ദേശീയം

ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ ആറു മാസം അലക്കി ഇസ്തിരിയിടണം; ബലാത്സംഗ കേസ് പ്രതിക്ക് ബീഹാര്‍ കോടതി വിധിച്ച ശിക്ഷ ഇങ്ങനെ..!

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, September 24, 2021

പട്‌ന: ബീഹാറിലെ മധുബാനിയിലെ ഒരു കോടതി ബലാത്സംഗ കേസ് പ്രതികള്‍ക്ക് നല്‍കിയ ശിക്ഷയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഗ്രാമത്തിലെ ഒരു യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിയ്ക്കാണ് കോടതി വ്യത്യസ്തമായ ശിക്ഷ വിധിച്ചിരിക്കുന്നത്‌. പ്രതിയ്ക് ജാമ്യം അനുവദിക്കുമ്പോഴാണ് മധുബാനി കോടതി ശിക്ഷയും പ്രഖ്യാപിച്ചിരിക്കുന്നത്‌ .

കോടതി ഉത്തരവ് പ്രകാരം പ്രതി ശിക്ഷയായി ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ ആറ് മാസത്തോളം അലക്കി ഇസ്തിരിയിടണം.  ഇര ഉൾപ്പെടെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങൾ സൗജന്യമായി അലക്കുമെന്ന വ്യവസ്ഥയിൽ പ്രതിയായ ലാലൻ കുമാർ സഫിയ്ക്ക് ജഞ്ചാർപൂർ കോടതിയിലെ എഡിജെ അവിനാഷ് കുമാർ ജാമ്യം അനുവദിച്ചു.

അലക്കുകാരനായ പ്രതിയ്ക്ക് വെറും 20 വയസ്സ് മാത്രമാണ് പ്രായമെന്നും മാപ്പ് നൽകണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകർ വാദിച്ചു. പ്രതി തന്റെ പ്രൊഫഷണൽ ശേഷിയിൽ സമൂഹത്തെ സേവിക്കാൻ തയ്യാറാണെന്നും അഭിഭാഷകർ പറഞ്ഞു. ചൊവ്വാഴ്ച കോടതി പ്രതിയ്ക്ക് ജാമ്യം അനുവദിച്ചു.

കഴുകുന്നതിനും ഇസ്തിരിയിടുന്നതിനും പുറമേ 10,000 രൂപ വീതം രണ്ട് ആൾജാമ്യവും നൽകാൻ കോടതി പ്രതിയോട് ആവശ്യപ്പെട്ടു. ആറുമാസത്തെ സേവനത്തിനുശേഷം, പ്രതി ഗ്രാമത്തിലെ തന്റെ സൗജന്യ സേവനത്തിന്‌ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥൻ നൽകുന്ന സർട്ടിഫിക്കറ്റ് കൈമാറണം.

എഡിജെ അവിനാഷ് കുമാറിന്റെ കോടതി ഇത്തരം വിചിത്രമായ വിധികൾ മുൻപും പ്രസ്താവിച്ചിട്ടുണ്ട്. 2021 ഓഗസ്റ്റിൽ ലോക്ക്ഡൗൺ സമയത്ത് സ്കൂളുകൾ തുറക്കുന്നതിനെതിരെ ഒരു കേസ് ഫയൽ ചെയ്തതിന് ഗ്രാമത്തിലെ കുട്ടികളെ സൗജന്യമായി പഠിപ്പിക്കാൻ ഒരു അധ്യാപകനോട് അദ്ദേഹം ഉത്തരവിട്ടിരുന്നു.

 

 

×