Advertisment

കുട്ടിയുടെ പിതൃത്വം സംബന്ധിച്ച കാര്യങ്ങള്‍ കരാറില്‍ എടുത്തുപറയുന്നില്ല, യുവതിക്ക് പണം നൽകിയതിൻ്റെ രേഖകൾ ബിനോയ് ബോംബെ ഹൈക്കോടതിയിൽ സമര്‍പ്പിച്ചു; ബിനോയ് കോടിയേരി പണം നൽകിയത് കുട്ടിയുടെ നല്ല ഭാവിക്ക്

author-image
പൊളിറ്റിക്കല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയില്‍ ഒത്തുതീര്‍പ്പായി. എല്ലാ കേസുകളും പിന്‍വലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികള്‍ അവസാനിപ്പിച്ചതായും ബിഹാര്‍ സ്വദേശിനി വ്യക്തമാക്കുകയും ചെയ്തു കഴിഞ്ഞു. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറിയെന്നാണ് പുറത്തു വരുന്ന വിവരം.  പണം കൈമാറിയ വിവരം ബിനോയ് കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് കേസിൻ്റെ കാര്യത്തിൽ തീരുമാനമായത്. അതേസമയം 80 ലക്ഷം രൂപയല്ല കെെമാറിയതെന്നും അതിൽ കൂടുതലുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

യുവതിക്ക് പണം നൽകിയതിൻ്റെ രേഖകൾ ബിനോയ് ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.എന്നാല്‍ കുട്ടിയുടെ പിതൃത്വം സംബന്ധിച്ച കാര്യങ്ങള്‍ കരാറില്‍ എടുത്തുപറയുന്നില്ല. ജസ്റ്റിസുമാരായ ആർ പി മൊഹിത് ദേരെ, എസ് എം മോദക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇരുവരുടെയും ഒത്തുതീർപ്പുവ്യവസ്ഥകൾ അംഗീകരിച്ചത്. പരാതിക്കാരിയുടെ കുട്ടിയുടെ ഭാവിക്കായാണ് ബിനോയ് പണം കെെമാറിയതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

2019 ജൂണിലാണ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായും എട്ടു വയസ്സുള്ള ആണ്‍കുട്ടിയുണ്ടെന്നും ആരോപിച്ച് യുവതി രംഗത്തെത്തിയത്. തുടര്‍ന്ന് ഇവര്‍ കുട്ടിയെ വളര്‍ത്താനുള്ള പണം ആവശ്യപ്പെട്ട് മുംബൈ ഓഷിവാര പൊലീസില്‍ പരാതി നല്‍കി. സംഭവം വലിയ വാര്‍ത്തയായതോടെ പരാതി വ്യാജമാണെന്ന് ആരോപിച്ച് ബിനോയ് രംഗത്തെത്തി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബോംബൈ ഹൈക്കോടതിയെയും സമീപിച്ചു. തുടര്‍ന്ന് ഡിഎന്‍എ പരിശോധനയും നടത്തി. എന്നാല്‍ ഇതുവരെ ഈ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ഇതിനിടെയാണ് കേസ് ഒത്തുതീര്‍പ്പായത് ഇരുവരും ഹൈക്കോടതിയെ അറിയിച്ചത്.

ബിനോയ് കോടിയേരിയാണ് കുട്ടിയുടെ അച്ഛനെന്ന് കാണിച്ച് ബിഹാര്‍ സ്വദേശിനിയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ പരാതി വ്യാജമാണെന്ന് ആരോപിച്ച് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. എഫ് ഐ ആര്‍ റദ്ദാക്കണമെന്നും ബിനോയ് ആവശ്യപ്പെട്ടിരുന്നു. ആ സമയത്താണ് ഡിഎന്‍എ പരിശോധന നടത്തി പിതൃത്വം തെളിയിക്കണമെന്ന ആവശ്യം കോടതി തന്നെ മുന്നോട്ട് വയ്‌ക്കുന്നത്. അതിന്മേലാണ് ഡിഎന്‍എ പരിശോധന അടക്കം നടത്തിയത്.

പരിശോധനാഫലം ഏതാണ്ട് രണ്ട് വര്‍ഷത്തോളമായി ബോംബെ ഹൈക്കോടതി രജിസ്ട്രാറുടെ പക്കലായിരുന്നു. സീല്‍ ചെയ്ത കവറിലാണ് ഇതുള്ളത്. ഇതു തുറന്ന് പരിശോധിക്കുന്നതടക്കമുള്ള നടപടികള്‍ മന്ദഗതിയിലായിരുന്നു. ഇതിനിടയിലാണ് കേസ് ഒത്തു തീര്‍പ്പാക്കുന്നു എന്ന് കാണിച്ച് ബിനോയിയും യുവതിയും കോടതിയെ സമീപിച്ചതും കോടതി അനുകൂല നിലപാട് എടുത്തതും.

നേരത്തെ ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള അപേക്ഷയിന്മേല്‍ ബോംബെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് രണ്ട് കൂട്ടരും മറുപടി നല്‍കണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. യുവതിയുടെ കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം വേണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. രണ്ട് കൂട്ടരുടേയും മറുപടികള്‍ കൂടി വിലയിരുത്തിയതിന് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളു എന്നാണ് കോടതി വ്യക്തമാക്കിയതും. നിയമപ്രകാരം വിവാഹിതരായോ എന്ന ചോദ്യത്തിന് അതേ എന്ന് യുവതിയും ഇല്ല എന്ന് ബിനോയിയും മറുപടി നല്‍കിയിരുന്നു. അതിനിടെ യുവതിയുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും എല്ലാ ആരോപണങ്ങളും ശരിയല്ലെന്നാണ് ചൂണ്ടിക്കാട്ടിയതെന്നും പറഞ്ഞ് ബിനോയ് കോടിയേരി രംഗത്തെത്തുകയുണ്ടായി.

നേരത്തെ കേസ് ഒത്തുതീർക്കുന്നതിനോട് കോടതി അനുകൂല മനോഭാവമല്ല സ്വീകരിച്ചത്. കേസ് ഒത്തുതീര്‍പ്പിലെത്തിയെന്നു കാണിച്ച് നല്‍കിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച ഒത്തുതീര്‍പ്പു കരാറില്‍ തങ്ങളുടെ കുട്ടി വളര്‍ന്നുവരുകയാണെന്നും അവൻ്റെ ഭാവിയെ ഓര്‍ത്താണ് കേസ് ഒത്തുതീര്‍ക്കാന്‍ തീരുമാനിച്ചതെന്നുമാണ് ബിനോയ് കോടിയേരിയും യുവതിയും പറഞ്ഞിരുന്നത്. ഇരുവരും ഒപ്പിട്ട രേഖ കോടതിക്ക് കെെമാറുകയായിരുന്നു.

Advertisment