Advertisment

"ബ്രണ്ണനും ബെയിലിയും "

author-image
admin
New Update

ഡോ.ജോൺസൺ വി. ഇടിക്കുള

Advertisment

തലശ്ശേരി ധർമടം ബ്രണ്ണൻ കോളേജിലെ പൂർവ്വവിദ്യാർത്ഥികളായ ബഹു. മുഖ്യമന്ത്രി പിണറായി വിജയൻറെയും കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ എം.പി യുടെയും വാക്പോർ ആണ് സകല മാധ്യമങ്ങളിലും പ്രധാന തലക്കെട്ടും വിഷയവും.ബ്രണ്ണൻ കോളേജ് അങ്ങനെ വാർത്തയിൽ സ്ഥാനം പിടിച്ചപ്പോൾ മധ്യതിരുവിതാംകൂറിൽ മുൻ രാഷ്ട്രപതി കെ.ആർ നാരായണൻ പഠിച്ച കോട്ടയം സി.എം.എസ് കോളേജിനെ ഞാൻ ഓർത്തു പോകുന്നു.

publive-image

ബ്രണ്ണൻ ?

1784-ൽ ലണ്ടനിൽ ജനിച്ച എഡ്‌വേർഡ് ബ്രണ്ണൻ 1810-ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ അംഗമായി ചേർന്നു. പിന്നീട് അദ്ദേഹം അവരുടെ സഹോദര സ്ഥാപനമായ ബോംബെ മറൈൻ സർവീസസിലേക്ക്‌ മാറി കപ്പലിൽ ക്യാബിൻ ബോയ് ആയി ജോലി ചെയ്യാൻ തുടങ്ങി. അദ്ദേഹം ജോലി ചെയ്തിരുന്ന കപ്പൽ ഒരു യാത്രയ്ക്കിടയിൽ അപകടത്തിൽ തകർന്നു. തലശ്ശേരിയ്ക്ക് സമീപം കടലിൽ വെച്ചുണ്ടായ അപകടത്തിൽ ഒറ്റപ്പെട്ടു പോയ ബ്രണ്ണൻ സായ്പിനെ മുക്കുവരായ ചിലരാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് അദ്ദേഹം തലശ്ശേരിയിൽ തന്നെ താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. 1846-ൽ ദരിദ്രരെയും അനാഥരെയും സഹായിക്കുക എന്ന കാഴ്ചപ്പാടോടെ അദ്ദേഹം "ടെലിച്ചരി പുവർ ഫണ്ട്" എന്ന പേരിൽ ഒരു ട്രസ്റ്റ് രൂപീകരിക്കുകയുണ്ടായി. തന്റെ കയ്യിലുണ്ടായിരുന്ന 3000 രൂപയായിരുന്നു അതിന്റെ ആദ്യ മൂലധനം . ഒടുവിൽ ആകെ സമ്പാദ്യമായ ഒരുലക്ഷത്തിഅമ്പതിനായിരം രൂപ കൂടി പ്രസ്തുത ട്രസ്റ്റിനു നൽകി. ബ്രണ്ണൻ വിൽപത്രത്തിൽ ആവശ്യപ്പെട്ടത്‌ പ്രകാരം നാട്ടുകാരായ എല്ലാവർക്കും സൗജന്യമായി വിദ്യാഭ്യാസം നൽകാൻ വേണ്ടി തലശ്ശേരി പട്ടണത്തിൽ ഒരു "ഫ്രീ സ്കുൾ " സ്ഥാപിച്ചു. ഇതാണ് പിൽകാലത്ത് ബ്രണ്ണൻ കോളേജ് ആയി മാറിയത് .തലശ്ശേരി കോട്ടയുടെ പുറകു വശത്തായി സ്ഥിതി ചെയ്യുന്ന സെന്റ് ജോൺസ് പള്ളി സ്ഥാപിച്ചത് എഡ്വേർഡ് ബ്രണ്ണന്റെ ജീവിത സമ്പാദ്യത്തിന്റെ ഒരു ഭാഗം കൊണ്ടായിരുന്നു. തലശ്ശേരിക്കാർ എഡ്വേർഡ് ബ്രണ്ണനെ സ്നേഹത്തോടെ 'ബ്രണ്ണൻ സായ്പ്പ്' എന്നായിരുന്നു വിളിച്ചിരുന്നത്. മഹാത്മാഗാന്ധി ജനിക്കുന്നതിനു കൃത്യം പത്തു വര്ഷം മുൻപ് 1859 ഒക്ടോബർ രണ്ടിന് ബ്രണ്ണൻ സായിപ്പ് അന്തരിച്ചു .തലശ്ശേരി സെന്റ് ജോൺസ് പള്ളിയുടെ സമീപത്തായാണ് എഡ്വേർഡ് ബ്രണ്ണന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്.പത്തരമാറ്റ് സത്യസന്ധനായ ഇംഗ്ലീഷുകാരൻ ( A sterling upright Englishman) എന്നാണ് ചതുരാകൃതിയിലുള്ള ആ ശവകുടീരത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്.

ബഞ്ചമിൻ ബെയിലി ?

മലയാളം അച്ചടിയുടെ പിതാവായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനായ മിഷണറിയാണ്‌ ബെഞ്ചമിൻ ബെയ്‌ലി(ജനനം:1791 - മരണം 1871 ഏപ്രിൽ 3) ഇംഗ്ലണ്ടിലെ ഡ്യൂസ്ബറിയിൽ ജനിച്ച അദ്ദേഹം ചർച്ച് മിഷനറി സൊസൈറ്റിയുടെ (സി.എം.എസ്.) മിഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് സുവിശേഷ പ്രചാരണത്തിനായി കേരളത്തിലെത്തുകയും മലയാള ഭാഷക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകുകയും ചെയ്തയാളാണ്‌.മലയാളം അച്ചടിയുടെ പിതാവ്,

മലയാള ബൈബിൾ,

ആദ്യ മലയാള ഡിക്ഷ്ണറി,

ഭാരതത്തിലെ ആദ്യ കലാലയമായ

സി.എം.എസ് കോളേജിന്റെ സ്ഥാപകൻ ആയിരുന്നു

കേരളത്തിലെ ആദ്യ കോളേജാണ് സി.എം.എസ്. കോളേജ്. കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന മഹാത്മാഗാന്ധി സർവ്വകലാശാലക്കു കീഴിലാണ് ഈ കോളേജ്. 1817-ൽ ലണ്ടനിലെ ചർച്ച് മിഷൻ സൊസൈറ്റി സ്ഥാപിച്ച ഈ കോളേജ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ആദ്യത്തെ കോളേജാണ്. കോട്ടയം നഗരാതിർത്തിയിൽ ബേക്കർ ജങ്ഷനു സമീപം ചാലുകുന്നിലാണ് കോളേജ് സ്ഥിതി ചെയ്യുന്നത്

അക്ഷര നഗരിയിലെ അക്ഷര മുറ്റത്തെ ലൈബ്രറിക്ക് 203 വയസ്സുണ്ട്.സി എം എസ് കോളേജിലെ കോളിൻസ് ലൈബ്രറി ആണ് 203 വർഷത്തെ ചരിത്രവുമായി അക്ഷര നഗരിയിൽ തലയെടുപ്പോടെ നിൽക്കുന്നത് . മിഷനറിമാർ 1817 ൽ കോളേജ് സ്ഥാപിച്ച അന്ന് പ്രവർത്തനം ആരംഭിച്ചതാണ് കോളേജ് ലൈബ്രറിയും.നൂറിൽത്താഴെ പുസ്തകങ്ങളുമായി പ്രവർത്തനം തുടങ്ങിയ ലൈബ്രറിയിൽ ഇന്ന് ഒരുലക്ഷത്തിലധികം പുസ്തകങ്ങൾ ഉണ്ട് .

മാത്രമല്ല ഇപ്പോൾ സിനിമാപഠനമില്ലാത്ത ഒരു കോളേജിൽ ആദ്യമായി തിയേറ്റർ തുറന്ന പ്രത്യേകതകൂടിയുണ്ട്.എല്ലാ വിഷയങ്ങളും കണ്ടുപഠിക്കാനും ചർച്ചചെയ്യാനും അവസരം തുറന്നിടുന്ന 'എഡ്യൂക്കേഷണൽ തിയേറ്റർ'. മൾട്ടിപ്ളക്സ് തിയേറ്ററാണിത്. 86 സീറ്റുള്ള എ.സി. തിയേറ്ററിന്റെ അകത്തളം അസൽ തിയേറ്ററിന്റേതുതന്നെ. നീലവെളിച്ചം തുളുമ്പുന്ന, ചുവന്ന പരവതാനി വിരിച്ച അകത്തളം. ചുവന്ന കുഷ്യനുള്ള കസേരകൾ. നിലവിൽ കോളേജിലെ ഒരു ഹാൾ പൂർണമായും പരിഷ്കരിച്ചാണ് തിയേറ്ററാക്കിയിരിക്കുന്നത്.

1821-ൽ ബെഞ്ചമിൻ ബെയ്ലി എന്ന ഇംഗ്ലീഷ് മിഷണറി സ്ഥാപിച്ചതാണ് കേരളത്തിലെ ആദ്യ മുദ്രാലയമായ കോട്ടയം സി.എം.എസ് പ്രസ്.1848ൽ പ്രസിദ്ധീകരണം ആരംഭിച്ച ആദ്യ മാസിക 'ജ്ഞാനനിക്ഷേപം" ഇവിടെയാണ് അച്ചടിച്ചത്. തിരുവിതാംകൂറിലും കൊച്ചിയിലും ദിവാനും റസിഡന്റുമായി സേവനം അനുഷ്ഠിച്ച കേണൽ മൺറോയുടെ നി‌ർദ്ദേശ പ്രകാരമാണ് ചർച്ച് മിഷൻ സൊസൈറ്റി കോട്ടയം ചാലുകുന്നിൽ പ്രസ് സ്ഥാപിക്കാൻ തീരുമാനിച്ചത്.

പ്രസ് ഇംഗ്ലണ്ടിൽ നിന്ന് വന്നെങ്കിലും മലയാളം ടൈപ്പുകൾ ഇല്ലായിരുന്നു. ഒരു മരപ്പണിക്കാരനെയും രണ്ടു കൊല്ലന്മാരെയും പ്രസിൽ താമസിപ്പിച്ചായിരുന്നു. അതുവരെയുണ്ടായിരുന്ന ചതുരവടിവ് ഉപേക്ഷിച്ചിട്ട് വട്ടത്തിൽ മലയാളലിപികൾക്ക് അച്ചു തയ്യാറാക്കിയത്. ചതുര വടിവ് അച്ചുകളുടെ എണ്ണം 1128ൽ നിന്ന് അഞ്ഞൂറിൽപ്പരമായി കുറച്ചത് ബെയ്ലി ആണ്. 1834ൽ സ്വാതിതിരുനാൾ മഹാരാജാവ് തിരുവനന്തപുരത്ത് ആദ്യമായി ഗവൺമെന്റ് പ്രസ് സ്ഥാപിക്കുന്നത് വരെ സർക്കാരിനാവശ്യമായ സകല മുദ്രണജോലികളും സി.എം.എസ് പ്രസിലാണ് നടത്തിയത്.

വർഷങ്ങളുടെ ചരിത്രത്തിൽ തിളങ്ങിനിൽക്കുകയാണ് കോട്ടയത്തെ വിശ്വപ്രസിദ്ധമായ സി.എം.എസ് കോളേജ്. കഥകളേറെ ഉറങ്ങുന്നുണ്ട് ഈ കാമ്പസിൽ. കേരളചരിത്രത്തിലെ ആദ്യത്തെ കോളേജ് എന്നതു മാത്രമല്ല ബെഞ്ചമിൻ ബെയ്ലി മുതലുള്ള മിഷനറിമാരുടെ സഹനം ഉൾപ്പെടെയുള്ള കഥകൾ. സി.എം.എസ്സിനെ വേറേ ഏതു കാമ്പസ്സിൽനിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകളാണ്.വിവിധമേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച നിരവധി പ്രഗത്ഭൻമാരാണ് സി.എം.എസ്സിന്റെ ക്ലാസ്സ്മുറികളിൽ നിന്നു പിറന്നത്.മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ, കെ.പി.എസ്.മേനോൻ, കാവാലം നാരായണപ്പണിക്കർ, ജോൺ എബ്രഹാം, വേണു ഐ.എസ്.സി, ഉണ്ണി.ആർ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പട്ടിക നീളുന്നു.

കോട്ടയം നഗരത്തിലെ മിക്ക സ്ഥലങ്ങളിലേക്കുമുള്ള ശുദ്ധജലം ശേഖരിച്ചിരിക്കുന്നത് സി.എം.എസ്സിന്റെ വിസ്തൃതമായ കാമ്പസ്സിലെ വനപ്രദേശത്താണ്. ഒരുപക്ഷേ ഏറ്റവുമധികം ശുദ്ധവായു ലഭിക്കുന്ന ഹരിതാഭമായ കാമ്പസ്സും ഇതുതന്നെയാവണം.പല മലയാളസിനിമകളിലും ഒരു കഥാപാത്രമായിട്ടുണ്ട് കോളേജ് ചാമരമെന്ന ഭരതൻ ചിത്രത്തിലെ പ്രണയം ഒരു വിങ്ങലായി പലരുടെയും മനസ്സിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ടാകും.

ക്ലാസ്സ്മേറ്റ്സിലെ സുകുവിന്റെയും താരയുടെയും പ്രണയവും ഈ കാമ്പസ്സിന്റെ പശ്ചാത്തലത്തിലാണ് പകർന്നാടിയത്.കലാലയരാഷ്ട്രീയത്തിന്റെ കാര്യത്തിലും ഒട്ടുവളരെ പാരമ്പര്യം അവകാശപ്പെടാൻ ഈ കാമ്പസ്സിനുണ്ട്. ഈ ചരിത്രത്തെയൊക്കെ തനിമയോടെ നിലനിർത്തണമെന്നുള്ള ചിന്തയാണ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും എപ്പോഴും.ശോഷിച്ചുവരുന്ന കാമ്പസ്സിലെ വന്യസൌന്ദര്യത്തെ പരിപോഷിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും ഏറെ ശ്രമങ്ങളും നടത്തുന്നു.മഹത്തായ ഇരുനൂറാം വാർഷികം ഇവർ ആഘോഷിച്ചത് നാട്ടിൽ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന അമ്പതോളം വൃക്ഷജനുസ്സുകളുടെ ഇരുനൂറ് തൈകൾ ക്യാമ്പസ്സിലും സമീപപ്രദേശങ്ങളിലും നട്ടുകൊണ്ടാണ്. ‘ഒറ്റ ദിവസത്തേക്കുള്ള പ്രകൃതിസ്നേഹത്തിൽ വിശ്വാസമില്ല.സംരക്ഷിക്കപ്പെടാത്ത ഒരു മരവും ഞങ്ങൾ നടില്ല’ എന്ന പ്രഖ്യാപനത്തിൽ തന്നെ പ്രകൃതിയോടുള്ള അവരുടെ സമീപനം വ്യക്തമാണ്.

സ്വാതന്ത്യ സമരത്തിൻ്റെ പങ്കടക്കം രാജ്യത്തിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയ അധ്യായമെഴുതിയ കോട്ടയം സി.എം.സ് കോളജ് എക്കാലവും ഒരു പ്രകാശഗോപുരമായി നില്ക്കും.ബ്രണ്ണനിലെയും സി.എംഎസിലെയും പൂർവവിദ്യാർത്ഥികളായവർക്ക് ഇത് സമർപ്പിക്കുന്നു.

brannan colleage
Advertisment