മുകളിലേക്കുള്ള രണ്ട് ആരോകള്‍ തുടങ്ങുന്നതിന്റെ നടുവിലുള്ള ചുവന്ന വൃത്തം കേരള ഖജനാവിനെ സൂചിപ്പിക്കുന്നു; വലതുവശത്തുകൂടി മുകളിലേക്ക് പോകുന്ന ആരോ സര്‍ക്കാര്‍ ജോലിക്കാര്‍ക്കും മറ്റും കൊടുക്കുന്ന ശമ്പളം, പെന്‍ഷന്‍ എന്നിവയെ സൂചിപ്പിക്കുന്നു…ബെവ് ക്യൂ ആപ്പിന്റെ ലോഗോയ്ക്കുള്ളത് വിപുലമായ ‘അര്‍ത്ഥം’, ബാക്കി വായിക്കാം…!

ന്യൂസ് ഡെസ്ക്
Friday, May 29, 2020

മോഹന്‍ലാല്‍ വരുമോ ഇല്ലയോ…’, കോട്ടയം കുഞ്ഞച്ചന്‍ എന്ന ചിത്രത്തിലെ ഹിറ്റ് ഡയലോഗുകളില്‍ ഒന്നാണ് ഇത്. ഉദ്ഘാടകനായി മോഹന്‍ലാല്‍ വരുമെന്ന് കരുതി ജനങ്ങള്‍ അക്ഷമരായി കാത്തിരിക്കുന്നതാണ് സന്ദര്‍ഭം.

‘ബെവ് ക്യൂ ആപ്പിന്റെ’ കാര്യവും ഏതാണ്ട് ഇതേപോലെയായിരുന്നു. ആപ്പ് വരുമോ ഇല്ലയോ എന്ന് ചോദിക്കാത്ത മദ്യപാനികള്‍ ആരും കാണില്ല.

ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറിലെത്തുന്നതും കാത്ത് കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നവര്‍ ഏറെ. ഒടുവില്‍ തേടിപ്പിടിച്ച് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോളാകട്ടെ, അതിലും വലിയ പുകില് ! ഒടിപി കിട്ടുന്നില്ല…ഒടുവില്‍ ജനം ഒന്നടങ്കം പറഞ്ഞു; ‘ആപ്പ് തേപ്പായി…’

ചുരുക്കിപ്പറഞ്ഞാല്‍ സാങ്കേതികപോരായ്മകളില്‍ കുഴഞ്ഞുമറിഞ്ഞ് കിടക്കുകയാണ് ബെവ്ക്യൂ ആപ്പ്. തുടര്‍ന്ന് നവമാധ്യമങ്ങളിലൂടെ ‘ട്രോള്‍’ ശരങ്ങള്‍ ഏറ്റുവാങ്ങാനായിരുന്നു ആപ്പിനും നിര്‍മ്മാതാക്കളായ ഫെയര്‍കോഡിനും സര്‍ക്കാരിനും വരെ യോഗം.

അത്തരത്തില്‍ ഒരു ട്രോള്‍ നവമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. ബെവ്ക്യൂവിന്റെ ലോഗോയ്ക്ക് വിപുലമായ അര്‍ത്ഥം കണ്ടുപിടിച്ചിരിക്കുകയാണ് ഒരു വിരുതന്‍. അത് ഇങ്ങനെ…

Bev Q ലോഗോയാണ് ഇത്‌. വിപുലമായ അർത്ഥമാണ് ഈ ലോഗോയ്ക്കുള്ളത്. മുകളിലേക്കുള്ള രണ്ട് ആരോകൾ തുടങ്ങുന്നതിന്റെ നടുവിലുള്ള ചുവന്ന വൃത്തം കേരള ഖജനാവിനെ സൂചിപ്പിക്കുന്നു. വലതുവശത്തു കൂടി മുകളിലേക്ക് പോകുന്ന ആരോ സർക്കാർ ജോലിക്കാർക്കും മറ്റും കൊടുക്കുന്ന ശമ്പളം, പെൻഷൻ എന്നിവയെ സൂചിപ്പിക്കുന്നു.

ഇടതുവശത്തുകൂടി മുകളിലേക്ക് പോകുന്ന ആരോ ക്ഷേമപെൻഷൻ, കോൺട്രാക്ടർമാർക്ക് കൊടുക്കുന്ന തുക അങ്ങനെ സർക്കാർ ചിലവാക്കുന്ന മറ്റ് തുകകൾ കാണിക്കുന്നു. രണ്ട് ആരോകളും മുകളിൽ ചെന്ന് ചേരുന്നിടത്ത് നിന്ന് ഒരു ആരോ നേരെ താഴേക്ക് വരുന്നത് കാണാം..

ഇത്‌ ഒരു ചെറിയ ഗ്യാപ് ഇട്ടാണ് കൊടുത്തിരിക്കുന്നത്. സർക്കാർ ജോലിക്കാരുടെയും പെൻഷൻകാരുടെയും കോൺട്രാക്ടർമാരുടെയും പക്കലും ക്ഷേമ പെൻഷൻ കൊടുക്കുന്ന തുകയും അങ്ങനെ സർക്കാർ ചിലവാക്കുന്ന പണം മൊത്തം ഒരു ചെറിയ ഇടവേളക്ക് ശേഷം കറങ്ങിത്തിരിഞ്ഞ് ബീവറേജ് വഴി സർക്കാർ ഖജനാവിൽ തന്നെ എത്തുന്നതിനെയാണ് ഇത്‌ സൂചിപ്പിക്കുന്നത്..

പുറമെയുള്ള വലിയ ചുവന്ന വൃത്തം സൂചിപ്പിക്കുന്നത് ഇതിൽ നിന്നും നിനക്കൊന്നും ഒരിക്കലും രക്ഷപെടാൻ കഴിയില്ല എന്നും നീയൊക്കെ എന്നും ഈ വട്ടത്തിനുള്ളിൽ കിടന്ന് കറങ്ങുകയേ ഉള്ളൂ എന്നുമാണ്..

×