17
Monday January 2022
കേരളം

മാമാങ്കം പലകുറി കൊണ്ടാടിയ മാന്ത്രിക കവി ! അപ്പൂപ്പന്‍ ഓമനിച്ച് വിളിച്ചിരുന്നതുകൊണ്ട് മനസ്സിന്റെ കുളിര്‍മ്മയില്‍ സൂക്ഷിച്ചിരുന്ന ചെല്ലപ്പേരു കൂട്ടി ശിവശങ്കരൻ നായർ വെറുതെ പറഞ്ഞു, ”ബിച്ചു തിരുമല”; അങ്ങിനെ ശിവശങ്കരന്‍ നായര്‍ സിനിമയില്‍ പാട്ട് എഴുതുന്നതിന് മുന്‍പേ ‘ബിച്ചു തിരുമല’ എന്ന കവിയായി രൂപാന്തരം പ്രാപിച്ചു, ഒറ്റക്കമ്പി വീണാനാദവുമായി മുരണ്ടു പറക്കുന്ന കൊതുകുകളില്‍ പോലും സംഗീതം കണ്ടെത്തി; ഇന്ന് അന്തരിച്ച ഗാനരചയിതാവ് ബിച്ചു തിരുമലയുമായി സാഹിത്യകാരന്‍ ടിജി വിജയകുമാര്‍ നടത്തിയ പഴയ അഭിമുഖത്തിന്റെ പുനപ്രസിദ്ധീകരണം

ഫിലിം ഡസ്ക്
Friday, November 26, 2021

എറണാകുളത്ത് തോഷിബാ ആനന്ദിന്റെ കമ്പനിയില്‍ വാട്ടര്‍ മീറ്ററിന്റെ സെയില്‍സ് ഓര്‍ഗനൈസറായി ജോലി നോക്കുന്ന സമയത്താണ് ‘ശിവശങ്കരന്‍ നായരു’ടെ ജീവിതത്തെ മാറ്റിമറിച്ച ആ കൂടിക്കാഴ്ച സംഭവിച്ചത്.

‘നീലക്കുയില്‍’ എന്ന സിനിമയുടെ നിര്‍മ്മാതാവ് ടി. കെ. പരീക്കൂട്ടിയും സന്തതസഹചാരിയായ സി രാമന്‍കുട്ടി നായരും ‘എറണാകുളം വാര്‍ഫി’ലേക്ക് എന്തോ സാധനം വാങ്ങുവാന്‍ വന്നു. ”സിനിമയൊക്കെ എടുത്ത ആളല്ലേ ചാന്‍സ് വല്ലതും കിട്ടുമോ എന്ന ചോദ്യവുമായി ഒരു പരിചയപ്പെടല്‍.

ഞാനല്ല പടം എടുക്കുന്നത് ഇദ്ദേഹത്തോട് ചോദിക്കൂ എന്നു പറഞ്ഞ് രാമന്‍കുട്ടി നായരെ ചൂണ്ടിക്കാണിച്ചു. പേരു പറയൂ എന്നദ്ദേഹം. അപ്പൂപ്പന്‍ ഓമനിച്ച് വിളിച്ചിരുന്നതുകൊണ്ട് മനസ്സിന്റെ കുളിര്‍മ്മയില്‍ സൂക്ഷിച്ചിരുന്ന ചെല്ലപ്പേരു കൂട്ടി, ശിവശങ്കരൻ നായർ വെറുതെ പറഞ്ഞു. ”ബിച്ചു തിരുമല”. മുസ്ലീമാണല്ലേ എന്ന മറുചോദ്യവും.

അങ്ങിനെ ശിവശങ്കരന്‍ നായര്‍ സിനിമയില്‍ പാട്ട് എഴുതുന്നതിന് മുന്‍പേ ‘ബിച്ചു തിരുമല’ എന്ന കവിയായി രൂപാന്തരം പ്രാപിച്ചു.

കവിതയുടേയും പാട്ടുകളുടെയും പൊന്നാഞ്ഞിലി തോണിയിലേറി മലയാളത്തിന്റെ സംഗീതനദികളിലൂടെ പിന്നീടൊരു പ്രയാണം തന്നെയായിരുന്നു. നിണമൊഴുകിയ കഥകള്‍ കരളില്‍ ചേര്‍ത്തുറങ്ങുന്ന ഭാരതപ്പുഴയരികിലെ മണല്‍ത്തരികളോട് മാമാങ്ക ചരിതങ്ങള്‍ വിളിച്ചു പറഞ്ഞ്, ബാലഗോപാലന്മാരിലൂടെ മലയാളത്തിന്റെ മഹിമയേയും പക്ഷി മൃഗാദികളുടെ സഹവര്‍ത്തിത്വത്തെയും ചൂണ്ടിക്കാണിക്കുമ്പോഴും ബന്ധങ്ങള്‍ ബന്ധനങ്ങളാണെന്ന് ഓര്‍മ്മിപ്പിച്ചു. ഒറ്റക്കമ്പി വീണാനാദവുമായി മുരണ്ടു പറക്കുന്ന കൊതുകുകളില്‍ പോലും സംഗീതം കണ്ടെത്തി.

”തലനാരേഴായി കീറിയിട്ട് നേരിയ പാലം കെട്ടീട്ട് അതിലേ നടക്കണം എന്നല്യോടാ പറേണത് എല്ലാവരും” എന്ന് സമൂഹത്തിന്റെ സങ്കുചിതത്വത്തെ നോക്കി പരിഹസിച്ചു. കാടന്‍ നിയമങ്ങളുടേയും തത്വസംഹിതകളുടേയും നേര്‍ക്ക് വിരല്‍ ചൂണ്ടി, പല്ലനയാറിനെ സാക്ഷി നിര്‍ത്തി ”ശിക്ഷാക്രമങ്ങളെ മാറ്റി രക്ഷാക്രമങ്ങളാക്കി മാറ്റുവാന്‍ ഉദ്‌ബോധിപ്പിച്ചു.

മനസ്സിനെ മാംസത്തില്‍ നിന്നുയുര്‍ത്തേണമേ, ഭഗവാനേ” എന്നു പ്രാര്‍ത്ഥിച്ചു. ”അടിച്ചങ്ങ് പൂസായി, കുടിച്ചങ്ങ് വാറായി, ഈ ലോകം ബോറായി, മേലുകീഴായി” എന്നിങ്ങനെ മലയാളികളുടെ ആഘോഷത്തിന്റെ ചിത്രം സരസമായി കോറിയിട്ടു.

രാഗങ്ങളെ ശ്രീരാഗങ്ങളാക്കി ഗാനപ്രപഞ്ചത്തിന്റെ മാനത്തെ ‘ശിങ്കാരത്തോപ്പിലൂടെ” മലയാളിയെ സ്വന്തം ചുമലിലേറ്റി പറന്നു, പവിത്രത ആവശ്യപ്പെടുമ്പോഴെല്ലാം തേനും വയമ്പും ആവശ്യാനുസരണം നല്‍കി. ഗിന്നസ് ബുക്ക് റിക്കോര്‍ഡിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന ബിച്ചു തിരുമല ആരാധകര്‍ക്ക് വേണ്ടി ഏതാനും നിമിഷങ്ങള്‍ ചിലവഴിച്ചു.

തുറന്ന മനസ്സും കുറച്ചു പ്രാര്‍ത്ഥനകളും ഇത്തിരി വിമര്‍ശനങ്ങളുമായി, സിനിമാക്കാരുടേതായ ജാടകളൊന്നുമില്ലാതെ.. 403 ചിത്രങ്ങള്‍, 2000 ത്തോളം സിനിമാ ഗാനങ്ങള്‍, പാട്ടുകളും കവിതകളുമടക്കം പതിനായിരത്തോളം രചനകള്‍. ഗിന്നസ് ബുക്കിന്റെ പടിവാതിലില്‍ നില്‍ക്കുന്ന അങ്ങ് എപ്പോള്‍, എങ്ങനെ ഒരു കവിയായി…?

ഒരു സംഗീത കുടുംബമായിരുന്നു എന്റേത്. ആദ്യ കരച്ചില്‍ പോലും ഒരു സംഗീതമായിരുന്നിരിയ്ക്കണം എന്നു കരുതുന്നതില്‍ തെറ്റില്ല. ജഡ്ജി ശങ്കരപിള്ളയുടെ കൊച്ചു മകളായിരുന്നു എന്റെ അമ്മ.

അച്ഛന്‍ ആദ്യകാലത്ത് പട്ടാള ഓഫീസറായിരുന്നെങ്കിലും സെക്രട്ടറിയേറ്റില്‍ ഇന്‍ഡസ്ട്രീസ് ഡെപ്യൂട്ടി സെക്രട്ടറിയായിട്ടായിരുന്നു വിരമിച്ചത്. ഒരു വശത്ത് അധികാരത്തിന്റെയും ഗര്‍വ്വിന്റെയും അനുഭവങ്ങള്‍, മറുവശത്ത് പട്ടാളച്ചിട്ടയുടെ അനുസരണശീലങ്ങള്‍, സാഹിത്യ വിദ്വാന്മാരായ കുടുംബാംഗങ്ങളുടെ ആധിക്യം, ഇതൊക്കെ ഒരു കവിയാകുന്നതില്‍ എന്റേതായ ഭാഷ രൂപപ്പെടുത്തുന്നതില്‍ ഒക്കെ സ്വാധീനം ചെലുത്തിയിരിക്കാം.

ആദ്യകാലങ്ങളില്‍ മലയാളസിനിമകളേയും പാട്ടുകളേയും എങ്ങനെയാണ് സ്വീകരിച്ചത്?

ആദ്യമായി കണ്ട മലയാളസിനിമ ”നല്ല തങ്ക” ആയിരുന്നു. എട്ടു വയസ്സുള്ളപ്പോള്‍ സിനിമപോലെ ഫോട്ടോഗ്രാഫി എന്നതുപോലും എന്നില്‍ കൗതുകമുണര്‍ത്തി. അതിന്റെ പശ്ചാത്തല സങ്കേതികത്വത്തെ പറ്റിയുള്ള അന്വേഷണ ത്വര എന്നില്‍ ഉണര്‍ത്തി. അക്കാലത്താണ് ‘ഹരിശ്ചന്ദ്ര” എന്ന സിനിമ കാണുന്നത്.

ആ സിനിമയില്‍ പാമ്പുകടിയേറ്റു മരിച്ച മകന്റെ ശവശരീരം ചമന്നുവരുന്ന അമ്മ പാടി – ”അരുമ മകനെ പാമ്പുകടിച്ചു വിട്ടതാന്‍… ” എന്നിങ്ങനെ. സ്വന്തം മകന്‍ മരിച്ചു കിടക്കുമ്പോള്‍ ഏതെങ്കിലും ഒരമ്മ പാട്ടുപാടുമോ? ഇത്തരം പ്രവണതകളെ മാറ്റിയെഴുതാനുള്ള ഒരു മാനസികദ്വേഷം അന്നേ മനസ്സിലുയര്‍ന്നിരുന്നു.

ആദ്യമായി കവിത എഴുതിയതും ചലച്ചിത്ര ഗാനം എഴുതിയതും എങ്ങിനെ സ്വയം ഓര്‍മ്മിക്കുന്നു?

ആദ്യത്തെ രചന ഒരു ഗാനമായിരുന്നൂ.
”ചന്തമെഴുന്നൊരു പൂവേ നീ എന്തിന് വിടരുന്നു,
വാടിക്കൊഴിയും നാളെ മോഹനവാടിയില്‍ നീയും”

ഇതിന്നും വെളിയില്‍ വരാത്ത പാട്ടാണ് പക്ഷേ യൂത്ത് ഫെസ്റ്റിവലില്‍ എന്റെ സഹോദരി സുശീലാദേവി ഈ കവിതപാടി ഒന്നാം സമ്മാനം നേടിയിരുന്നു. രണ്ടു സിനിമകള്‍ക്ക് ഗാനം എഴുതിയെങ്കിലും മൂന്നാമത്തെ സിനിമയാണ് പുറത്തുവന്നത്.

‘അക്കല്‍ദാമ’ എന്ന സിനിമയില്‍ ”നീലാകാശവും മേഘങ്ങളും” എന്ന പാട്ട്. പാടിയത് ബ്രഹ്മനന്ദനാണ്. ജനയുഗത്തിന്റെ സഹോദര പ്രസിദ്ധീകരണമായ ‘സിനിരമ’യും വിതുര ബേബിയും എന്നെ ഒരു കവിയാക്കുന്നതില്‍ നല്‍കിയ സംഭാവന എടുത്തു പറയേണ്ടുന്ന ഒന്നാണ്.

ഇഷ്ടപ്പെട്ട സംഗീത സംവീധായകന്‍ ആരാണ്? എന്തുകൊണ്ട്?

ഒന്‍പത് ചിത്രങ്ങളിലാണ് എന്റെ പാട്ടുകള്‍ക്ക് ദേവരാജന്‍ മാഷ് ഈണം നല്‍കിയത്. വളരെ സംതൃപ്തി നല്‍കുന്ന അനുഭവങ്ങളായിരുന്നു അവയെല്ലാം.

ഒരു സംഗീത സംവീധായകന്‍ ജനിക്കണമെങ്കില്‍ പാട്ടും സംഗീതവും നന്നായി പഠിക്കണം. എന്തുകൊണ്ടാണ് ഒ.എന്‍.വി. എഴുതിയ ”പൊന്നരിവാള്‍ അമ്പിളി…. ” എന്ന ഗാനം മലയാളിക്ക് പ്രിയങ്കരമാവുന്നത്? കമ്മ്യൂണിസത്തിന്റെ ഉദയകാലത്ത് സംഗീതത്തിന്റെ മര്‍മ്മവും ജനത്തിന്റെ ഹൃദയവും അറിഞ്ഞ് നല്‍കിയ ‘സ്വരരാഗ’ത്തിന്റെ അനുഭവം ഉള്ളില്‍ തട്ടിയതുകൊണ്ടല്ലേ? അത്രയും സംതൃപ്തി നല്‍കുന്ന പാട്ടുകള്‍ എടുത്തു പറയുവാന്‍ പ്രയാസമാണ്.

ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്‍കിയ ഗാനങ്ങളൊക്കെ തന്നെ സൂപ്പര്‍ ഹിറ്റായി. ”ഇന്നലെ ഇന്ന്’ എന്ന സിനിമയിലെ ”പ്രണയ സരോവരതീരം….” എന്ന പാട്ട് എന്റെ ജീവിതത്തിലെ ഒരു ഒരു ആര്‍ദ്രമുഹൂര്‍ത്തത്തിന്റെ ബഹിര്‍ഗമനം ആയിരുന്നു. അത് എത്രമനോഹരമായി ദേവരാജന്‍ മാസ്റ്റര്‍ ചെയ്തു എന്നോര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സംതൃപ്തി എടുത്തു പറയേണ്ടതാണ്.

അതുപോലെ, ”യാമശംഖൊലി വാനിലുയര്‍ന്നു
സോമശേഖര ബിംബമുണര്‍ന്നു
നിറുകയില്‍ തൊഴുകൈ താഴികക്കുടമേന്തി
ദേവാലയം പോലും ധ്യാനിച്ചു നിന്നു” എന്ന പാട്ട്.

സിന്ദൂരച്ചെപ്പ് എന്ന സിനിമയിലെ ”മണ്ടച്ചാരെ മൊട്ടത്തലയ” എന്ന പാട്ട് എന്റെ അനുജത്തി സുശീലാദേവിയാണ് പാടിയത്. അവള്‍ക്ക് വേണ്ടി ഒരവസരം ചോദിക്കുവാന്‍ വേണ്ടിയിട്ടാണ് ദേവരാജന്‍ മാഷിനെ ആദ്യമായി കാണുന്നത്. മദ്രാസിലെ വൈ.എം.സി.എ. യിലെ റൂമില്‍ വച്ച്.

ഗൗരവ പ്രകൃതിയും വളരെ പരുക്കനുമായിട്ടാണ് അദ്ദേഹം പെരുമാറിയത്. പ്രതീക്ഷ തീരെ ഇല്ലായിരുന്നു. പക്ഷേ നാലുദിവസം കഴിഞ്ഞപ്പോള്‍ അവള്‍ക്കായി ക്ഷണമെത്തി. മാഷ് തന്നെ വിളിച്ചു പറയുന്നു. ചിന്തിച്ചു മനസ്സിലാക്കുവാന്‍ പറ്റാത്ത വല്ലാത്ത പ്രകൃതം ആണെന്ന് മനസ്സിലായി. പിന്നീട് രണ്ടോ മൂന്നോ തവണ പാടിക്കുകയും ചെയ്തു. ചാന്‍സ് ചോദിച്ചപ്പോള്‍ ഉണ്ടായ പരുക്കന്‍ മറുപടിയും പിന്നീട് ചോദിക്കാതെ വന്ന ക്ഷണവും എന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്.

പില്‍ക്കാലത്ത് ഞാന്‍ തിരക്കുള്ള കവിയായതിനു ശേഷം ”ഇന്നലെ, ഇന്ന് എന്ന ചിത്രത്തിന് ട്യൂണ് ആവശ്യപ്പെട്ടപ്പോള്‍ പ്രൊഡ്യൂസര്‍ പറഞ്ഞു എഴുതി നല്‍കിയാല്‍ മതി, ദേവരാജന്‍മാഷാണ് ട്യൂണ്‍ നല്‍കുന്നത് എന്ന്. എങ്കിലും മാഷോട് സംസാരിക്കണം എന്ന എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹം എന്നെ വിളിച്ചു.

ട്യൂണ്‍ വേണ്ട, പാട്ടെഴുതി കൊടുത്താല്‍ മതിയെന്ന് അദ്ദേഹവും അറിയിച്ചു. ”പാട്ടു കൊള്ളുകില്ലെങ്കില്‍ വിളിച്ചു പറയാമെന്നും’. ”കളയില്ലല്ലോ” എന്നു തിരിച്ചു ചോദിച്ചു. ”ധിക്കാരിയാണല്ലേ? എന്ന് മറുചോദ്യം ”നിങ്ങളുടെ അത്രയ്ക്കില്ല” എന്ന മറുപടി. ഹൃദയം നിറഞ്ഞ പൊട്ടിച്ചിരിയായിരുന്നു പിന്നീട്. അതായിരുന്നു തുടക്കം.

പഴയകാല മലയാളഗാനം ഗ്രഹാതുരത്വം നല്‍കുന്നു. എന്നാല്‍ ഇപ്പോള്‍ അത് എന്തുകൊണ്ട് സംഭവിക്കുന്നില്ല?

പഴയകാലത്ത് മലയാളമെന്നല്ല ഹിന്ദിഗാനം പോലും നമുക്ക് മനസ്സിലാകുമായിരുന്നൂ. ഇപ്പോഴാണെങ്കില്‍ ”ഒരു തരം ഞണ്ടുകറി’ യുടെ പാകത്തില്‍ ഉള്ള മസാലയെല്ലാം ആവശ്യത്തിനും അനാവശ്യത്തിനും ചേര്‍ത്ത് മനുഷ്യന് മനസ്സിലാകാത്ത ഭാഷയാക്കി മാറ്റുന്നു.

അടുത്ത കാലത്ത് ഇറങ്ങിയ ”അറബിയും ഒട്ടകവും മാധവന്‍ നായരും’ എന്ന ചിത്രത്തിലെ ”മാധവേട്ടനെന്നും മൂക്കിന്‍തുമ്പിലാണ് കോപം…” എന്ന ആദ്യത്തെ രണ്ടു വരികളൊഴികെ ബാക്കിയുള്ള വരികളോ ചരണമോ എഴുതിയ എനിക്ക് പോലും മനസ്സിലാക്കാത്ത തരത്തില്‍ താളമേളക്കസര്‍ത്തുകള്‍ നടത്തി വികലമോ വിഹ്വലമോ ആക്കി വെച്ചിരിക്കുന്ന രീതി കണ്ടാല്‍ മൂക്കത്ത് വിരല്‍ വെച്ചു പോകും, ഞാന്‍ പോലും.

അതേ സമയം ”ആയിരം പാദസരങ്ങള്‍ കിലുങ്ങി, ആലുവാപ്പുഴ പിന്നെയുമൊഴുകി….” എന്ന പാട്ട് കേട്ടാല്‍ രചനയേയും സംഗീതത്തേയും നദിയുടെ ഒഴുക്കു പോലെ പവിത്രമാക്കുന്ന രീതി കാണാം. ഇന്നത്തെ സിനിമാഗാനങ്ങളുടെ ”സംഗീത ഗോഷ്ടി’ അവയുടെ രചനാ വൈഭവത്തെ മലീമസമാക്കുന്ന രീതി ആധുനിക മാലിന്യങ്ങളെ പോലും അമ്പരപ്പിക്കുന്നവയാണ്.

കുറെ അടിയും തടയും കളരിപ്പയറ്റിന് കൊള്ളാം. പക്ഷേ സിനിമാ ഗാനങ്ങള്‍ക്കരോചകമാണ്. അതിനുത്തരവാദിത്വം എഴുത്തുകാരന്റേതല്ല. ശ്രോതാവിന്റേതു കൂടിയാണ്. അവര്‍ പ്രതികരിച്ചാലെ ഇതിനൊരു മാറ്റമുണ്ടാകൂ. പണ്ട് ആക്ഷേപഹാസ്യ കൂത്ത് നടത്തിയ ചാക്യാരെ കുഞ്ചന്‍നമ്പ്യാര്‍ തുള്ളി ചെണ്ട കൊട്ടിച്ചതു പോലെ. !

സിനിമയില്‍ പ്രവര്‍ത്തിക്കുന്ന കാലഘട്ടത്തിലെ അവിസ്മരണീയമായ എന്തെങ്കിലും സംഭവം?

രണ്ടു രണ്ടര വയസ്സുള്ള മൂകനായിരുന്ന എന്റെ അനുജന്‍ ‘ബാലഗോപാലന്‍’ മരിക്കുമ്പോള്‍ എനിക്ക് ഏതാണ്ട് നാല് വയസ്സേ ഉണ്ടായിരുന്നുള്ളൂ. അവന്റെ ഓര്‍മ്മയില്‍ ഞാനെഴുതിയ പാട്ടായിരുന്നു,

”ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളി……..
എന്റെ ബാലഗോപാലനെ എണ്ണതേപ്പിക്കുമ്പം പാടെടീ…..” എന്ന ഗാനം.

അതിന് അവാര്‍ഡുകള്‍ കിട്ടിയെന്നു മാത്രമല്ല. ലണ്ടനിലെ ‘തെംസ് നദീ’തീരങ്ങളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പണം സമാഹരിക്കുവാന്‍ പീറ്റ്‌സിഗര്‍ എന്നയാള്‍ ലോകം മുഴുവന്‍ നടന്നു പാടിയ പാട്ടുകളില്‍ ഒന്ന് എന്റെ പാട്ട് ഇംഗ്ലീഷിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടതായിരുന്നു. അതിങ്ങനെ…

“സിംഗിംഗ് ആന്റ് സ്വിംഗിംഗ് ഇന്‍ ടോപ് ഓഫ് എ പൈന്‍ ട്രീ, ഓ നൈറ്റിംഗേല്‍
വൈല്‍ ഐ ഓയിലിംഗ് മൈ ബേബി, വില്‍ യു ബി ഏബിള്‍ ടു സിംഗ് എ സോംഗ്.. ”
ആശയത്തിന് ഭാഷയില്ലെന്നും അതോടെ എനിയ്ക്കു മനസ്സിലായി.

അവാര്‍ഡുകള്‍ കേരളത്തില്‍ എന്നും വിവാദമാണല്ലോ? എന്താണ് അഭിപ്രായം?

തീര്‍ച്ചയായും വിവാദം മാത്രമേ ആകുന്നുള്ളൂ. നിഷേധം മാത്രം ആകുന്നില്ല, ഒരു ഡോ. സുകുമാര്‍ അഴിക്കോടിനെ ഒഴിച്ചു നിര്‍ത്തിയാല്‍. കാരണം കൈയ്യില്‍ പണം ധാരാളമുള്ളവര്‍ പണം കൊടുത്ത് എത്രവലിയ മത്സ്യവും വാങ്ങും. കുറെ നാള്‍ കഴിയുമ്പോള്‍ അത് ‘കരുവാട്’ (ഉണക്കമത്സ്യം) ആകും. ആദ്യ കാലത്തെ അവാര്‍ഡുകള്‍ ഇപ്പോള്‍ വില കൊടുത്തു വാങ്ങുന്ന ‘കരുവാടുകള്‍’ ആയി മാറിയിരിക്കുന്നു. മാലിന്യം നിറഞ്ഞ നാട്ടിലെ നാറ്റക്കേസുകളാണവ.
സിനിമാഗാന രംഗത്തെ പഴയകാല പ്രാമാണ്യം!,

സന്തോഷ് പണ്ഡിറ്റിന്റെ പ്രസക്തിയും ‘വൈ ദിസ് കൊലവെറി’ യും ഒക്കെ എങ്ങിനെ വിലയിരുത്തുന്നു?

എന്റെ കാഴ്ചപ്പാടില്‍ ഇന്നത്തെ വൃത്തികേടുകളെ ആയുധമാക്കി അടരാടുന്ന ഒരു ‘വീരഭദ്രനാണ് സന്തോഷ് പണ്ഡിറ്റ്. പല വാതിലുകളും മുട്ടിനോക്കിക്കാണും, ഒരു ചാന്‍സിന് വേണ്ടി അയാള്‍. നടക്കാതെ വന്നപ്പോള്‍ ആധുനിക സിനിമാ വ്യാപാരത്തെ മനസ്സിലെടുത്ത് ഒരു മസാലക്കറിയാക്കി പാതിവേവിച്ചും പാതി വേവാതെയും തീയേറ്ററുകളിലേക്ക് വിളമ്പിക്കൊടുത്തു.

ഈ വീരഭദ്രനെ തോല്പിക്കാന്‍ വേണ്ടി ടിക്കറ്റുകളെടുത്ത് തെറിപറഞ്ഞ് തുടങ്ങി അഭിനവ പ്രേക്ഷക ‘കൊട്ജ്ഞാണന്മാര്‍’. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും ഒന്ന് എന്ന രീതിയില്‍ പണ്ഡിറ്റ് പണവും (കു)പ്രശസ്തി നേടി. അതയാള്‍ വകവെച്ചതേയില്ല. മാത്രമല്ല സൂപ്പര്‍സ്റ്റാറുകള്‍ പോലും തുടര്‍ച്ചയായ പരാജയങ്ങള്‍ മാറ്റി വിജയത്തിന്റെ മരീചിക എത്തിപ്പിടിക്കുവാന്‍ തങ്ങളഭിനയിക്കുന്ന പടങ്ങളില്‍ പോലും മോശമല്ലാത്ത വേഷങ്ങള്‍ പണ്ഡിറ്റിന് നല്‍കുന്നു. ലക്ഷങ്ങള്‍ പണ്ഡിറ്റിനും ലക്ഷ്യങ്ങള്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്കും സ്വന്തമാകുന്നു.

കൊലവെറി, ആധുനിക ഭാരതീയ ജനതയ്ക്ക് നേര്‍ക്കുള്ള ഒരു അപഹാസ്യ വെടിയുണ്ടയാണ് ധനുഷിന്റെ ‘വൈ ദിസ് കൊലവെറി’ എന്ന ഗാനം. എന്റെ അഭിപ്രായത്തില്‍ ഈ ഗാനം ഇന്ന് ജനിച്ചതിനേക്കാള്‍ ഉത്തമം സ്വതന്ത്ര ഭരതത്തിനൊപ്പം ജനിക്കേണ്ടതായിരുന്നു എന്നാണ്

ഇടതു കവിളത്തടി തന്നാല്‍ വലതു ഭാഗവും കാണിച്ചു കൊടുക്കുക എന്ന സിദ്ധാന്തത്തോടെ പിടിച്ചു പറിച്ചെടുത്ത് വശത്താക്കിയെടുത്ത ‘ഭാരതിയെ” ബ്രിട്ടീഷ് കോയ്മയില്‍ നിന്നും ഗുജറാത്തിലെ വയസ്സന്‍ സ്വയമറിയാതെ സ്വതന്ത്രയാക്കിയപ്പോള്‍ ഇന്ത്യയെ രണ്ട് തുണ്ട് ആക്കിയതില്‍ വെറിപൂണ്ട ഗോഡ്‌സ്സേ ബ്രിട്ടീഷുകാരന്റെ തോക്കുകൊണ്ടാണോ എന്നറിയില്ല ഗാന്ധിജിയെ തൊഴുതുവണങ്ങി വെടിവെച്ചു കൊന്നു.

അഹിംസാചാര്യന്റെ നാട്ടിലെ ആദ്യ ഹിംസ!
കോടതി ഗോഡ്‌സെയെ തൂക്കിക്കൊന്നു. അഹിംസാചാര്യന്റെ നാട്ടിലെ രണ്ടാമത്തെ ഹിംസ. അന്ന് ‘ധനുഷ്’ ജനിക്കാതെ പോയല്ലോ? അന്ന് വൈ ദിസ് കൊലവെറി… കൊലവെറി … കൊലവെറി…? എന്ന് ഭാരതീയരോടും നിയമസംഹിതകളോടും ചോദിക്കേണ്ടതല്ലായിരുന്നോ?

എങ്കില്‍ ഇന്ന് ആ ചോദ്യം പ്രസക്തമാകില്ലായിരുന്നു. ഇന്ന് നിയമ സംഹിതകളോടൊപ്പം തന്നെ ഭാരതീയരാകെ കൊലവെറി പൂണ്ടു നടക്കുമ്പോള്‍ എന്താണഹിംസയ്ക്കര്‍ത്ഥം? കൊലവെറിയുടെ പ്രസക്തി അതാണ്.

94 കാലഘട്ടത്തിലാണെന്ന് തോന്നുന്ന അങ്ങ് ഒരപകടത്തില്‍പെട്ടിരുന്നു. എന്താണതിന്റെ ഓര്‍മ്മയും സാംഗത്യവും.

ആ വീഴ്ചയോടെയാണ് എനിക്ക് സ്വീറ്റി ഡിസീസ് (പ്രമേഹം) ഉണ്ടെന്ന് മനസ്സിലാകുന്നത്. ഡിസംബര്‍ 24 തീയതി മകന്‍ സുമന്‍ വാങ്ങിയ ക്രിസ്തുമസ് സ്റ്റാര്‍ കെട്ടികൊടുക്കാന്‍ ടെറസ്സില്‍ കയറി, അതു കെട്ടി. പിന്നെ എനിക്കോര്‍മ്മ വരുമ്പോള്‍ ചുറ്റും നേഴ്‌സുമാര്‍ എന്നെ ഉണര്‍ത്തുവാന്‍ വേണ്ടി ഞാന്‍ എഴുതിയ പാട്ട് ”കണ്ണാം തുമ്പി പോരാമോ? എന്നോടിഷ്ടം കൂടാമോ എന്ന് പാടുന്നത് കേട്ടുകൊണ്ടാണ്.

ബാക്കി ഞാന്‍ പാടി, ”നിന്നെ കൂടാതില്ലല്ലോ ഇന്നെന്നുള്ളില്‍ പൂക്കാലം. അവര്‍ ചോദിച്ചു ഇതാരാണെഴുതിയത്? എന്റെ ഉത്തരം ഈ കിടക്കുന്ന ഞാന്‍ തന്നെ. അങ്ങിനെ എന്റെ ഓര്‍മ്മശക്തി ഞാന്‍ എഴുതിയ പാട്ടിലൂടെ തന്നെ പരീക്ഷിക്കപ്പെട്ടു. അതു തന്നെ സാംഗത്യവും.
. ****

More News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയത്‌ സംബന്ധിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപി ദിലീപിന്റെ അടുത്ത സുഹൃത്ത്‌ ശരത്തെന്ന് സംശയം. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ശരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞതായാണ് വിവരം. ശരത്തിന്റെ ആലുവയിലെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി. ദിലീപിന്റെ അടുത്ത സുഹൃത്തായ ഹോട്ടൽ വ്യവസായി ശരത്തിന്റെ ആലുവ തൊട്ടുമുഖത്തെ വീട്ടിലാണ് റെയ്ഡ് നടന്നത്. എസ്പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. മൂന്നു മണിക്ക് ആരംഭിച്ച […]

എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ ഐ എൻ എ ഡി ഫെലോഷിപ്പിനു യു എൻ എഫ് അംഗങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ആറു മാസം മുതൽ ഒരു വർഷത്തേക്കാണ് ഫെല്ലോഷിപ്പ്. നിങ്ങളുടെ ജോലിയിൽ നിന്നും മാസത്തിൽ 15 മണിക്കൂർ സമയം ഫെലോഷിപ്പിനു വേണ്ടി ലഭിക്കും. യു എൻ എഫ് ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുവാനാണ് ഈ സമയം അനുവദിച്ചിരിക്കുന്നത്. നിലവിൽ ബാൻഡ് 5 അല്ലെങ്കിൽ 6 ആയി ജോലി ചെയ്യുന്ന യു എൻ എഫ് അംഗങ്ങൾ ആയിട്ടുള്ള മലയാളി […]

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്‍റെ ഭാഗമായ മഹീന്ദ്രയുടെ ട്രക്ക് ആന്‍റ് ബസ് ഡിവിഷന്‍ (എംടിബി) തങ്ങളുടെ ബിഎസ്6 ശ്രേണിയില്‍ മുഴുവനായി ‘കൂടുതല്‍ മൈലേജ് നേടുക അല്ലെങ്കില്‍ ട്രക്ക് തിരികെ നല്‍കുക’ എന്ന നവീനവും മാറ്റങ്ങള്‍ വരുത്തുന്നതുമായ മൂല്യവര്‍ധനവ് ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചു. ബ്ലാസോ എക്സ് ഹെവി, ഫ്യൂരിയോ ഇന്‍റര്‍മീഡിയറ്റ്, ഫ്യൂരിയോ7, ജയോ എന്നിവയുള്‍പ്പെടെയുള്ള ലൈറ്റ് കമേഴ്സ്യല്‍ വാഹനങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഫ്യൂഎല്‍ സ്മാര്‍ട്ട് ടെക്നോളജിക്കൊപ്പം തെളിയിക്കപ്പെട്ട 7.2 ലിറ്റര്‍ എംപവര്‍ എഞ്ചില്‍ (എച്ച്സിവികള്‍), എംഡിഐ ടെക് എഞ്ചിന്‍ (ഐഎല്‍സിവി), […]

ഹൈദരാബാദ്: മരുമകന് ഗംഭീര സ്വീകരണം നല്‍കുന്നത് പല ഇന്ത്യന്‍ കുടുംബങ്ങളിലും പതിവാണ്. ഇവിടെ ഭാവി മരുമകന് 365 കൂട്ടം വ്യത്യസ്ഥ തരം ഭക്ഷണമൊരുക്കി സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒരു കുടുംബം. മകര സംക്രാന്തി ദിനത്തിലാണ് പെണ്‍കുട്ടിയുെട കുടുംബം ഭാവി മരുമകന് ഭക്ഷണത്തിന്റെ സമ്പൂര്‍ണ്ണ കലവറ തന്നെ ഒരുക്കിയത്. 365 ഭക്ഷണ ഇനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു രാജകീയ വിരുന്നാണ് കുടുംബം തങ്ങളുടെ മകളെ വിവാഹം കഴിക്കാന്‍ പോകുന്ന പയ്യനായി ഒരുക്കിയത്. പടിഞ്ഞാറന്‍ ഗോദാവരിയിലെ നര്‍സാപുരത്ത് നിന്നുള്ള സ്വര്‍ണ്ണ […]

തിരുവനന്തപുരം: വാവ സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. തിരുവനന്തപുരം പോത്തൻകോട്ടായിരുന്നു സംഭവം. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാവ സുരേഷിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പോത്തൻകോട്ട് നിന്ന് ശ്രീകാര്യത്തേക്ക് പോകുകയായിരുന്ന വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാറിൽ ശ്രീകാര്യം ഭാഗത്ത് നിന്ന് വന്ന കാർ ഇടിച്ചുകയറുകയായിരുന്നു. ഈ കാറിൽ രണ്ടു സ്ത്രീകളും നവജാത ശിശുവും ഡ്രൈവർ ഉൾപ്പെടെ രണ്ട് പുരുഷൻമാരുമാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കുണ്ടെന്നാണ് വിവരം.

  കൊച്ചി: മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന മിനിസ്‌ക്രീന്‍ സുപ്പര്‍സ്റ്റാഴ്‌സ് നിഷ സാരംഗും ബിജു സോപാനവും ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും തീരിച്ചെത്തിയിരിക്കുകയാണ്. ജനപ്രിയ വിനോദ ചാനല്‍ സീ കേരളം ഇന്നു മുതല്‍ അവതരിപ്പിക്കുന്ന എരിവും പുളിയും എന്ന പുത്തന്‍ പരമ്പരയിലൂടെയാണ് കിടിലന്‍ മേക്ക് ഓവറിലൂടെ ഈ ഓൺസ്ക്രീൻ കുടുംബത്തിന്റെ തിരിച്ചുവരവ്. തമാശകളുടെ രസക്കൂട്ടില്‍ ചാലിച്ച് പുതുപുത്തന്‍ സ്‌റ്റൈലില്‍ ഒരുക്കുന്ന എരിവും പുളിയും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് വേറിട്ടു നില്‍ക്കുന്ന വിനോദ അനുഭവമാകും എന്നത് ഉറപ്പാണ്. പ്രേക്ഷകരെ […]

തിരുവനന്തപുരം: കേരളത്തിന്റെ ക്രമസമാധാനനില പൂർണമായി തകർന്നിരിക്കുകയാണെന്നും ഗുണ്ടകളുടെ ഔദാര്യത്തിലാണ് ജനജീവിതം മുന്നോട്ടു പോകുന്നതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് പറഞ്ഞു. പോലീസും ഭരണകൂടവും നോക്കി നിൽക്കുകയാണ് കേരളത്തിൽ വ്യാപകമായി ഗുണ്ടാവിളയാട്ടം നടക്കുന്നത്. കേരളത്തിലെ ഗുണ്ടകളെ നിയന്ത്രിക്കുന്നതിനുവേണ്ടി ‘ഓപ്പറേഷൻ കാവൽ’ എന്ന പേരിൽ നടത്തിക്കൊണ്ടിരിക്കുന്ന പോലീസ് പദ്ധതി തികഞ്ഞ പരാജയമാണ്. യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിനു പകരം പൊതു പ്രവർത്തനം നടത്തുന്ന വ്യക്തികളെയും ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുന്നവരെയും തിരഞ്ഞു പിടിച്ചു അറസ്റ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും […]

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം എന്ന് വിളിച്ച് കൂവുന്ന കോൺഗ്രസ് നേതാക്കൾ ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ അമ്മയുടെയും കണ്ണുനീർ കാണണമെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ.എ. റഹീം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റഹീം കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. ഫേസ്ബുക്ക് പോസ്റ്റ്… സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം എന്നാണ് വി ഡി സതീശൻ മുതൽ യൂത്ത് കോൺഗ്രസ്സ് നേതാക്കൾ വരെ ഇന്ന് വിളിച്ചു കൂവുന്നത്.കോട്ടയത്ത് ഗുണ്ടാ തലവൻ കൊലപ്പെടുത്തിയ ചെറുപ്പക്കാരന്റെ അമ്മയുടെ ദൃശ്യങ്ങളാണ് വൈകാരികമായി ഇവരൊക്കെയും ഉപയോഗിച്ച് കണ്ടത്.ഗുണ്ടാ സംഘങ്ങളെ നിയമം […]

മലമ്പുഴ: കുളിക്കുന്നതിനിടെ വാരണി പുഴയിൽ അകപ്പെട്ട രണ്ടു സ്ത്രീകളെയും, കുഞ്ഞിനെയും രക്ഷിച്ച കുട്ടികളുടെ വീട്ടിലെത്തി എ.പ്രഭാകരൻ എം.എൽ.എ ആദരിച്ചു. വൈകീട്ട് അഞ്ചിന് വാരണി അക്കരകാട്ടിലെത്തിയ എ. പ്രഭാകരൻ എം.എൽ.എയും, കേരള ബാങ്ക് മാനേജർ പ്രീത കെ മേനോനും ചേർന്ന് കുട്ടികൾക്ക് സമ്മാനം നൽകി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബി. ബിനോയി, കല്ലേപുള്ളി ശാഖ മാനേജർ വിനോദ് എന്നിവരും കുട്ടികളെ അനുമോദിച്ചു. നേരത്തെ മലമ്പുഴ പോലീസും കുട്ടികളെ സമ്മാനം നൽകി അനുമോദിച്ചിരുന്നു.

error: Content is protected !!