അമ്മയ്ക്ക് പിറന്നാള്‍ സമ്മാനമായി മിനി കൂപ്പര്‍ നല്‍കി ബോളിവുഡ് നടന്‍

ഉല്ലാസ് ചന്ദ്രൻ
Saturday, January 18, 2020

സ്വന്തം അമ്മയ്ക്ക് പിറന്നാള്‍ സമ്മാനമായി മിനി കൂപ്പര്‍ നല്‍കി ‘താര’മായിരിക്കുകയാണ് ബോളിവുഡിലെ യുവതാരം കാര്‍ത്തിക് ആര്യന്‍. പണ്ട് അമ്മ പറഞ്ഞ ആഗ്രഹം ഓര്‍ത്തെടുത്തു പൂര്‍ത്തീകരിച്ചു വ്യത്യസ്തനായിരിക്കുകയാണ് കാര്‍ത്തിക്. ‘ലവ് ആജ് കല്‍’ എന്ന തന്റെ പുതിയ സിനിമയുടെ റീലിസിനു മുന്‍പായി വന്ന അമ്മ മാല തിവാരിയുടെ ജന്മദിനത്തില്‍ മിനി കൂപ്പര്‍ കണ്‍വെര്‍ട്ടിബിള്‍ സമ്മാനമായി നല്‍കിയാണ് കാര്‍ത്തിക് ആര്യന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്.

മിനി കാറുകളോടുള്ള തന്റെ ഇഷ്ടം കാര്‍ത്തിക് ആര്യന്‍ സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മാല തിവാരി പറഞ്ഞിരുന്നു. ഈ ഇഷ്ടം ഓര്‍ത്താണ് 45 ലക്ഷം രൂപയോളം വിലമതിക്കുന്ന പച്ചനിറമുള്ള പുതുപുത്തന്‍ മിനി കൂപ്പര്‍ കണ്‍വെര്‍ട്ടിബിള്‍ സമ്മാനമായി നല്‍കി കാര്‍ത്തിക് ആര്യന്‍ അമ്മയെ ഞെട്ടിച്ചത്. സമ്മാനമായി മിനി കൂപ്പര്‍ നല്‍കുക മാത്രമല്ല, അതെ കാറില്‍ അമ്മയുമായി ഡ്രൈവിന് പോകുന്ന കാര്‍ത്തിക് ആര്യന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആണ്.

ഈ ആഴ്ചയുടെ തുടക്കത്തില്‍, കാര്‍ത്തിക് അമ്മയുമൊത്തുള്ള ഒരു പഴയകാല ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. അമ്മയുടെ കൈകളില്‍ പിഗ്ടെയില്‍ ഹെയര്‍ സ്റ്റൈലുമായി ഇരിക്കുന്ന തന്റെ ബാല്യകാല ഫോട്ടോയ്ക്ക്, ”എന്റെ ഫേവറിറ്റ് ഹെയര്‍സ്‌റ്റൈലിസ്റ്റിന് ജന്മദിനാശംസകള്‍. ലവ് യു, അമ്മാ” എന്നാണ് അടിക്കുറിപ്പ് നല്‍കിയത്.

×