ഡിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കാന്‍ പോലും ആലോചിച്ചു. അന്ധവിശ്വാസം പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പ്രതിസന്ധികള്‍ മറികടന്ന് കൊല്ലം ഡിസിസി ഓഫീസ് യാഥാര്‍ത്ഥ്യമാക്കിയ സന്തോഷത്തില്‍ ബിന്ദു കൃഷ്ണ

ന്യൂസ് ബ്യൂറോ, കൊല്ലം
Wednesday, August 19, 2020

കൊല്ലം: പതിറ്റാണ്ടുകളായി നിര്‍മാണം മുടങ്ങി കിടന്ന ജില്ലാ ആസ്ഥാനമന്ദിരത്തിന്‍റെ പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ. അധ്യക്ഷ പദവിയിലെത്തിയപ്പോഴത്തെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതിന്‍റെ സന്തോഷത്തിലാണ് ബിന്ദു കൃഷ്ണയിപ്പോള്‍.

കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ വനിതാ ഡിസിസി പ്രസിഡന്‍റാണ് ബിന്ദു കൃഷ്ണ. ആദ്യം ഡിസിസി പ്രസിഡന്‍റായ വനിത കൊല്ലം ജില്ലയിലെ തന്നെ സരസ്വതി കുഞ്ഞികൃഷ്ണനായിരുന്നു.

അധ്യക്ഷപദവിയില്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴാണ് ബിന്ദു കൃഷ്ണ കൊല്ലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറ്റവും വലിയ മോഹമായിരുന്ന സി.എം സ്റ്റീഫന്‍-ആര്‍.ശങ്കര്‍ മന്ദിരത്തിന്‍റെ പണി പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചേര്‍ന്നാണ് കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

രണ്ടു നിലയുള്ള കെട്ടിടം 11,836 ചതുരശ്ര അടിയുണ്ട്. ആദ്യ നില ഓഫീസും രണ്ടാം നിലയില്‍ 800 പേര്‍ക്ക് ഇരിക്കാവുന്ന മീറ്റിങ് ഹാളുമാണ്. ഡിസിസി അധ്യക്ഷ പദവിലേക്ക് എത്തിയപ്പോള്‍തന്നെ മനസിലെ സ്വപ്നമായിരുന്ന ഓഫീസ് മന്ദിരത്തെക്കുറിച്ച് ബിന്ദു കൃഷ്ണ സത്യം ഓണ്‍ലൈനിനോട് മനസു തുറന്നു.

1987ല്‍ കൊല്ലം എസ്എന്‍ വനിതാ കോളേജിലെ യൂണിറ്റ് ഭാരവാഹിയായിരിക്കെയാണ് ആദ്യമായി ഡിസിസി ഓഫീസില്‍ എത്തുന്നത്. കെ.എസ്.യു മീറ്റിങ്ങിനായി എത്തിയ തന്‍റെ കണ്ണില്‍ ആദ്യം പെട്ടത് ഈ കെട്ടിത്തിന്‍റെ പില്ലര്‍ ആയിരുന്നു. പിന്നീട് ഡിസിസി പ്രസിഡന്‍റായി എത്തിയപ്പോള്‍ പഴയ ഓര്‍മ്മകള്‍ വന്നു.

അന്ധവിശ്വാസങ്ങളെ തരണം ചെയ്ത്

കെട്ടിട നിര്‍മ്മാണം പുനരാരംഭിക്കണമെന്ന ചിന്ത ആദ്യം വന്നപ്പോ തന്നെ ഉയര്‍ന്നത് പല അന്ധവിശ്വാസങ്ങളും ആയിരുന്നു. പലയിടത്തുനിന്നും എതിര്‍പ്പുണ്ടായി.

ആദ്യം പണി തുടങ്ങിയ ഡിസിസി പ്രസിഡന്‍റ് എം. അഴകേശന്‍ മുതല്‍ കൊടിക്കുന്നില്‍ സുരേഷ് വരെയുള്ള നാലു മുന്‍ഗാമികളുടെ സ്ഥാനം പോയ കഥ പലരും ഓര്‍മ്മിപിച്ചു. പക്ഷേ ഇതൊന്നും തളര്‍ത്തിയില്ല. പതുക്കെ നിര്‍മ്മാണം നിര്‍മ്മാണം തുടങ്ങാനുള്ള തീരുമാനവുമായി മുമ്പോട്ടു പോയി.

പണമായിരുന്നു പ്രധാന പ്രശ്നം

കെട്ടിടം പണി തുടങ്ങിയതോടെ പ്രധാന പ്രശ്നമായി മാറിയത് പണം കണ്ടെത്തുക എന്നതായിരുന്നു. പഴയ കരാറുകാര്‍ 60ലക്ഷം കൂടി മുടക്കിയാല്‍ പണി തീര്‍ക്കാമെന്ന ഉറപ്പു നല്‍കി. പല പ്രതിസന്ധികളെയും നേരിട്ടു. പക്ഷേ പ്രവര്‍ത്തകരും നേതാക്കളും സഹായിച്ചു. റിസ്ക് എടുക്കാന്‍ താന്‍ തയ്യാറായി എന്നതാണ് വാസ്തവം. കടമുണ്ട്. കുറെയൊക്കെ ഉദ്ഘാടനത്തിന് ശേഷം നല്‍കി.

രാജിവച്ചാലോ എന്നുപോലും ആലോചിച്ചു  

കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെ പ്രതിസന്ധികള്‍ തുടരെത്തുടരെ വന്നപ്പോ രാജിവച്ചാലോ എന്നു പോലും ചിന്തിച്ചിരുന്നു. അന്നും ആശ്വാസവും പിന്തുണയുമായി പ്രവര്‍ത്തകരുണ്ടായി. ദൈവവിശ്വാസവും മുമ്പോട്ടുതന്നെ പോകാന്‍ തുണയായി.

ഇനി മുന്നിലുള്ളത്

വനിതാ പ്രസിഡന്‍റ് എന്ന നിലയില്‍ വെല്ലുവിളിയുണ്ടായെങ്കിലും നേതാക്കളും പ്രവര്‍ത്തകരും പിന്തുണച്ചു. ഇനി ലക്ഷ്യം പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ വേഗത്തിലാക്കി. നേരത്തെ ജനകീയ പ്രക്ഷോഭ ജ്വാലയുടെ ഭാഗമായി ജില്ലയില്‍ 521 കിലോമീറ്റര്‍ പദയാത്ര നടത്തി. ജനങ്ങളെ കൂടെ നിര്‍ത്തി ഇനി മുന്നോട്ട്.

×