ബിജെപിയുടെ ഇപ്പോഴത്തെ നിലപാട് കര്‍ഷക വിരുദ്ധം; ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ രാജിവച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, January 27, 2021

ലക്‌നൗ: കര്‍ഷക സമരത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എ രാജിവച്ചു. മീരാപുര്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ അവതാര്‍ സിങ് ഭന്താനയാണ് പാര്‍ട്ടിയില്‍നിന്നു രാജി പ്രഖ്യാപിച്ചത്.

നേരത്തെ, മീററ്റ്, ഫരീദാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള എംപിയായിരുന്നു ഭന്താന. പാര്‍ട്ടിയിലെ എല്ലാ പദവികളും എംഎല്‍എ സ്ഥാനവും രാജിവയ്ക്കുമെന്ന് ഭന്താന അറിയിച്ചു.

താന്‍ എപ്പോഴും കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുന്നയാളാണെന്ന് ഭന്താന പറഞ്ഞു. ബിജെപിയുടെ ഇപ്പോഴത്തെ നിലപാട് കര്‍ഷക വിരുദ്ധമാണ്. താന്‍ പാര്‍ട്ടി നേതൃത്തിന് രാജിക്കത്ത് നല്‍കിയിട്ടുണ്ട്- ഭന്താന പറഞ്ഞു.

അതേസമയം ഭന്താനയുടെ രാജി പാര്‍ട്ടി അംഗീകരിച്ചിട്ടില്ലെന്ന് നേതാക്കളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഭന്താനയുമായി സംസാരിച്ച് പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് അവര്‍ പറഞ്ഞു.

×