സുരേഷ് ഗോപി, കണ്ണന്താനം, രാജീവ് – ഇപ്പോള്‍ അബ്ദുള്ളക്കുട്ടിയും ! പാര്‍ട്ടിയിലായാലും മന്ത്രിസഭയിലായാലും വന്നുകയറുന്നവര്‍ക്കുമാത്രം പദവികള്‍ നല്‍കുന്നതിനെതിരെ ബിജെപി കേരള ഘടകത്തില്‍ കടുത്ത അതൃപ്തി ! എന്നിട്ടും പാഠം പഠിക്കാതെ കേരള നേതാക്കളും !

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, September 26, 2020

ഡല്‍ഹി: പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോഴും കേരളത്തില്‍നിന്ന് ദേശീയ ചുമതലകളിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നവരാരും പട്ടികയില്‍ ഇടം പിടിക്കാത്തത് സംസ്ഥാന ഘടകത്തെ പിടിച്ചുലക്കും.

പട്ടികയില്‍ ഉറപ്പായും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന പികെ കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ തഴയപ്പെട്ടത് സംസ്ഥാന ഘടകത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കും എന്നുറപ്പാണ്.

കൃഷ്ണദാസ് പക്ഷം പൂര്‍ണമായും തഴയപ്പെട്ടത് സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍റെയും കേന്ദ്രമന്ത്രി വി മുരളീധരന്‍റെയും ഇടപെടലിലാണെന്ന് വലിയൊരു വിഭാഗം കരുതുന്നുണ്ടെങ്കിലും അതൊന്നുമല്ല കാരണങ്ങളെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. മാത്രമല്ല, മന്ത്രിസഭ പുനസംഘടനയില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്ന സൂചനയും അവര്‍ നല്‍കുന്നുണ്ട്.

എന്നാല്‍ പാര്‍ട്ടിയിലായാലും സര്‍ക്കാരിലായാലും പാര്‍ലമെന്‍ററി പദവികളിലായാലും സംസ്ഥാന ഘടകത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ പതിവായി തഴയപ്പെടുന്നതിലും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ അവഗണിക്കപ്പെടുന്നതിലും ഗ്രൂപ്പ് വ്യത്യാസമില്ലാതെ സംസ്ഥാന നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.

മുതിര്‍ന്ന ബിജെപി അംഗങ്ങളല്ലാത്ത അല്‍ഫോന്‍സ് കണ്ണന്താനം, സുരേഷ് ഗോപി, രാജീവ് ചന്ദ്രശേഖര്‍ എന്നിവര്‍ക്ക് രാജ്യസഭാംഗത്വം നല്‍കിയതും കണ്ണന്താനത്തിന് മന്ത്രിസ്ഥാനം നല്‍കിയതും സംസ്ഥാന ഘടകത്തിന്‍റെ താല്‍പര്യങ്ങള്‍ പരിഗണിക്കാതെയായിരുന്നു. അതുകൊണ്ട് പാര്‍ട്ടിക്കു നേട്ടമുണ്ടായില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ആ വിമര്‍ശനങ്ങള്‍ക്ക് തടയിടാനായിരുന്നു വി മുരളീധരനെ രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമാക്കിയത്. പിഎസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറുമാക്കിയിരുന്നു. വീണ്ടും കേന്ദ്ര മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവരിലും കണ്ണന്താനവും സുരേഷ് ഗോപിയുമുണ്ട്. രാജീവ് ചന്ദ്രശേഖറും മന്ത്രിസ്ഥാനത്തിനായി ശ്രമിക്കുന്നുണ്ട്.

എന്നാല്‍ കണ്ണന്താനത്തെയും രാജീവിനെയും മന്ത്രിമാരാക്കുന്നതിനോട് സംസ്ഥാന ഘടകത്തിന് യോജിപ്പില്ല. കേരളത്തില്‍നിന്ന് മറ്റ് പാര്‍ട്ടി നേതാക്കളാരും പാര്‍ലമെന്‍റില്‍ ഇല്ലാത്തതിനാല്‍ സുരേഷ് ഗോപിയെ മന്ത്രിസഭയിലെടുക്കുന്നതിനെ സംസ്ഥാനഘടകം എതിര്‍ക്കില്ല.

അതേസമയം പികെ കൃഷ്ണദാസിനെ മറ്റേതെങ്കിലും സംസ്ഥാനത്തുനിന്ന് രാജ്യസഭയിലെത്തിച്ച് കേന്ദ്രമന്ത്രിസഭയിലെത്തിക്കുന്നതാകും സംസ്ഥാനത്തിന് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുക എന്ന നിര്‍ദ്ദേശവും കേന്ദ്ര നേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്.

പക്ഷേ നിലവില്‍ 4 പേര്‍ കേരളത്തില്‍നിന്നും മറ്റ് സംസ്ഥാനങ്ങള്‍ വഴി രാജ്യസഭയിലുള്ളതിനാല്‍ ഇനിയും അക്കാര്യം പരിഗണിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന അഭിപ്രായം ദേശീയ നേതാക്കള്‍ക്കുണ്ട്.

എപി അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷന്‍ ആക്കിയെങ്കിലും കേരളഘടകത്തിന് അതില്‍ അത്ര തൃപ്തി പോരെന്നാണ് റിപ്പോര്‍ട്ട്. ടോം വടക്കനെ ദേശീയ വക്താവാക്കിയതും കേരള നേതാക്കള്‍ക്ക് രുചിച്ചിട്ടില്ല.

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ നോക്കുകുത്തികളാക്കി ഇടയ്ക്ക് വന്നുകയറിയവര്‍ക്ക് വലിയ പരിഗണനകള്‍ നല്‍കുന്നതാണ് കേരള നേതാക്കളെ ചൊടിപ്പിക്കുന്നത്. ദേശീയ സെക്രട്ടറിയായി നിയമിതനായ അരവിന്ദ് മേനോന്‍ (തൃശൂര്‍) മാത്രമാണ് ഇന്നത്തെ നസംഘടനയില്‍ കേരളത്തില്‍നിന്ന് ഇടംപിടിച്ചവരില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാവായിട്ടുള്ളത്.

ഇതൊക്കെയാണെങ്കിലും ഗ്രൂപ്പ് വൈരങ്ങള്‍ മറന്ന് ഒന്നിച്ചു നില്‍ക്കാന്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ തയ്യാറുമല്ല. അതാണ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നതും.

×