ആരെയും സങ്കടപ്പെടുത്താൻ വയ്യ ! ഒരേ മണ്ഡപത്തിൽ വച്ച് രണ്ടു കാമുകിമാരെയും താലികെട്ടി യുവാവ് !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 8, 2021

ബിലാസ്പുർ: ആരെയും സങ്കടപ്പെടുത്താൻ വയ്യ, അങ്ങനെ രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തിൽ വച്ച് വിവാഹം കഴിച്ച് യുവാവ് പ്രണയസാഫല്യം നേടി. അസാധാരണമായ ഈ സംഭവം നടന്നത് ഛത്തിസ്ഗഡിലാണ്. കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ആയിരുന്നു എല്ലാവിധ ആചാരങ്ങളോടെയും ഔപചാരികതകളോടെയും വിവാഹം നടന്നത്.

ജനുവരി അഞ്ചിന് ആയിരുന്നു വിവാഹച്ചടങ്ങ് നടന്നത്. ചന്ദു മൗര്യ എന്ന 24കാരൻ തന്റെ രണ്ടു കാമുകിമാരെയും ഒരേ മണ്ഡപത്തിൽ വച്ച് സ്വന്തമാക്കുന്നതിന് സാക്ഷിയാകാൻ ബന്ധുക്കാരും സ്വന്തക്കാരും നാട്ടുകാരുമായി അഞ്ഞൂറോളം ആളുകൾ എത്തിയിരുന്നു.

രണ്ടുപേരും എന്നെ സ്നേഹിക്കുന്നതിനാലാണ് ഞാൻ രണ്ടുപേരെയും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. എനിക്ക് അവരെ ഒറ്റപ്പെടുത്താൻ കഴിയില്ല. എന്നോടൊപ്പം എല്ലാക്കാലവും ഉണ്ടായിരിക്കുമെന്ന് അവർ രണ്ടുപേരും സമ്മതിച്ചു’ – ചന്ദു ഒരു മാധ്യമത്തിനോട് പറഞ്ഞു. വിവാഹച്ചടങ്ങിൽ നിന്നുള്ള ഒരു വീഡിയോയും വിവാഹത്തിന്റെ ക്ഷണക്കത്തും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.

മാവോയിസ്റ്റ് ബാധിത പ്രദേശമായ ബസ്തർ ജില്ലയിലെ ഒരു കർഷകനും തൊഴിലാളിയുമാണ് ചന്ദു. വൈദ്യുതി തൂണുകൾ സ്ഥാപിക്കാൻ ടോകാപാൽ പ്രദേശത്ത് പോയപ്പോഴാണ് സുന്ദരി കശ്യപ് എന്ന 21 കാരിയുമായി പ്രണയത്തിലായത്. ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു.

എന്നാൽ, ഒരു വർഷത്തിനു ശേഷം ഹസീന ബാഗൽ എന്ന പെൺകുട്ടിയും ഇയാളുടെ ജീവിതത്തിലേക്ക് കടന്നു വരികയായിരുന്നു. ചന്ദു മൗര്യയുടെ സ്ഥലമായ ടിക്രലോഹംഗയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആയിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയിൽ ഇരുവരും പ്രണയത്തിലാകുകയും ചെയ്തു.

എന്നാൽ, തനിക്ക് ഒരു പ്രണയമുണ്ടെന്ന് ചന്ദു ഹസീനയോട് പറഞ്ഞു. എന്നാൽ, അത് തനിക്കൊരു പ്രശ്നമല്ലെന്ന് ഹസീന വ്യക്തമാക്കി. തുടർന്ന് ഹസീനയും സുന്ദരിയും പരസ്പരം പരിചയപ്പെടുകയും താനുമായി ബന്ധം തുടരാൻ സമ്മതിക്കുകയുമായിരുന്നു എന്ന് ചന്ദു പറയുന്നു. തുടർന്ന് മൂന്നുപേരും ചന്ദുവിന്റെ വീട്ടിൽ താമസം ആരംഭിച്ചു. വീട്ടിൽ ചന്ദുവും അദ്ദേഹത്തിന്റെ മാതാപിതാക്കളും രണ്ടു സഹോദരങ്ങളും ഉണ്ടായിരുന്നു. ഹസീനയുടെ വീട്ടുകാർ വിവാഹച്ചടങ്ങിൽ പങ്കെടുത്തെങ്കിലും സുന്ദരിയുടെ വീട്ടിൽ നിന്ന് ആരും ചടങ്ങിന് എത്തിയില്ലെന്ന് ചന്ദു വ്യക്തമാക്കി.

×