രാമക്ഷേത്ര നിർമ്മാണം രാഷ്ട്രീയ ആയുധമാക്കാനുള്ള ബിജെപി നീക്കത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി ! ഭൂമിപൂജയുടെ തണുപ്പൻ പ്രതികരണം രാമനേക്കാൾ പ്രാധാന്യം മോഡിക്ക് ലഭിച്ചപ്പോൾ ? ബിജെപി ലക്ഷ്യത്തിൽ കരടായി പ്രിയങ്കയുടെ നീക്കവും !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, August 10, 2020

ഡൽഹി: രാമക്ഷേത്ര നിർമ്മാണത്തിൽ ജനങ്ങളുടെ പ്രതികരണം ദേശീയ തലത്തിൽ പ്രതീക്ഷിച്ചത്ര ആവേശകരമായില്ലെന്ന വിലയിരുത്തലിൽ ബിജിപി. ദേശീയ തലത്തിൽ വലിയ പ്രചാരം നൽകുകയും പ്രധാനമന്ത്രി പോലും മുഖ്യ കാർമ്മികനെപോലെ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിട്ടും പ്രതീക്ഷിച്ച ആവേശം ഹൈന്ദവ സമൂഹത്തിൽ നിന്നും ലഭിക്കാതെ പോയത് ബിജെപിയെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഭൂമി പൂജയ്ക്ക് തലേദിവസം രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ച് രംഗത്തുവന്നതും ഇതേ തുടർന്നുണ്ടായ വിവാദങ്ങളും ചടങ്ങിന്റെ ശോഭ കുറയാൻ ഇടയാക്കിയെന്ന വിലയിരുത്തലുമുണ്ട്.

അയോദ്ധ്യ സ്ഥിതിചെയ്യുന്ന ഫാസിയാബാദിൽപ്പോലും ഭൂമിപൂജ വലിയ ആഘോഷമായില്ല. ശ്രീരാമനെക്കാൾ പ്രാധാന്യത്തോടെ നരേന്ദ്രമോഡിയെ ചിത്രീകരിക്കുന്ന പരസ്യ പ്രചരണങ്ങൾ ശ്രീരാമഭക്തരിൽ അതൃപ്തി ഉണ്ടായതായ വിമർശനങ്ങളും അതിനിടയിൽ ഉയർന്നുവന്നിരുന്നു.

അയോദ്ധ്യ വിഷയത്തെ രാജ്യത്ത് ബിജെപി മുന്നേറ്റത്തിന് പ്രാപ്തമായ വിഷയമാക്കി ഉയർത്തിക്കുണ്ടുവന്ന മുതിർന്ന നേതാക്കളായ എൽകെ അദ്വാനി, മുരളീ മനോഹർ ജോഷി തുടങ്ങിയ മുതിർന്ന നേതാക്കളെ ചടങ്ങിൽ നിന്നും അകറ്റി നിർത്തി ഭൂമിപൂജ  ആകെ മോഡി ഷോ ആക്കിമാറ്റുകയായിരുന്നെന്ന വിമർശനം ബിജെപിയിൽ നിന്നുതന്നെ ഉയർന്നു. ഇതിനിടയിലാണ് ഒരു മുഴം മുൻപേ പ്രിയങ്ക എറിഞ്ഞത്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആയുധമാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള നീക്കമാണ് രാമക്ഷേത്ര നിർമ്മാണത്തിൽ ബിജെപി നടത്തുന്നത്. നാലു പതിറ്റാണ്ടിലേറെക്കാലമായി ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയുടെ തുറുപ്പുചീട്ടായിരുന്നു രാമക്ഷേത്ര നിർമ്മാണം.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാനായാൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇത് ആയുധമാക്കാം എന്ന പ്രതീക്ഷയിലാണ് ക്ഷേത്ര നിർമ്മാണം പുരോഗമിക്കുന്നത്.

ഈ സാഹചര്യത്തിലാണ് ക്ഷേത്ര നിർമ്മാണത്തിനായുള്ള ഭൂമിപൂജയ്ക്ക് ലഭിച്ച തണുപ്പൻ പ്രതികരണത്തെ ബിജെപി നേതൃത്വം ആശങ്കയോടെ വിലയിരുത്തുന്നത്.

ക്ഷേത്ര നിർമ്മാണം സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ള നടപടിയെന്ന നിലയിൽ സാധാരണ പ്രക്രിയയായിട്ടാണ് പ്രതിപക്ഷ പാർട്ടികളും കണ്ടത്. മുസ്ലിം സംഘടനകൾ പ്രതിഷേധവുമായി രംഗത്തു വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതും ഉണ്ടായില്ല.

കോടതി ഉത്തരവ് പ്രകാരം നടക്കട്ടെയെന്ന് അവരും പറഞ്ഞു. ഇതോടെ രാമനെ മുന്നിൽ നിർത്തി വോട്ടുപിടിക്കാമെന്ന ബിജെപിയുടെ പ്രതീക്ഷ അസ്ഥാനത്താകുമെന്ന ആശങ്കയാണ് ബിജെപി നേതൃത്വത്തിനുള്ളത്.

×