/sathyam/media/post_attachments/N34DekakfQUYqSYTXC6D.jpg)
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീകൊളുത്തി മരിക്കാനിടയായ ഭൂമി ഉടമ വസന്തയിൽ നിന്ന് വിലകൊടുത്ത് വാങ്ങി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ. ദമ്പതികളുടെ മക്കൾക്ക് ഇവിടെത്തന്നെ ബോബി വീട് വെച്ചു നൽകും.
കുട്ടികളെ തത്കാലം തൻ്റെ വീട്ടിൽ താമസിപ്പിക്കുമെന്നും വീട് പണി പൂർത്തിയായാൽ അവരെ തിരികെ കൊണ്ടുവരുമെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു.
തിരുവനന്തപുരം ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അംഗങ്ങൾ അറിയിച്ചതു പ്രകാരം താൻ തിരുവനന്തപുരത്ത് എത്തിയെന്ന് ബോബി പറയുന്നു.
രാജന്റെ രണ്ട് മക്കളുടെ പേരിൽ തന്നെയാണ് ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭൂമിയുടെ രേഖകൾ ശനിയാഴ്ച വൈകിട്ട് ഇതേസ്ഥലത്തുവെച്ച് ബോബി ചെമ്മണ്ണൂർ രാജന്റെ മക്കൾക്ക് കൈമാറും.
അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് തങ്ങൾക്ക് തന്നെ വേണമെന്നും ഈ മണ്ണ് വിട്ട് എവിടേക്കുമില്ലെന്നും രാജന്റെ മക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.