സമാനതകളില്ലാത്ത ആഖ്യാന ശൈലി; മലയാള സാഹിത്യത്തിൽ നിത്യവിസ്മയം തീർന്ന ബേപ്പൂർ സുൽത്താന്റെ ഓർമ്മകൾക്ക് ഇന്ന് ഇരുപത്തിയാറാം ആണ്ട്

അബ്ദുള്‍ സലാം, കൊരട്ടി
Sunday, July 5, 2020

സമാനതകളില്ലാത്ത ആഖ്യാന ശൈലികൊണ്ട് മലയാള സാഹിത്യത്തിൽ നിത്യവിസ്മയം തീർന്ന ബേപ്പൂർ സുൽത്താന്റെ ഓർമ്മകൾക്ക് ഇന്ന് 26 ആണ്ട്.ബഷീറിന്റെ ഒരു കൃതിയിലും കൃത്രിമമായ കഥാപാത്രങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല; തന്റെ ജീവിതാനുഭവങ്ങളെ പുനരാവിഷ്കരിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെയാണ് സാധാരണക്കാരന് അവ ഇത്രമേൽ ഹൃദയസ്പർശിയായതും.

വീട്ടുകാരും പക്ഷിമൃഗങ്ങളും ഭിക്ഷക്കാരും വേശ്യകളും ജയില്‍പ്പുള്ളികളും കാഴ്ചയിലെ വിരൂപന്മാരും സാധാരണക്കാരും എഴുത്തിൽ കടന്നുവന്നപ്പോൾ ബഷീർ തൊട്ടറിഞ്ഞ ജീവിതത്തിന്റെ പകർത്തിവെക്കൽ മാത്രമായിരുന്നു അത്. വടിവൊത്ത അച്ചടി ഭാഷയിൽ നിന്നുമാറി നാട്ടുമണ്ണിന്റെ മണമുള്ള ഭാഷ അദ്ദേഹം പ്രയോഗിച്ചു.

ലളിത മലയാളം അറിയാവുന്ന ഏതൊരാള്‍ക്കും വഴങ്ങുന്ന സാഹിത്യമായിട്ടും അത് ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ടു. ബഷീറിനുമാത്രം സാധ്യമായ ശൈലി.
പ്രേമലേഖനവും ബാല്യകാല സഖിയും ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു, ആനവാരിയും പൊന്‍കുരിശും മതിലുകളും ഭൂമിയുടെ അവകാശികളും വിശ്വവിഖ്യാതമായ മൂക്കും….ഉള്‍പ്പെടെ ഓർമ്മകളിൽ നിത്യവസന്തം തീർക്കുന്ന വായനാനുഭവമാണ് നമുക്ക് ബഷീർ.

ദേശീയ പ്രസ്ഥാനകാലത്ത് ഗാന്ധിജിയെ കാണാനാഗ്രഹിച്ച ബാല്യം മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസരിപ്പിച്ച സമരതീക്ഷ്ണതയിലുൾപ്പെടെ അദ്ദേഹം കെട്ടാത്ത വേഷങ്ങളില്ല, ചെയ്യാത്ത ജോലികളില്ല.അങ്ങനെ ജീവിച്ചിരിക്കെ ഇതിഹാസമായ് മാറി ബഷീര്‍.

പ്രകൃതി ചിന്തയും മതാതീത ആത്മീയതയും മലയാളിക്ക് പകര്‍ന്നു തന്ന ആ യോഗീവര്യന്റെ ‘ ചിരകാല സ്മൃതികൾ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ തന്നെ… കാലാതിവർത്തിയായ മഹാ സ്മരണകൾക്ക് മുമ്പിൽ പ്രണാമം.

×