പച്ചക്കറി

കയ്പ്പില്ലാത്ത പാവയ്ക്കയെ കുറിച്ചറിയാം

Monday, June 28, 2021

ഏറെ ഗുണങ്ങള്‍ നിറഞ്ഞൊരു പച്ചക്കറിയാണ് പാവയ്ക്ക് അഥവാ കൈപ്പ. എന്നാല്‍ കയ്പ്പു രുചി കാരണം മിക്കവരും അടുക്കളയില്‍ നിന്ന് പാവയ്ക്കയെ പുറത്താക്കിയിരിക്കുകയാണ്. ഇതിനൊരു പരിഹാരമാണ് കന്റോല അഥവാ കയ്പ്പിലാത്ത പാവയ്ക്ക. പാവലിന്റെ കുടുംബത്തില്‍പ്പെട്ട ഒരു പച്ചക്കറി വിളയാണ് കന്റോല. നിരവധി ഗുണങ്ങളുള്ള കന്റോല നമ്മുടെ നാട്ടിലും നല്ല പോലെ വളരും. ആസാമിലാണ് കന്റോല വലിയ രീതിയില്‍ കൃഷി ചെയ്യുന്നത്.

കൃഷി രീതി

കുറച്ചു ശ്രദ്ധയോടെ ചെയ്യേണ്ടതാണ് കന്റോല കൃഷി. സ്വയം പരാഗണം നടക്കില്ലെന്നതാണ് പ്രധാന പ്രശ്‌നം. ആണ്‍ – പെണ്‍ ചെടികള്‍ പ്രത്യേകമുള്ളതിനാല്‍ പരാഗണത്തിന് ഇവ പ്രത്യേകം വളര്‍ത്തേണ്ടിവരും. 20 പെണ്‍ചെടിക്ക് ഒരു ആണ്‍ചെടി മതിയാകും. തുടര്‍ച്ചയായി പൂമ്പൊടി ലഭിക്കേണ്ടതിന് മൂന്നു മാസത്തെ ഇടവേളകളില്‍ ഒരു ആണ്‍ചെടിയെങ്കിലും വളര്‍ത്തിയെടുക്കണം. പാവല്‍ പടര്‍ത്തുന്നതുപോലെ പന്തലിട്ട് വേണം കന്റോലയും വളര്‍ത്താന്‍. നല്ല സൂര്യപ്രകാശമുള്ളിടത്ത് മികച്ച വിളവ് ലഭിക്കും.

നടീല്‍ വസ്തു കിഴങ്ങ്

കിഴങ്ങാണ് നടീല്‍ വസ്തു. വലിയ കിഴങ്ങുകളാണെങ്കില്‍ മുറിച്ച് വെയിലത്ത് വച്ചുണക്കിയ ശേഷം ഓരോ കുഴികളിലായി നടാം. ചെറിയ കിഴങ്ങുകള്‍ അതുപോലെ തന്നെ നട്ടാല്‍ മതി. ചാണകപ്പൊടിയും ചകിരിച്ചോറും നിറച്ച കുഴികളില്‍ വേണം കിഴങ്ങുകള്‍ നടാന്‍. ആണ്‍-പെണ്‍ ചെടികള്‍ ഇടകലര്‍ത്തി വേണം നടാന്‍. കൃത്രിമ പരാഗണം വേണം നടത്താനുള്ള സൗകര്യത്തിനായി പന്തലിന്റെ വലിപ്പം ക്രമീകരിക്കണം. കിഴങ്ങ് നട്ടു കഴിഞ്ഞാല്‍ ഏതാണ്ട് രണ്ട് മാസത്തിനുള്ളില്‍ പൂവിട്ട് തുടങ്ങും. ഏപ്രില്‍ -മാര്‍ച്ച്, ഒക്‌റ്റോബര്‍ – ഡിസംബര്‍ മാസങ്ങളിലാണ് കൃഷിയാംരംഭിക്കാന്‍ നല്ലത്. നന്നായി നനയ്ക്കാനുള്ള സൗകര്യമുണ്ടായിരിക്കണം. എന്നാല്‍ തടത്തിലൊരിക്കലും വെള്ളക്കെട്ട് ഉണ്ടാകാന്‍ പാടില്ല. ഒരു വര്‍ഷത്തോളം വള്ളിയില്‍ നിന്നു വിളവ് ലഭിക്കും. പിന്നീട് വള്ളിവെട്ടി വിട്ടാല്‍ വള്ളി വീശി പുതിയ ഇലകളുണ്ടാകും. ഇത്തരത്തില്‍ നാലോ അഞ്ചോ വര്‍ഷം വരെ ഒരു ചെടിയില്‍ നിന്ന് വിളവെടുക്കാം. മണ്ണില്‍ നിന്ന് പൊങ്ങിവരുന്ന കിഴങ്ങുകള്‍ അടുത്ത നടലിനായി ഉപയോഗിക്കാം.

×