കൊല്ലം: പത്തനാപുരത്ത് ആത്മഹത്യ ചെയ്ത സാക്ഷരതാപ്രേരക്ക് ബിജുമോൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുഞ്ഞുവെന്ന് സുഹൃത്തുക്കൾ. സമരം ചെയ്തിട്ടും സർക്കാർ ഇടപെടൽ ഉണ്ടാകാത്തതിൽ നിരാശനായിരുന്നു. ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ബിജുമോൻ പറഞ്ഞിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പുനർവിന്യാസ ഉത്തരവ് വരാത്തതിലും ബിജുമോൻ കടുത്ത നിരാശയിലായിരുന്നുവെന്ന് സുഹൃത്ത് ഷീജ പറഞ്ഞു.
ബജറ്റ് വരെ കാത്തിരിക്കുമെന്നും ബജറ്റിലും പുനർവിന്യാസ ഉത്തരവില്ലെങ്കിൽ രക്തസാക്ഷിത്വം വഹിക്കേണ്ടി വരുമെന്ന് ബിജുമോൻ പറഞ്ഞതായി അവർ പറഞ്ഞു. എട്ടുമാസമായി വേതനം കിട്ടാത്തതിൽ ബിജുമോൻ കടുത്ത നിരാശയിലാണന്നും മിക്കവരും സമാന അവസ്ഥയിലൂടെ കടന്നുപോകുന്നതെന്നും അവർ പറഞ്ഞു. ഇഎസ്ഐ ആനുകൂല്യം പോലും ഇല്ലാതെ മൂന്ന് പേർക്ക് ജീവൻ നഷ്ടമായെന്നും ഷീജ പറഞ്ഞു.
മാങ്കോട് സ്വദേശി ഇ എസ് ബിജുമോനാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. ആറ് മാസമായി ശമ്പളം കിട്ടാത്തതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ബിജുമോൻ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ ഇരുപത് വര്‍ഷമായി സാക്ഷരതാ പ്രേരകായി ജോലി ചെയ്ത് വരികയായിരുന്ന ബിജുമോനെ കഴിഞ്ഞ ദിവസം രാവിലെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനാപുരം ബ്ലോക്ക് നോഡൽ പ്രേരകാണ് ബിജുമോൻ. മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയിട്ടുണ്ട്. ശമ്പളം കിട്ടാത്തതിനെത്തുര്‍ന്ന് 49 കാരനായ ബിജുമോൻ കടുത്ത മനോവിഷമത്തിലായിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റി കഴിഞ്ഞ മാര്‍ച്ച് 31ന് ഉത്തരവിറങ്ങിയിരുന്നെങ്കിലും നടപ്പായില്ല. ഇതേത്തുടര്‍ന്നാണ് ഇവരുടെ ശമ്പളം മുടങ്ങിയത്. കഴിഞ്ഞ 80 ദിവസമായി കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത് വരികയാണ്.