ഹരിയാനയിൽ കോൺഗ്രസ് പാർട്ടി പിളർപ്പിലേക്ക് ; ഭൂപീന്ദർ സിംഗ് ഹൂ‍ഡയുടെ പരിവർത്തൻ റാലി ഇന്ന്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, August 18, 2019

ഹരിയാന: ഹരിയാനയിൽ കോൺഗ്രസ് പാർട്ടി പിളർപ്പിലേക്ക്. പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂ‍ഡയുടെ പരിവർത്തൻ റാലി ഇന്ന് റോത്തക്കിൽ റാലി നടത്തും. റാലിയിൽ ഹൂഡ നിർണ്ണായക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ അശോക് തൻവറുമായുള്ള ഹൂഡയുടെ അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെയാണ് നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്ക് ഹൂഡ തയ്യാറെടുക്കുന്നത്.

പതിനാറ് എംഎൽഎമാരിൽ പന്ത്രണ്ട് പേരുടെയും പിന്തുണ ഹൂഡയ്ക്കുണ്ട്. ബിജെപി സർക്കാരിനെതിരായ കോൺഗ്രസ് റാലിയെന്ന തരത്തിലാണ് ഹൂഡ പരിവർത്തൻ റാലിയെക്കുറിച്ച് സംസാരിക്കുന്നതെങ്കിലും റാലിയെക്കുറിച്ച് അറിവില്ലെന്നും ക്ഷണം കിട്ടിയിട്ടില്ലെന്നും മുതിർന്ന നേതാക്കൾ പറയുന്നു.

ഹൂ‍ഡ എൻസിപിയിൽ ചേരാനാണ് സാധ്യതയെന്നാണ് കോൺഗ്രസ് നേതാക്കൾ തന്നെ അടക്കം പറയുന്നത്. മുമ്പ് കോൺഗ്രസ് വിട്ട് സ്വന്തം പാർട്ടി രൂപീകരിക്കാൻ ശ്രമിച്ച മുൻ മുഖ്യമന്ത്രിമാരായ ഭജൻ ലാലിനും ബൻസി ലാലിനും തിരിച്ച് കോൺഗ്രസിലേക്ക് തന്നെ മടങ്ങേണ്ടി വന്നിരുന്നത് കൂടി പരിഗണിച്ചാൽ എൻസിപിയിലേക്ക് ചേക്കേറുന്നതായിരിക്കും ഹൂഡയ്ക്ക് കൂടുതൽ സുരക്ഷിതമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

×