തന്റെ 37 വര്‍ഷം നീണ്ട സര്‍വീസിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പോലെ മികച്ച ഭരണാധികാരിയെ താന്‍ കണ്ടിട്ടില്ല: മുഖ്യമന്ത്രിയെ വിശേഷിപ്പിക്കാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ല: തീരുമാനങ്ങള്‍ എടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെയും നിശ്ചയദാര്‍ഢ്യത്തെയും താന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ബിശ്വാസ് മേത്ത

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, February 28, 2021

തിരുവനന്തപുരം: തന്റെ 37 വർഷം നീണ്ട സർവീസിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയനെ പോലെ മികച്ച ഭരണാധികാരിയെ താൻ കണ്ടിട്ടില്ലെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിച്ച ബിശ്വാസ് മേത്ത.

മുഖ്യമന്ത്രിയെ വിശേഷിപ്പിക്കാൻ തനിക്ക് വാക്കുകൾ കിട്ടുന്നില്ലെന്നും തീരുമാനങ്ങൾ എടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെയും നിശ്ചയദാർഢ്യത്തെയും താൻ അങ്ങേയറ്റം ബഹുമാനിക്കുന്നുവെന്നും മലയാളത്തിൽ നടത്തിയ വിരമിക്കൽ പ്രസംഗത്തിൽ ബിശ്വാസ് മേത്ത പറഞ്ഞു.

‘ഞാൻ കഴിഞ്ഞ ഒൻപത് മാസങ്ങൾക്കിടയിൽ 38 കാബിനറ്റുകളിലാണ് പങ്കെടുത്തത്. പിണറായിയുടെ കാലത്തെ ആറാമത്തെ ചീഫ് സെക്രട്ടറിയാണ് ഞാൻ. മുഖ്യമന്ത്രിക്ക് ഞാൻ 216 നോട്ട്‌സ് അയച്ചുകൊടുത്തിട്ടുണ്ട്. ഏറ്റവും വലിയ സർപ്രൈസ് എന്താണെന്ന് വച്ചാൽ, എല്ലാ നോട്ട്‌സും അദ്ദേഹം വായിക്കും. എങ്ങനെയാണ് അദ്ദേഹത്തിന് ഇത്രയും സമയം കിട്ടുന്നതെന്ന് എനിക്ക് മനസിലായിട്ടില്ല.’-ബിശ്വാസ് മേത്തയുടെ വാക്കുകൾ.

കേരളത്തിന് വേണ്ടത് പിണറായി വിജയനെ പോലെയുള്ള നേതാക്കളെയാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും അദ്ദേഹം നൽകിയ നിർദ്ദേശങ്ങൾക്കനുസരിച്ച്‌ തനിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നും മുൻ ചീഫ് സെക്രട്ടറി പറഞ്ഞു. സംസ്ഥാനത്തിന്റെ 47ആം ചീഫ് സെക്രട്ടറിയായി ഡോ. വിപി ജോയ് ചുമതലയേറ്റു. ഇന്ന് രാവിലെ 11 മണിക്കാണ് അദ്ദേഹം ചുമതലയേറ്റത്. സർക്കാരിന്റെ നയപരിപാടികൾക്ക് അനുസരിച്ച്‌ സംസ്ഥാനത്തിന്റെ പുരോഗതിക്ക് ആവശ്യമായ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

×