ഓട്ടോയില്‍ ഇടിച്ച ബൈക്ക് ലോറിയ്ക്കടിയിലേക്ക് തെറിച്ച് വീണ് പ്ലസ്ടു വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം ; അഞ്ച് പേര്‍ക്ക് പരിക്ക്, സംഭവം ആലപ്പുഴയില്‍

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Friday, January 24, 2020

ആലപ്പുഴ : ഓട്ടോയിൽ ഇടിച്ച ബൈക്ക് ലോറിക്കടിയിൽപെട്ട് പ്ലസ് ടു വിദ്യാർഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഉൾപ്പെടെ 5 പേർക്ക് പരുക്കേറ്റു. ആലപ്പുഴ ആശ്രമം വാർഡ് തെക്കേത്തയ്യിൽ നിന്നു പുന്നപ്ര വടക്ക് പഞ്ചായത്ത് കപ്പക്കടയ്ക്കു കിഴക്ക് വാടക വീട്ടിൽ താമസിക്കുന്ന കനകദാസിന്റെ മകൻ കിരൺദാസ് (17) ആണ് മരിച്ചത്. സുഹൃത്ത് പുന്നപ്ര വടക്ക് കണ്ടംപറമ്പിൽ വിനോദിന്റെ മകൻ കിരൺ (20), ഓട്ടോ തട്ടി പരുക്കേറ്റ കാൽനടയാത്രക്കാരി പറവൂർ പൂന്തിരഞ്ചിറയിൽ ലീല (67) എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഓട്ടോ യാത്രക്കാരായ 2 സ്ത്രീകൾക്കും ഒരു സൈക്കിൾ യാത്രക്കാരനും നിസ്സാര പരുക്കേറ്റു. ഇന്നലെ രാവിലെ 11.30നു ജനറൽ ആശുപത്രി ജംക്‌ഷനു വടക്ക് സബ് റജിസ്ട്രാർ ഓഫിസിനു മുന്നിലായിരുന്നു അപകടം. വടക്കോട്ട് പോകുകയായിരുന്ന ബൈക്ക് എതിർദിശയിൽ വന്ന ഓട്ടോയിൽ തട്ടിയ ശേഷം ലോറിയുടെ അടിയിൽ പെടുകയായിരുന്നുവെന്ന് സൗത്ത് പൊലീസ് പറഞ്ഞു. ബൈക്ക് ഇടിച്ചതോടെ നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ ഓടയിലേക്ക് വീണാണ് യാത്രക്കാർക്ക് പരുക്കേറ്റത്.

ഓട്ടോ മറിയുന്നതു കണ്ട് ഓടിമാറുമ്പോഴാണ് ലീലയ്ക്കു പരുക്കേറ്റത്.മകരപ്പൂയ ഉത്സവത്തിൽ വേൽ കുത്തുന്നതിനു മാലയിട്ടിരുന്ന കിരൺദാസ് അതുമായി ബന്ധപ്പെട്ട ആവശ്യത്തിനു പോകുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ആലപ്പുഴ എസ്ഡിവി എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയാണ്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം പറവൂരിലെ ചെമ്മങ്ങാട് വസതിയിൽ എത്തിച്ച ശേഷം ആശ്രമം വാർഡിലെ കുടുംബ വീട്ടിൽ 2നു സംസ്കരിക്കും. മാതാവ് ഷൈജി പറവൂർ ഗവ.എച്ച്എസ് ജീവനക്കാരിയാണ്. സഹോദരങ്ങൾ: കാളിദാസ്, കൃഷ്ണദാസ്.

×