കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് വേഗത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സുപ്രീംകോടതിയെ സമീപിച്ചേക്കും

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, July 18, 2019

ബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് വേഗത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സുപ്രീംകോടതിയെ സമീപിച്ചേക്കും. വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച ദീര്‍ഘിപ്പിച്ച് വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്നാണ് ബിജെപി ആരോപിക്കുന്നത്.

ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്താമെന്നാണ് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, വിമതരടക്കം 20 എംഎല്‍എമാര്‍ സഭയില്‍ നിന്ന് വിട്ടുനിന്നതോടെ മുഖ്യമന്ത്രി വ്യത്യസ്തനിലപാട് സ്വീകരിച്ചെന്നാണ് സൂചന.

സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ വോട്ടെടുപ്പ് തിങ്കളാഴ്ച വരെ നീട്ടിക്കൊണ്ടുപോകാനാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിന്‍റെ ശ്രമം. വിശ്വാസപ്രമേയത്തിന്മേല്‍ ചര്‍ച്ച ആരംഭിച്ച ഉടന്‍ ഭരണപക്ഷത്തുനിന്നുള്ളവര്‍ ക്രമപ്രശ്നം ഉന്നയിച്ചത് ഈ നീക്കത്തിന്‍റെ ഭാഗമാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

“സിദ്ധരാമയ്യ, കൃഷ്ണ ബൈരേ ഗൗഡ, എച്ച് കെ പാട്ടീല്‍ എന്നിവര്‍ ക്രമപ്രശ്നം ഉന്നയിച്ച് അജണ്ടയില്‍ നിന്ന് വ്യതിചലിക്കുകയായിരുന്നു. വിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കാന്‍ ഞങ്ങള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്”- ഗവര്‍ണറെ കണ്ടശേഷം ബിജെപി നേതാവ് ജഗദീഷ് ഷെട്ടാര്‍ പറഞ്ഞു. ഇതിനുപിന്നാലെ ഗവര്‍ണറുടെ പ്രതിനിധി സ്പീക്കറെ കണ്ടതായും വിവരമുണ്ട്.

×