സഹോദരനെ തല്ലിയതിന്‌ പകരം ചോദിക്കാൻ സ്കൂളിലെത്തി ; കാറുമായി വഴിയിൽ നിലയുറപ്പിച്ച ‘കുട്ടി ഗുണ്ടാ സംഘത്തെ’ നാട്ടുകാർ നോട്ടമിട്ടതോടെ ‘ക്വട്ടേഷൻ’ പാളി ; പരിശോധനയില്‍ കാറിന്റെ സീറ്റിനടിയില്‍ നിന്നും കണ്ടെടുത്തത് കഞ്ചാവും , അനിയന്റെ ഉത്തരക്കടലാസുകള്‍ മുതല്‍ ഗര്‍ഭനിരോധന ഉറ വരെ ; പിടിയിലായത് പോളിടെക്‌നിക്കിലും ഐടിഐയിലും പഠിക്കുന്ന നാല് വിദ്യാര്‍ത്ഥികള്‍ ; തൊടുപുഴയില്‍ നടന്നത്..

ന്യൂസ് ബ്യൂറോ, ഇടുക്കി
Thursday, December 5, 2019

തൊടുപുഴ : സഹോദരനെ തല്ലിയത് പകരം ചോദിക്കാൻ സ്കൂളിലെത്തിയ യുവാവും സുഹൃത്തുക്കളും കഞ്ചാവുമായി പൊലീസ് പിടിയിൽ. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ പരിസരത്തുനിന്നാണ് രണ്ടു പൊതികളിലായി 11 ഗ്രാം കഞ്ചാവുമായി 4 വിദ്യാർഥികൾ പൊലീസ് പിടിയിലായത്.

പോളി ടെക്നിക്കിലും ഐടിഐയിലും പഠിക്കുന്നവരാണ് നാല് വിദ്യാർഥികളും. മുൻപ് പല കേസുകളിലും സംശയത്തെ തുടർന്ന് പൊലീസ് നിരീക്ഷണം നടത്തിവന്നവരാണ് ഇപ്പോൾ പിടിയിലായത്. ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി.

കടനാട് സ്വദേശി വല്യത്ത് ബിറ്റോ ബേബി (19), കുഞ്ചിത്തണ്ണി പുത്തൻവീട്ടിൽ അനന്തു(22), മടക്കത്താനം ശ്രീശൈലത്തിൽ അനന്തകൃഷ്ണൻ(19), മുനിയറ പുത്തൻപുരയിൽ അശ്വിൻ സന്തോഷ്(18) എന്നിവരാണ് പിടിയിലായത്

സ്കൂൾ കുട്ടികൾക്ക് കച്ചവടം ചെയ്യാനായി ചെറിയ പൊതികളാക്കി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ബിറ്റോ ബേബിയുടെ കാറിൽ ഡ്രൈവിങ് സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികൾ. ഇവരെ മുൻ‌പും സ്കൂൾ പരിസരത്ത് കണ്ടിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ കഴിഞ്ഞ ദിവസം കുട്ടികൾ തമ്മിലുണ്ടായ അടിപിടിയുടെ ബാക്കിയാണ് ഇന്നലെ രാവിലെ സ്കൂൾ പരിസരത്ത് ഉണ്ടായത്. വിദ്യാർഥികൾ തമ്മിൽ അടിയുണ്ടായതിൽ പരുക്കേറ്റ് ആശുപത്രിയിലായ സഹോദരനു വേണ്ടി പകരം ചോദിക്കാനാണ് ബിറ്റോ ബേബി തന്റെ കൂട്ടുകാർക്കൊപ്പം രാവിലെ തന്നെ സ്കൂളിനു മുന്നിലെത്തിയത്. സഹോദരനെ തല്ലിയ കുട്ടി സ്കൂളിൽ കയറുന്നതിനു മുൻപ് വഴിയിൽ നിർത്തി തല്ലാനായിരുന്നു പ്ലാൻ

ഇതിനായി കാറുമായി വഴിയിൽ നിലയുറപ്പിച്ച ‘കുട്ടി ഗുണ്ടാ സംഘത്തെ’ നാട്ടുകാർ നോട്ടമിട്ടതോടെയാണ് ‘ക്വട്ടേഷൻ’ പാളിയത്. പൊലീസ് എത്തി 4 പേരെയും വണ്ടിയിലാക്കി സ്ഥലം വിട്ടു. തുടർന്നു കാർ പരിശോധിച്ചതോടെയാണ് ‘ട്വിസ്റ്റ്’. സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 2 പൊതി കഞ്ചാവ് കണ്ടെടുത്തു. ഇതോടെ 4 പേരെയും തിരികെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.

കാറിൽ നിന്ന് ബിറ്റോയുടെ അനിയന്റെ ഉത്തരക്കടലാസുകൾ മുതൽ ആയുർവേദ ഗുളികകളും ഗർഭനിരോധന ഉറ വരെ കണ്ടെടുത്തു. കഴിഞ്ഞ ദിവസം അൽ അസർ കോളജ് പരിസരത്തുനിന്ന് കഞ്ചാവ് വിൽപന നടത്തുന്നതിനിടെ പിടിയിലായ ആളുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും എസ്ഐ എം.പി.സാഗർ പറഞ്ഞു.

×