/sathyam/media/post_attachments/SCTmn7IJDZQxqXlG2nca.jpg)
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അന്തിമഫലം പ്രഖ്യാപിക്കുന്നത് ഇനിയും ഏറെ വൈകുമെന്ന് സൂചനകള്‍. ആർക്കൊപ്പം നിൽക്കുമെന്ന് ഉറപ്പില്ലാത്ത സ്വിങ് സ്റ്റേറ്റുകളാണ് നിലവിൽ ട്രംപിന്റെയും ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന്റെയും പ്രതീക്ഷകളെ അനിശ്ചിതത്വത്തിലേക്കു വീഴ്ത്തിയത്. പലയിടത്തും വോട്ട് എപ്പോൾ എണ്ണിത്തീരുമെന്നു പോലും വ്യക്തമല്ല. വോട്ടുകള്‍ പൂര്‍ണമായും എണ്ണിത്തീരാന്‍ ചിലപ്പോള്‍ ആഴ്ചകള്‍ത്തന്നെ വേണ്ടിവന്നേക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
താന്‍ വിജയിച്ചതായി പ്രഖ്യാപിച്ച ഡൊണാള്‍ഡ് ട്രംപ് പുലര്‍ച്ചെ നാലു മണിക്ക് ശേഷമുള്ള ബാലറ്റുകള്‍ എണ്ണരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണം തട്ടിപ്പായിരുന്നു. ഇനിയുള്ള വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും ട്രംപ് അറിയിച്ചു.
ട്രംപിന്റെ നീക്കം അന്യായവും കീഴ് വഴക്കമില്ലാത്തതും അബദ്ധവുമാണെന്നാണ് ബൈഡന്റെ കാമ്പെയ്ൻ മാനേജർ ജെൻ ഒ മാലെ ഡില്ലൺ പുറത്തിറക്കിയ പ്രസ്താവനയിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ട്രംപിന്റെ ശ്രമത്തെ പ്രതിരോധിക്കാൻ നിയമവിദഗ്ധരുടെ സംഘം തയ്യാറായി നിൽക്കുകയാണെന്നും ആ ശ്രമത്തിൽ അവർ വിജയിക്കുമെന്നും മാനേജർ അവകാശപ്പെട്ടു.
വിജയം തനിക്കൊപ്പമാണെന്ന് പറഞ്ഞ് നേരത്തെ ജോ ബൈഡനും മാധ്യമങ്ങളെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും വിജയം അവകാശപ്പെട്ട് രംഗത്തെത്തിയത്.
തപാല്‍ വോട്ടുകളിലുള്ള വര്‍ധന തന്നെയാണ് വോട്ടെണ്ണല്‍ വൈകുന്നതിന് പ്രധാന കാരണം. വ്യത്യസ്ത സ്റ്റേറ്റുകളില്‍ വോട്ടണ്ണല്‍ സംബന്ധിച്ച് വ്യത്യസ്ത നിയമങ്ങളാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ സ്‌റ്റേറ്റുകളിലും ഫലം പുറത്തുവരുന്നത് പല സമയങ്ങളിലാകും. ചിലയിടങ്ങളില്‍ പൂര്‍ണമായി വോട്ടുകള്‍ എണ്ണിത്തീരാന്‍ ആഴ്ചകള്‍ വേണ്ടിവരും. ഡൊണാള്‍ഡ് ട്രംപ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വോട്ടെണ്ണല്‍ വൈകുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു.
‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് പ്രകാരം ആകെയുള്ള 538 ഇലക്ടറൽ വോട്ടുകളിൽ 227 എണ്ണവും ബൈഡൻ സ്വന്തമാക്കിക്കഴിഞ്ഞു. ട്രംപ് നേടിയത് 213 വോട്ട്. ആകെ 270 വോട്ടുകളാണു പ്രസിഡന്റ് സ്ഥാനത്തേക്കു വിജയിക്കാൻ വേണ്ടത്. ‘ദ് ഗാർഡിയന്റെ’ കണക്ക് പ്രകാരം 238 വോട്ടുകളാണ് ബൈഡനു ലഭിച്ചത്, ട്രംപിന് 213ഉം. എന്നാൽ ‘സിഎൻഎൻ റിപ്പോർട്ട് പ്രകാരം ബൈഡന് 220ഉം ട്രംപിന് 213ഉം വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us