കാഞ്ചനമാലയെപ്പോലെ കാത്തിരിക്കാന്‍ വയ്യ; ഇന്ത്യയിലുള്ള കാമുകനെ വിവാഹം ചെയ്യാന്‍ ഒരു മണിക്കൂര്‍ നീന്തി സുന്ദര്‍ബന്‍ വനത്തിലൂടെ കൊല്‍ക്കത്തയിലേക്ക് കടന്നു ബംഗ്ലാദേശ് യുവതി

author-image
Charlie
Updated On
New Update

publive-image

ധാക്ക: പ്രണയത്തിന് വേണ്ടി ഒരായുസ് മുഴുവന്‍ കാത്തിരുന്നവരാണ് മൊയ്തീനും കാഞ്ചനമാലയും. എന്നാല്‍ ഇന്ത്യക്കാരനായ കാമുകനെ കാണാന്‍ സുന്ദര്‍ബന്‍ വനത്തിലെ നദി നീന്തിക്കടന്നിരിക്കുകയാണ് ബംഗ്ലാദേശിലെ യുവതി. ഇന്ത്യയിലുള്ള കാമുകനെ വിവാഹം ചെയ്യാനായി അതിര്‍ത്തിയിലെ നദി നീന്തിക്കടന്ന് ബംഗ്ലാദേശ് യുവതി. സുന്ദര്‍ബന്‍ വനത്തിലൂടെ ഒഴുകുന്ന ബാലേശ്വര്‍ നദിയാണ് ഒരു മണിക്കൂറോളമെടുത്ത് യുവതി നീന്തിക്കടന്നത്.

Advertisment

കൃഷ്ണ മണ്ഡല്‍ എന്ന 22കാരിയുടേതാണ് ഈ സാഹസകൃത്യം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കൊല്‍ക്കത്ത സ്വദേശിയായ അഭിക് മണ്ഡലിനെ വിവാഹം ചെയ്യാനായായിരുന്നു കൃഷ്ണ ഇങ്ങനെയൊരു വഴി കണ്ടെത്തിയത്. പാസ്‌പോര്‍ട്ടില്ലാത്തതിനാല്‍ കൃഷ്ണയ്ക്കു മുന്നില്‍ ഇന്ത്യയിലെത്തുക അസാധ്യമായി. ഇതിനിടയിലാണ് അതിര്‍ത്തിയിലെ നദിയിലൂടെ ഇന്ത്യയിലേക്ക് കടക്കാമെന്ന ‘ബുദ്ധി’ ഉദിക്കുന്നത്.

ബംഗാള്‍ കടുവകള്‍ക്കു പേരുകേട്ട വനമാണ് സുന്ദര്‍ബന്‍. ഈ കൊടുംവനത്തില്‍ പ്രവേശിച്ച കൃഷ്ണ നദിയിലേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂറോളമെടുത്ത് നദി മുറിച്ചുകടന്ന് ബംഗാള്‍ അതിര്‍ത്തിയിലേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂന്നു ദിവസം മുന്‍പ് കൊല്‍ക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിലെത്തി അഭിക്കുമായുള്ള വിവാഹവും നടന്നു.

വിവരം അറിഞ്ഞെത്തിയ പൊലീസ് കൃഷ്ണ മണ്ഡലിനെ അറസ്റ്റ് ചെയ്തു. അനധികൃതമായി രാജ്യത്ത് കടന്നെന്ന് കാണിച്ചാണ് അറസ്റ്റ്. ബംഗ്ലാദേശ് ഹൈക്കമ്മിഷന് യുവതിയെ കൈമാറിയതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.

Advertisment