കഞ്ചാവ‌ു വലിക്കുന്നതു നിർത്തിയില്ലെങ്കിൽ വീട്ടിൽ പറയുമെന്ന‌ു പറഞ്ഞു; പ്ലസ്ടു വിദ്യാര്‍ത്ഥിയ്ക്ക് ക്രൂര മര്‍ദ്ദനം; പ്രതികളിൽ 6 പേർ പ്രായപൂർത്തിയാകാത്തവർ

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, January 24, 2021

കളമശേരി: ∙ പ്ലസ്ടു വിദ്യാർഥിയെ ക്രൂരമായി മർദിച്ച സംഘത്തിലെ 7 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവരിൽ 6 പേരും പ്രായപൂർത്തിയാകാത്തവരാണ്. കേസെടുത്ത ശേഷം ഇവരെ രക്ഷിതാക്കളോടൊപ്പം വിട്ടു. മർദനമേറ്റ വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെയുള്ള റിപ്പോർട്ട് തയാറാക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു സമർപ്പിക്കും.

സംഘത്തിലെ മുതിർന്ന അംഗമായ ഗ്ലാസ് ഫാക്ടറി കോളനി പത്താംവേലിക്കുളം വീട്ടിൽ അഖിൽ വർഗീസിനെ (19) അറസ്റ്റ‌് ചെയ്തു ജാമ്യത്തിൽ വിട്ടു. വിദ്യാ‍ർഥിയെ വടി കൊണ്ടും കൈ കൊണ്ടും മർദിച്ച ശേഷം നൃത്തം ചെയ്യിക്കുന്ന ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ വൈറലായപ്പോഴാണു ക്രൂരത പുറം ലോകം അറിഞ്ഞത്.

പ്രതികളിൽ ഒരാൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളാണ‌ിവ.മർദനമേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്. അവർ കഞ്ചാവ‌ു വലിക്കുന്നതു നിർത്തിയില്ലെങ്കിൽ വീട്ടിൽ പറയുമെന്ന‌ു പറഞ്ഞതിനാണ‌ു തന്നെ മർദിച്ചതെന്ന‌ു വിദ്യാർഥി പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്കു പുഴയോരത്തു നിന്നു വീട്ടിലേക്കു മടങ്ങുന്നതിനിടയിലാണ് ഇവർ വന്നത്.

തന്റെ ഫോണും കണ്ണടയും ഇവർ പിടിച്ചു വാങ്ങി. പുഴയോരത്ത് ആൾത്താമസമില്ലാത്ത വില്ലയിലേക്ക‌ു കൊണ്ടുപോയി. വീട്ടിൽ പോയി അമ്മൂമ്മയ്ക്ക് ഭക്ഷണം എടുത്തു നൽകിയിട്ടു വരാമെന്നു പറഞ്ഞപ്പോൾ അനുവദിച്ചുവെങ്കിലും ഫോൺ നൽകിയില്ല.

അമ്മൂമ്മയ്ക്ക് ഭക്ഷണം നൽകിയ ശേഷം ഇവരുടെ സമീപത്തെത്തി. മർദിക്കുമെന്ന‌ു കരുതിയില്ല. ഫോണിന്റെ സിം അവർ ഊരിയെടുത്തിരുന്നു. അവർ നൽകുന്ന ലഹരിവസ്തു ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ ബലമായി വായിൽ തിരുകാൻ ശ്രമിച്ചു. അതിനും അനുവദിച്ചില്ല. തുടർന്നാണ് മർദനം ആരംഭിച്ചത്.

രക്ഷിതാക്കൾ വായ്പയെടുത്തു വാങ്ങിയതാണ് ഫോൺ . ഇതു ലഭിച്ചില്ലെങ്കിൽ ഓൺലൈൻ ക്ലാസുകൾ മുടങ്ങും. വായ്പാതുക ഒരു തവണ പോലും അടച്ചിട്ടില്ല. അതുകൊണ്ടാണ് മർദനം മുഴുവൻ ഏറ്റുവാങ്ങിയത്. അവർ കഞ്ചാവ‌ു വലിച്ചിരുന്നതായും സംശയമുണ്ട് –വിദ്യാർഥി പറഞ്ഞു.

×