കാർഷികം

കുരുമുളക് ചട്ടിയിലും വളർത്താം

Wednesday, June 16, 2021

ഒരു വീട്ടിലേക്ക് ആവശ്യമായ കുരുമുളകുണ്ടാക്കാന്‍ കുരുമുളകുവള്ളിയും താങ്ങുകാലുമൊന്നും വേണമെന്നില്ല. മുറ്റത്തോ ടെറസിലോ ചട്ടിയില്‍ കുറ്റിക്കുരുമുളകു വളര്‍ത്തിയാല്‍ മതി.പത്തു കിലോഗ്രാം പോട്ടിങ് മിശ്രിതമെങ്കിലും ഉള്‍ക്കൊള്ളുന്ന ചട്ടി കുരുമുളക് നടാനായി തെരഞ്ഞെടുക്കാം. മണ്ണും െ്രെടക്കോഡര്‍മ വളര്‍ത്തിയ ചാണകപ്പൊടിയും മണലും തുല്യ അനുപാതത്തില്‍ കലര്‍ത്തിയ പോട്ടിങ് മിശ്രിതമാണ് ചട്ടിയില്‍ ചേര്‍ക്കേണ്ടത്. വേരുചീയല്‍ രോഗവും തണ്ടുചീയല്‍ രോഗവും െ്രെടക്കോഡര്‍മയുണ്ടെങ്കില്‍ വരില്ല.

ഒരു ചട്ടിയില്‍ മൂന്ന് കുറ്റിക്കുരുമുളക് തൈകള്‍ നടാം. ദിവസവും നയ്ക്കണം. ആദ്യത്തെ രണ്ടാഴ്ച ചട്ടികള്‍ തണലില്‍ വയ്ക്കുന്നതാണ് നല്ലത്. ക്രമേണ വെയിലത്തേക്കു നീക്കാം. മൂന്നുമാസമായാല്‍ കുറ്റിക്കുരുമുളകു ചട്ടികള്‍ മുറ്റത്ത് ഭാഗികമായി തണലുള്ള സ്ഥലത്ത് വയ്ക്കണം. ദിവസവും നന നിര്‍ബന്ധമാണ്. മാസത്തില്‍ രണ്ടുപ്രാവശ്യം സ്യൂഡോമോണസ് 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ചെടികളില്‍ തളിക്കാം.

തെങ്ങിന്‍തോട്ടത്തില്‍ ചെറിയ തണല്‍ ലഭിക്കുന്നുണ്ടെങ്കില്‍ കുറ്റിക്കുരുമുളകിനെ ഇടവിളയാക്കാം. രണ്ടു മീറ്റര്‍ അകലത്തില്‍ രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴികളെടുത്ത് മേല്‍മണ്ണും െ്രെടക്കോഡര്‍മ വളര്‍ത്തിയ ചണകപ്പൊടിയും സമമായി ചേര്‍ത്ത് കുഴികള്‍ നിറച്ചു വേണം കുറ്റിക്കുരുമുളകു തൈകള്‍ നടാന്‍.

പരിചരണം

മഴക്കാലത്ത് ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് ചെറിയ തണല്‍ കൊടുക്കാം. കുറ്റിക്കുരുമുളകില്‍ ഉണ്ടാകുന്ന നീളമുള്ള വള്ളികള്‍ മുറിച്ചുമാറ്റി കൊടി കുറ്റിച്ചെടിയായി നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. മൂന്നുമാസത്തിലൊരിക്കല്‍ രണ്ടു കിലോഗ്രാം െ്രെടക്കോഡര്‍മ കലര്‍ത്തിയ ചാണകപ്പൊടി ചേര്‍ക്കാം. കുറ്റിക്കുരുമുളകു തൈകള്‍ കാര്‍ഷിക സര്‍വകലാശാലയുടെ വിപണനകേന്ദ്രങ്ങളിലും സര്‍ക്കാര്‍ ഫാമുകളിലും ലഭ്യമാണ്. കുരുമുളകു കൊടിയുടെ ഒരുവര്‍ഷം പ്രായമായ പാര്‍ശ്വശിഖരങ്ങള്‍ നട്ടാണ് കുറ്റിക്കുരുമുളകു തൈ ഉണ്ടാക്കുന്നത്. മൂന്നുമുതല്‍ നാലു മുട്ടുകളോടുകൂടിയ തണ്ടുകള്‍ മുറിച്ചെടുക്കണം. തണ്ടുകളുടെ അടിഭാഗം കത്തികൊണ്ട് ചരിച്ചുമുറിച്ച് ആ ഭാഗം വേരു പിടിപ്പിക്കുന്നതിനുള്ള ഹോര്‍മോണ്‍ ലായനിയില്‍ മുക്കി നടാം. .

×