Advertisment

ബട്ട്വാരാ കാ ഇതിഹാസ് പരമ്പര -5 : രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ രൂപീകരണം

author-image
സത്യം ഡെസ്ക്
Updated On
New Update

-സിപി കുട്ടനാടൻ

Advertisment

രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ (ആർഎസ്എസ്) സ്ഥാപനം അത്രയ്ക്കും വാർത്താ പ്രാധാന്യമുള്ള കാര്യമായിരുന്നില്ല അക്കാലത്ത്. ഇങ്ങനെയൊരു സംഘടന സ്ഥാപിച്ച കാര്യം അതിൻ്റെ സ്ഥാപകനൊഴികെ (ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ) മറ്റാരും അറിഞ്ഞിരുന്നില്ല എന്നതാണ് വസ്തുത. എന്നാൽ ചരിത്രാതീതമായ പ്രസക്തി ആർഎസ്എസിന് ലഭിയ്ക്കുന്നത് പിൽക്കാലത്താണ്.

publive-image

ലോകമാന്യ ബാല ഗംഗാധര തിലകൻ്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിയാണ് ശ്രീ. കെ. ബി. ഹെഡ്ഗേവാർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, രാഷ്ട്രീയ മണ്ഡൽ എന്നീ ദേശീയ സ്വാതന്ത്ര്യ സമര പ്രക്ഷോഭ പ്രസ്ഥാനങ്ങളിൽ സജീവമാകുന്നത്.

ലോകമാന്യ തിലകൻ്റെ നേതൃത്വത്തില്‍ നടക്കുന്ന പൗരുഷത്തിൻ്റെ ഉണർത്തുന്ന മാര്‍ഗ്ഗത്തിലൂടെയുള്ള സമര രീതിയും അതിനായി ഭഗവദ് ഗീതയെ അദ്ദേഹം ആശ്രയിച്ചതുമൊക്കെ ഡോ. ഹെഡ്ഗേവാറിനെ അദ്ദേഹത്തിൻ്റെ ആരാധകനാക്കി.

publive-image

അഹിംസയിലൂന്നിയ സമരങ്ങൾ ഡോ. ഹെഡ്ഗേവാറിനെ ഒരിയ്ക്കലും ആവേശം കൊള്ളിച്ചിരുന്നില്ല. ലോകമാന്യ തിലകൻ്റെ മരണാനന്തരം മഹാത്മജി കോൺഗ്രസ്സ് നേതൃത്വത്തിലേക്കെത്തിക്കൊണ്ട് ദേശീയ പ്രക്ഷോഭങ്ങളുടെ നെടുനായകത്വം ഏറ്റെടുത്തു. ഭാരത ജനതയെ സംഘടിപ്പിയ്ക്കുന്നതിൽ മഹാത്മാവിനുള്ള കഴിവ് അപാരമായിരുന്നു.

ദേശീയ സമരം കൊടുമ്പിരി കൊണ്ടപ്പോൾ അതിലെ സജീവ പ്രവർത്തകനായിരുന്നു കെബി ഹെഡ്ഗേവാർ, എന്നാൽ ഖിലാഫത്ത് പ്രസ്ഥാനം കൂടെ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ നടത്താനുള്ള പ്രീണന പദ്ധതി സദുദ്ദേശ്യത്തോടെ ഗാന്ധിജി കൊണ്ടുവന്നപ്പോൾ അതിലെ മറ്റൊരു പെർസ്‌പെക്ടീവ് ചൂണ്ടിക്കാട്ടി ഇത് നല്ലതല്ല എന്ന് ഡോ. ഹെഡ്ഗേവാർ പറഞ്ഞു.

publive-image

നിസ്സഹകരണ സമരത്തിൻ്റെ കൂട്ടിനായി ഖിലാഫത്ത് പ്രസ്ഥാനത്തെയും ഗാന്ധിജി പിന്തുണച്ചപ്പോൾ. ആ സമരാങ്കണത്തില്‍ വെച്ചു പോലും ഗാന്ധിജിയുടെ സഹപ്രവർത്തകരും ഖിലാഫത്ത് പ്രസ്ഥാനക്കാരുമായിരുന്ന ആലി സഹോദരന്മാര്‍ ഗാന്ധിത്തൊപ്പി ധരിച്ചിരുന്നില്ല എന്നതും ഡോ. ഹെഡ്ഗേവാറിനെ മാറ്റി ചിന്തിപ്പിച്ചു.

1921 ആഗസ്റ്റ്‌ 19 മുതൽ 1922 ജൂലായ്‌ 12 വരെ ഡോ. ഹെഡ്ഗേവാർ ജയിൽ വാസത്തിലായിരുന്നു. ഇക്കാലയളവിലാണ് മലബാർ കലാപം നടന്ന കാര്യം അദ്ദേഹം അറിയുന്നത്. ഖിലാഫത്തു പ്രസ്ഥാനം തിരിഞ്ഞു കടിയ്ക്കും എന്ന അദ്ദേഹത്തിൻ്റെ നിരീക്ഷണം വെറുതെ ആയില്ല എന്നതിനാൽ അദ്ദേഹം കോൺഗ്രസ്സിൻ്റെ സജീവ പ്രവർത്തനത്തിൽ നിന്നും വിട്ടൊഴിയുവാൻ തീരുമാനിച്ചു.

publive-image

1921ല്‍ ജയില്‍ മോചിതനായ സവര്‍ക്കര്‍ ആദ്യ വര്‍ഷങ്ങളില്‍ മഹാരാഷ്ട്രയിൽ തന്നെ വീട്ടു തടങ്കലില്‍ ആയിരുന്നു. പിന്നിട് അത് രത്‌നഗിരിക്ക് പുറത്ത് പോകാനോ, പൊതുയോഗങ്ങളില്‍ പങ്കെടുക്കുവാനോ പാടില്ല എന്നാക്കി ഇളവ് ചെയ്തു.

സവർക്കറുടെ ദേശീയ കാഴ്ചപ്പാടിനോടും, ദേശീയ സമരത്തിൽ അദ്ദേഹം അനുഭവിച്ച ദുർഘടങ്ങളോടും അത്യധികം ബഹുമാനം പുലർത്തിയിരുന്നു ഡോ. ഹെഡ്ഗേവാർ. സവർക്കറുടെ പ്രവർത്തങ്ങളെപ്പറ്റി നിരവധി കാര്യങ്ങൾ അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതിലൊക്കെ അദ്ദേഹം അഭിമാനം കൊണ്ടു.

ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന കോളനിവാസികളായ മുഴുവന്‍ വിദ്യാര്‍ഥികളും എടുക്കേണ്ടതായിരുന്ന, ബ്രിട്ടീഷ് രാജ്ഞിയോടുള്ള അചഞ്ചലമായ കൂറും വിധേയത്വവും പ്രഘ്യാപിക്കുന്ന, 'ഓത്ത് ഓഫ് അലീജിയന്‍സ്' എന്ന പ്രതിജ്ഞ എടുക്കുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു. മഹാത്മാ ഗാന്ധി മുതല്‍ ജവഹര്‍ലാല്‍ നെഹ്‌റു വരെ ഉള്ള അക്കാലത്തെ ബാരിസ്റ്റർമാർ ഈ പ്രതിജ്ഞ ചെയ്തവരായിരുന്നു.

publive-image

എന്നാൽ 'ഓത്ത് ഓഫ് അലീജിയന്‍സ്' പ്രതിജ്ഞയെടുക്കാന്‍ വിസമ്മതിച്ചതിൻ്റെ പേരില്‍, ഉന്നത വിജയം സ്വന്തമാക്കിയ ശേഷവും ഡിഗ്രിയും ബാരിസ്‌റ്റെര്‍ പദവിയും നിഷേധിക്കപ്പെട്ട ആദ്യ ഭാരതീയനാണ് വിനായക ദാമോദര സവര്‍ക്കര്‍ എന്ന് ഡോ. ഹെഡ്ഗേവാർ മനസ്സിലാക്കി. വിഡി സവർക്കറുടെ ജീവിതവും ഡോ. ഹെഡ്ഗേവാറിനെ പ്രചോദിതനാക്കിയിട്ടുണ്ടാവണം എന്ന് കരുതേണ്ടിവരും

അങ്ങനെ,1925 സെപ്റ്റംബർ 27 വിജയ ദശമിയ്ക്ക്  മഹാരാഷ്ട്രയിലെ നാഗ്പൂരിനു സമീപത്തുള്ള മോഹിതവാഡ ഗ്രൗണ്ടിൽ കുറച്ചു കുട്ടികളെ വിളിച്ചു കൂട്ടി ഒരു സംഘടന തുടങ്ങുന്നതായി ഡോ. ഹെഡ്ഗേവാർ പ്രഖ്യാപിച്ചു.

ഭാരതത്തിൽ വൈദേശിക കടന്നു കയറ്റം എങ്ങനെ സംഭവിച്ചു, അതിൻ്റെ കാരണങ്ങൾ എന്തൊക്കെ, ഭാരത ഭൂമിയുടെ ഉജ്ജ്വലമായ പൂർവ ചരിത്രം ഉത്ബോധിപ്പിയ്ക്കേണ്ടതിൻ്റെ ആവശ്യകത എന്നവയെപ്പറ്റിയായിരുന്നു അദ്ദേഹം നിരന്തരമായി സംസാരിച്ചുകൊണ്ടിരുന്നത്.

സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ലഭിച്ച സ്വാതന്ത്ര്യത്തെ എങ്ങനെ സംരക്ഷിയ്ക്കണം എന്നതിനെക്കുറിച്ചും ഡോ. ഹെഡ്ഗേവാറിന് ആശയ വ്യക്തത ഉണ്ടായിരുന്നു. ദൈനംദിനം മോഹിത് വാഡ ഗ്രൗണ്ടിൽ കുട്ടികൾ എത്തുകയും അത് ശാഖ എന്ന് വിളിയ്ക്കപ്പെടുകയും ചെയ്തു. 1926 ഏപ്രിൽ 17ന് സംഘടനയ്ക്ക് രാഷ്ട്രീയ് സ്വയംസേവക് സംഘ് (ആർഎസ്എസ്) എന്ന് പേര് നൽകി.

publive-image

ഇതൊന്നും അന്നത്തെ പത്രങ്ങളിൽ റിപ്പോർട് ചെയ്യപ്പെട്ട കാര്യങ്ങളല്ല. പത്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടത്തക്ക പ്രാധാന്യമൊന്നും ആരും ആർഎസ്എസിന് 1938 വരെയും കല്പിച്ചിരുന്നില്ല പല പ്രമുഖ വ്യക്തികളുമായി ഡോ. ഹെഡ്ഗേവാർ നടത്തിയ കത്തിടപാടുകളുടെയും ഡയറി രേഖകളുടെയും അടിസ്ഥാനത്തിലാണ് ഇതൊക്കെ പറയുന്നത്.

ഇങ്ങനെ ഒരു വശത്ത് തുച്ഛമെങ്കിലും നിശബ്ദമായി ആർഎസ്എസ് പ്രവർത്തനം ആരംഭിച്ചു. ഭാരത രാഷ്ട്രം, ഹിന്ദു നവോത്ഥാനം എന്നിങ്ങനെയുള്ള രണ്ടേ രണ്ടു നിലപാടുകളിലേയ്ക്ക് തത്കാലം നമുക്ക് ആർഎസ്എസ് ആവിർഭാവത്തെ ചുരുക്കാം. തുടർ സംഭവങ്ങൾ അടുത്ത ലക്കത്തിൽ തുടരാം….

 

batwara ka itihas
Advertisment