ചുകൊണ്ടിരുന്നു.

പാകിസ്ഥാൻ വാദവും പല സമയങ്ങളിലായി പൊതുജന മദ്ധ്യത്തിൽ വിചാരണ ചെയ്യപ്പെടുകയും ചെയ്തു.ഈ ഘട്ടങ്ങളിലൊന്നും മുസ്ലിം വർഗീയ വാദത്തെ നിയന്ത്രിക്കാൻ കോൺഗ്രസ്സിന് സാധിച്ചില്ല, ഇടതു പക്ഷം രാഷ്ട്രീയ ഇസ്‌ലാമിനോട് സമരസപ്പെടുന്ന നിലപാട് സ്വീകരിച്ചു, പാകിസ്ഥാൻ വാദം തെറ്റല്ല എന്നഭിപ്രായപ്പെട്ടു.

1937ൽ പ്രവിശ്യകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു. നിയന്ത്രിത വോട്ടവകാശത്തെയും പ്രത്യേക നിയോജക മണ്ഡലങ്ങളെയും അടിസ്ഥാനപ്പെടുത്തി പ്രവിശ്യകളിലേക്കു നടന്ന തിരഞ്ഞെടുപ്പ് മുസ്‌ലിം ലീഗിന് പരാജയം നൽകിയെങ്കിലും അക്ഷരാർത്ഥത്തിൽ ലീഗിനെ വളർത്തുകയാണുണ്ടായത്.

ലീഗിനെ ജയിപ്പിക്കാൻ സാധിക്കാത്ത മുസൽമാന്മാരെ എന്തിനു കൊള്ളാം, കോൺഗ്രസ്സിന് മുസൽമാൻ എന്തിനു വോട്ടു ചെയ്യണം എന്നൊക്കെയുള്ള പ്രചാരണ മുദ്രാവാക്യങ്ങൾ രാഷ്ട്രീയ ഇസ്‌ലാമിലെ മൗലിക വാദത്തെ പെട്ടന്ന് സ്വാധീനിച്ചു,

മുസ്ലീമുകളിൽ ഒരു വലിയ പറ്റം ആളുകൾ കോൺഗ്രസ്സിനെ വിട്ട് ലീഗിനോട് അനുഭാവം പുലർത്തുന്നതായിരുന്നു തിരഞ്ഞെടുപ്പിൻ്റെ അനന്തര ഫലം. രാഷ്ട്രീയമായി ഹിന്ദുക്കൾ ഏക സ്വരമുയർത്താതെ നിൽക്കുന്ന അവസ്ഥ പലപ്പോഴും സവർക്കർ, മദന്മോഹന മാളവ്യ, ബി എസ് മുഞ്ചേ, ശ്യാമപ്രസാദ് മുഖർജി, നിർമൽ ചന്ദ്ര ചാറ്റർജി മുതലായ നേതാക്കളിൽ ആഴത്തിലുള്ള പ്രവർത്തനത്തിന് വഴിയൊരുക്കി.

1937ൽ കോൺഗ്രസ്സിൻ്റെ വനിതാ വിഭാഗമായ എ.ഐ.ഡബ്ല്യു.സിയിൽ ഹരിജൻ സ്ത്രീകളോട് അയിത്താചരണം നടത്തിയതിനെ തുടർന്ന് രമാബായ് അംബേദ്കറിൻ്റെ നേതൃത്വത്തിൽ ഒരുപറ്റം ഹരിജൻ യുവതികൾ കോൺഗ്രസ്സ് വിട്ടു.

പിന്നോക്ക വനിതാ സമ്മേളനത്തിൽ കോൺഗ്രസ്സ് നേതാവായിരുന്ന വിദ്യാഭ്യാസ വിദഗ്ധൻ ജയ്ബായ് ചൗധരി ദളിത് സ്ത്രീകൾക്ക് ഭക്ഷണ സമയത്ത് പ്രത്യേക സീറ്റുകൾ നൽകിയതായിരുന്നു പ്രകോപനം.

ഇതൊക്കെ നടന്നുകൊണ്ടിരിയ്ക്കുമ്പോഴാണ് 1937ൽ സർവരെയും ഞെട്ടിച്ചു കൊണ്ട് കുപ്പിയിലടക്കിയിരുന്ന ഭൂതം പുറത്തു ചാടി, റഹ്മത്തലിയുടെ ഭ്രാന്തൻ സ്വപ്നമാണ് പാകിസ്ഥാൻ എന്നു പറഞ്ഞു ഭാരതീയ രാഷ്ട്രീയ നേതൃത്വത്തിൻ്റെ ശ്രദ്ധ അകറ്റിയ ജിന്നയുടെ തനി നിറം പുറത്തു വന്നു.

മുഹമ്മദലി ജിന്ന ദ്വിരാഷ്ട്ര വാദം ഉന്നയിച്ചു. 1867ൽ ഇന്ത്യയിൽ ഇസ്ലാമിക രാജ്യം വേണം എന്ന് സയ്യദ് മുഹമ്മദ്‌ അലിഖാൻ വാദിച്ചിരുന്നുവെന്നും മറ്റും സൈദ്ധാന്തിക പരിസരമൊരുക്കുന്ന വാദങ്ങൾ പ്രസംഗിച്ചു. ഇതിനെ “പാകിസ്ഥാൻ ഡിമാൻ്റ” എന്നാണ് ചരിത്രത്തിൽ വിശേഷിപ്പിക്കുന്നത്. ഇതോടെ മുസ്ലീങ്ങളുടെ ബഹുജന ആവശ്യമായിത്തീർന്നു “ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാൻ” എന്നത്.

ഇത്രയുമായതോടെ വി ഡി സവർക്കറും കൂട്ടരും ആഞ്ഞടിക്കുവാൻ തുടങ്ങി. 1938ൽ ഹിന്ദുമഹാസഭയുടെ അദ്ധ്യക്ഷപദം ഏറ്റെടുത്ത സവർക്കർ, ഹിന്ദുക്കൾ സ്വയം ഒരു രാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചു.

ഹിന്ദു രാഷ്ട്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ ജനങ്ങളിൽ എത്തിക്കാൻ രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നതിൽ അദ്ദേഹം വിജയിച്ചു.

കോൺഗ്രസ്സും ഇടതു പക്ഷവും സവർക്കറെ എതിർത്തു . മഹാത്മജി സവർക്കറുടെ നീക്കങ്ങളെ കുറ്റപ്പെടുത്തി ബംഗാളിൽ പ്രസംഗിച്ചു.

സവർക്കറും വെറുതെയിരുന്നില്ല. ഭാരതത്തെ വെട്ടി മുറിക്കണമെന്ന് ബഹു ജന മുസ്ലിം വർഗീയത ആവശ്യപ്പെടുന്ന ഘട്ടം വരെയും ഗാന്ധിയും കോൺഗ്രസ്സും ഇടതു പക്ഷവും മൂഢ സ്വർഗ്ഗത്തിലായിരുന്നോ എന്നദ്ദേഹം ചോദിച്ചു.

ജിന്ന പ്രചരിപ്പിക്കുന്നതും നേടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നതും തെറ്റാണെന്ന് പറയുവാനുള്ള ആർജവം കോൺഗ്രസ്സിനുണ്ടോ എന്നദ്ദേഹം പലയിടങ്ങളിൽ പ്രസംഗിച്ചു.

ആർ എസ് എസ് സർസംഘചാലക് ആയിരുന്ന മാധവ സദാശിവ ഗോൾവൽക്കറും പലയിടങ്ങളിൽ വച്ച് മഹാത്മജിയെ വിമർശിച്ചു.

1939 സിന്ധി ബൈഠക്കിൽ വച്ചാണ് ആർഎസ്എസ് ശാഖകളിൽ അവസാനമായി ചൊല്ലുന്ന “നമസ്തേ സദാവത്സലേ” എന്ന് തുടങ്ങുന്ന സംഘപ്രാർത്ഥന തീരുമാനിയ്ക്കപ്പെട്ടത്.

അതേ ബൈഠക്കിൻ്റെ സമാരോപ് ബൗദ്ധിക്കിൽ, മുസ്ലിം വർഗീയതയോട് സമരസപ്പെടുന്നവർ തങ്ങളെ വിമർശിക്കേണ്ട എന്ന് അദ്ദേഹം പറഞ്ഞു.

ഇത്രയുമായതോടെ രംഗം കൂടുതൽ വഷളായി. ശാന്തി യാത്രകളുമായി മഹാത്മജി രംഗത്തിറങ്ങി. മഹാത്മജിയുടെ ശാന്തി യാത്രകളിൽ പൊതു ജന മനസ്സ് ഒന്നടങ്ങിയപ്പോൾ സവർക്കറും കൂട്ടരും അൽപ്പം തണുത്തു.

അപ്പോഴേക്കും ഇടിത്തീ പോലെ ലീഗിൻ്റെ സമ്മേളനം ലാഹോറിൽ നടന്നു 1940 മാർച്ചിലാണ്‌ ലീഗ് സമ്മേളനം നടത്തിയത്. ഈ സമ്മേളനത്തിൽ ജിന്ന ഔദ്യോഗികമായി പാകിസ്ഥാൻ പ്രമേയം അവതരിപ്പിക്കുകയും മുസ്ലിംലീഗിൻ്റെ പൂർണമായ പിന്തുണ ആർജിക്കുകയും ചെയ്തു.

ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തെ ഇങ്ങനെ സംഗ്രഹിക്കാം

1, ഹിന്ദുക്കളും മുസ്ലിംകളും രണ്ടു വ്യത്യസ്ഥ രാഷ്ട്രങ്ങളാണ്

2, സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും സാംസ്കാരികമായും ചരിത്രപരമായും അവർ രണ്ട് വ്യത്യസ്ഥ ജനതകളാണ്

3, അവരുടെ മത ദർശനങ്ങൾ സാമൂഹികാചാരങ്ങൾ ഭക്ഷണ രീതികൾ സാഹിത്യം എന്നിവയെല്ലാം വിഭിന്നങ്ങളാണ്

4, മുസ്ലീമുകൾക്ക് അറേബ്യൻ വംശത്തോടുള്ള അനുഭാവം ഹിന്ദുക്കളായവർക്കില്ല

5, ഈ കാരണങ്ങളാൽ ഹിന്ദുക്കൾക്കും മുസ്ലീമുകൾക്കും ഒരുമിച്ചു ജീവിക്കുവാനോ പൊതു ദേശീയത്വം രൂപപ്പെടുത്തുവാനോ സാധ്യമല്ല

ഇതു കൂടാതെ ഇന്ത്യയിൽ മുസ്ളീം ഭൂരിപക്ഷമുള്ള സ്വതന്ത്ര സ്റ്റേറ്റുകൾ സ്ഥാപിക്കണമെന്ന് ലീഗ് സമ്മേളനം പ്രമേയവും പാസ്സാക്കിയതോടെ എല്ലാം വീണ്ടും കലങ്ങി മറിഞ്ഞു. താമസിയാതെ പൊതു വേദികളിൽ ഇന്ത്യയെ വിഭജിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടാൻ തുടങ്ങി

ആർ എസ് എസ് അതിശക്തമായി ഇതിനെതിരെ രംഗത്തെത്തി. ഇന്നത്തെ നാലോ അഞ്ചോ സംസ്ഥാനങ്ങളിൽ മാത്രം സ്വാധീനമുണ്ടായിരുന്ന ആർ എസ് എസ് മറ്റു സ്ഥലങ്ങളിലെക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഇന്ത്യാ വിഭജനത്തിനെതിരെ കവിതകൾ എഴുതി, പലയിടത്തും ആർ എസ് എസ് സമ്മേളനങ്ങൾ നടത്തി എന്തു കൊണ്ട് ദ്വിരാഷ്ട്ര വാദം പാടില്ല എന്ന് സൈദ്ധാന്തിച്ചു.

എന്നാൽ ഈ സമര മുഖത്തു നിന്നും ഹിന്ദുമഹാസഭ കളമൊഴിയുന്ന അവസ്ഥ സംജാതമായി. രണ്ടാം ലോക മഹായുദ്ധത്തിൽ ഗാന്ധിജിയുടെ നിലപാടുകളിൽ തിരുത്തൽ വേണമെന്ന ആവശ്യത്തിനായി ഹിന്ദുമഹാസഭ പ്രചാരണം ആരംഭിച്ചു.

രാഷ്ട്രീയ രംഗം പല വിധ വിഷയങ്ങളാൽ കലുഷിതമായി. ബാക്കി സംഭവങ്ങൾ അടുത്ത ലക്കത്തിൽ പറയാം

 

 

×