ബിനീഷിന് തലസ്ഥാനത്ത് ബിനാമി ഇടപാടുകള്‍ ഇനിയുമുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ! ബിനീഷിന്റെ മാതാവ് ഉദ്ഘാടനം ചെയ്ത വ്യാപാര സ്ഥാപനം ബിനീഷിന്റെ ബിനാമിയുടേതെന്നും സംശയം. യുഡിഎഫ് സര്‍ക്കാരിനെ വിവാദത്തിലാക്കിയ പാറ്റൂര്‍ ഭൂമിയിടപാടിലും ബിനീഷിന്റെ ഇടപെടല്‍ ! സര്‍ക്കാര്‍ ഭൂമി കയ്യേറിയവര്‍ക്ക് ഒത്താശ ചെയ്ത് ഒത്തുത്തീര്‍പ്പിന് പ്രതിഫലമായി ലഭിച്ചത് ആഡംബര ഫ്‌ളാറ്റ് ! വഴുതക്കാട്ടെ ഫ്‌ളാറ്റില്‍ അന്വേഷണത്തിനൊരുങ്ങി ഇഡി…

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, November 26, 2020

തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് കൂടുതല്‍ ബിനാമി സ്വത്തുക്കള്‍ ഉള്ളതായി ഇഡിക്ക് വിവരം ലഭിച്ചു.

ബിനീഷിന്റെ മാതാവ് വിനോദിനി കോടിയേരി കുറച്ചുനാള്‍ മുമ്പ് ഉദ്ഘാടനം ചെയ്ത ഒരു സ്ഥാപനത്തിന്റെ യഥാര്‍ത്ഥ ഉടമ ബിനീഷാണെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍. ഇതിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ബിനീഷിന്റെ കുടംുബാംഗങ്ങളെ ഇഡി ഉടന്‍ ചോദ്യം ചെയ്യും.

സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ തൊട്ടുപിന്നാലെ തന്നെ ബിനീഷിന്റെ സ്വത്തുവകകളില്‍ കാര്യമായ വര്‍ധനവുണ്ടായായതായാണ് ഇഡി നടത്തിയ അന്വേഷണത്തില്‍ തെളിയുന്നത്.

മുന്‍ സര്‍ക്കാരിന്റെ കാലത്തു നടന്ന ഒരു വിവാദ ഇടപാടില്‍ കേസുകള്‍ ഇല്ലാതാക്കാമെന്നു വാഗ്ദാനം ചെയ്ത് ബിനീഷ് പ്രതിഫലം പറ്റിയെന്നാണ് സൂചന. ഇതേക്കുറിച്ചും ഇഡി അന്വേഷിക്കുന്നുണ്ട്.

സര്‍ക്കാര്‍ ഭൂമി കൈയേറി പാറ്റൂരില്‍ ഫ്‌ളാറ്റ് നിര്‍മിച്ച കേസിലും ബിനീഷ് കോടിയേരിയുടെ പങ്ക് സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തെ വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ പാറ്റൂര്‍ ഫ്‌ളാറ്റ് നിര്‍മാണത്തിനെതിരേ കേസുകള്‍ ആരംഭിച്ച ഘട്ടത്തില്‍ ബിനീഷ് ഇടപെട്ടതിനുള്ള സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. പാറ്റൂര്‍ ഭൂമിയില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിച്ച ആര്‍ട്ടെക്ക് കമ്പനിക്കെതിരേയായിരുന്നു യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് കേസുകളുണ്ടായത്.

പാറ്റൂര്‍ ഇടപാടില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഉന്നതര്‍ പ്രതികളാക്കപ്പെട്ടതോടെയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. ഇതിന് ബിനീഷ് സഹായം ചെയ്‌തെന്നും ഇതിനു പ്രത്യുപകാരമായി നിര്‍മാണ കമ്പനി തിരുവനന്തപുരത്ത് വഴുതക്കാട്ടുള്ള ‘ആര്‍ട്ടെക് കല്ല്യാണി’ യില്‍ ബിനീഷിന് ബിനാമി പേരില്‍ ഫ്‌ളാറ്റ് നല്‍കിയെന്നാണു ഇഡിക്ക് ലഭിച്ച വിവരം.

ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ബിനീഷ് സഹായം നല്‍കിയെന്നാണ് ആരോപണം. പാറ്റൂര്‍ കേസില്‍ മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍ ഉള്‍പ്പെടെ എട്ട് ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ പ്രതികളാണ്.

രണ്ടരക്കോടി രൂപ വിലമതിക്കുന്ന പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി കൈയേറി ഫ്‌ളാറ്റ് നിര്‍മിച്ചെന്ന പരാതിയില്‍ നാല് കേസുകള്‍ ഹൈക്കോടതിയില്‍ നിലവിലുണ്ട്.

ലോകായുക്തയുടെ ഉത്തരവുപ്രകാരം നേരത്തെ പതിനാറര സെന്റ് സ്ഥലം ജില്ലാ കലക്ടര്‍ പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് നിയമനടപടികള്‍ക്ക് തുടക്കമിട്ടത്. ഈ കേസിന്റെ പലഘട്ടത്തിലും ഭരണസ്വാധീനം ഉപയോഗിച്ച് ബിനീഷ് ഇടപെട്ടിട്ടുണ്ടെന്നാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന വിവരം.

ഈ വിഷയത്തിലും വിശദമായ അന്വേഷണം നടത്താനാണ് ഇഡി തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ബിനീഷിന്റെ കുടുംബാംഗങ്ങളെ വരും ആഴ്ചകളില്‍ ചോദ്യം ചെയ്യും.

×