മെയ് പകുതിയോടെ കൊവിഡ് അവസാനിക്കും!; കൊവിഡിന്റെ അന്ത്യം പ്രവചിച്ച പ്രശസ്ത ജ്യോതിഷി കൊറോണ ബാധിച്ച് മരിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, June 1, 2020

അഹമ്മദാബാദ്: രാജ്യത്തെ കൊവിഡിന്റെ അന്ത്യം പ്രവചിച്ച പ്രശസ്ത ജ്യോതിഷി കൊറോണ ബാധിച്ച് മരിച്ചു. മെയ് 21 ന് ശേഷം രാജ്യത്ത് കൊറോണ വ്യാപനം ദുര്‍ബലമാകുമെന്ന് പ്രവചിച്ച പ്രശസ്ത ജ്യോതിഷി ബെജാന്‍ ദാരുവാല (90) യാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹം മരിച്ചത്.

കോവിഡ് ബാധിച്ച് അഹമ്മദാബാദ് അപ്പോളൊ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദാരുവാല. എന്നാല്‍ ന്യുമോണിയ ബാധയെത്തുടര്‍ന്നാണ് മരണമെന്ന് മകന്‍ നസ്തൂര്‍ ദാരുവാല വ്യക്തമാക്കി.

രാജ്യത്തെ ഒട്ടേറെ പത്രങ്ങളിലെ ജ്യോതിഷ പംക്തി കൈകാര്യം ചെയ്തിരുന്ന വ്യക്തിയാണ്. നിരവധി പ്രവചനങ്ങളും നടത്തിയിട്ടുണ്ട്. ലോക്ക്ഡൗണിന് പിന്നാലെ ഏപ്രിലിലാണ് അദ്ദേഹം കോവിഡിനെക്കുറിച്ച് പ്രവചിച്ചത്. മേയ് 21 വരെയേ രോഗത്തിനു സ്വാധീനമുണ്ടാകൂയെന്നായിരുന്നു പ്രവചനം. ഇതു സംബന്ധിച്ച വീഡിയോയും പരക്കെ പ്രചരിപ്പിച്ചു.

മേയ് 22-നാണ് ജ്യോതിഷിയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്. തുടര്‍ന്ന് കോവിഡ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച മരിച്ചു. ഇദ്ദേഹത്തിന്റെ പേര് കോര്‍പ്പറേഷന്റെ കോവിഡ് രോഗികളുടെ പട്ടികയിലുണ്ടെങ്കിലും ബന്ധുക്കള്‍ ഇത് നിഷേധിക്കുകയായിരുന്നു.

×