‘പ്രിയപ്പെട്ട ഒമര്‍ അബ്ദുളള, താങ്കളുടെ ഈ അവസ്ഥ വളരെ വിഷമിപ്പിക്കുന്നതാണ് ; ദയവു ചെയ്ത് ഞങ്ങളുടെ ഈ ആത്മാര്‍ത്ഥമായ സംഭാവന സ്വീകരിക്കൂ ; ഇതുപയോഗിക്കുന്ന കാര്യത്തില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കളായ കോണ്‍ഗ്രസിനെ ബന്ധപ്പെടൂ’ ; , താടി നീട്ടിയ ഒമര്‍ അബ്ദുളളയ്ക്ക് ഷേവിംഗ് സെറ്റയച്ച്‌ ബിജെപി! , മഞ്ഞിൽ ഉല്ലസിക്കുന്ന ആളിന് എന്ത് വിഷമമെന്ന് സോഷ്യൽ മീഡിയ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, January 29, 2020

ഡല്‍ഹി : വീട്ടുതടങ്കലില്‍ കഴിയുന്ന കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളളയെ പരിഹസിച്ച്‌ ബിജെപി. ഒമര്‍ അബ്ദുളളയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിനിടെയാണ് തമിഴ്‌നാട് ബിജെപി പരിഹാസവുമായി രംഗത്ത് വന്നിരിക്കുന്നത്. ‘പ്രിയപ്പെട്ട ഒമര്‍ അബ്ദുളള, താങ്കളുടെ അഴിമതിക്കാരായ മിക്ക സുഹൃത്തുക്കളും പുറത്ത് ജീവിതം ആസ്വദിക്കുമ്പോള്‍ താങ്കളുടെ ഈ അവസ്ഥ വളരെ വിഷമിപ്പിക്കുന്നതാണ്. ദയവു ചെയ്ത് ഞങ്ങളുടെ ഈ ആത്മാര്‍ത്ഥമായ സംഭാവന സ്വീകരിക്കൂ.

ഇതുപയോഗിക്കുന്ന കാര്യത്തില്‍ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ നിങ്ങളുടെ സുഹൃത്തുക്കളായ കോണ്‍ഗ്രസിനെ ബന്ധപ്പെടൂ’ എന്നാണ് ട്വീറ്റ്. 170ലധികം ദിവസമായി വീട്ടുതടങ്കലില്‍ കഴിയുന്ന ഒമര്‍ അബ്ദുളളയുടെ താടി നീട്ടിയ ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. താടി വടിക്കാന്‍ ഷേവിംഗ് സെറ്റ് കൊടുത്തയക്കുന്നു എന്നാണ് ബിജെപി പരിഹസിക്കുന്നത്.ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ നിന്നും ഒമര്‍ അബ്ദുളളയ്ക്ക് വേണ്ടി റേസര്‍ വാങ്ങിയതിന്റെ സ്‌ക്രീന്‍ ഷോട്ടും ബിജെപി പങ്കുവെച്ചിട്ടുണ്ട്.

കശ്മീരില്‍ ടുജി ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചതിന് പിന്നാലെയാണ് മാസങ്ങള്‍ക്ക് ശേഷം ഒമര്‍ അബ്ദുളളയുടെ ഒരു ചിത്രം പുറംലോകം കാണുന്നത്. തടങ്കലില്‍ ആകുന്ന സമയത്ത് നിന്ന് തീര്‍ത്തും വ്യത്യസ്തവും കണ്ടാല്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധത്തിലുമാണ് ഇപ്പോഴത്തെ രൂപം.

നീണ്ട വെളുത്ത താടിയും ചുളിഞ്ഞ കണ്‍ തടങ്ങളും തലയില്‍ തൊപ്പിയുമായി ഒരു ചെറുചിരിയോടെ ഒമര്‍ അബ്ദുളള നില്‍ക്കുന്ന ചിത്രമാണ് പുറത്ത് വന്നത്. അതേസമയം മഞ്ഞിൽ ആഘോഷത്തോടെ ഉല്ലസിക്കുമ്പോൾ താടി വടിക്കണമെന്ന് തോന്നാത്തതെന്തെന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം.

×