ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്നതുപോലെ, യേശുക്രിസ്തു കാഴ്ചശക്തി നല്‍കിയതുപോലെ ഇന്ത്യയും ബ്രസീലും ഇത് തരണം ചെയ്യും…അതെ, അമേരിക്കയെ പോലെ ബ്രസീലും കാത്തിരിക്കുകയാണ് ഇന്ത്യയുടെ അത്ഭുതമരുന്നിനായി !

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, April 8, 2020

ന്യൂഡല്‍ഹി: മലേറിയക്കെതിരായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നിന് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഡിമാന്‍ഡ് ഏറുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പിന്നാലെ ഇന്ത്യയോട് ഹെഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ബ്രസീലും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിലാണ് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സനാരോ ഇക്കാര്യം ആവശ്യപ്പെട്ടത്.

ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാന്‍ ഹനുമാന്‍ ഹിമാലയങ്ങളില്‍ നിന്ന് മൃതസഞ്ജീവനി കൊണ്ടുവന്നതുപോലെ രോഗികള്‍ക്ക് യേശുക്രിസ്തു കാഴ്ചശക്തി പുനസ്ഥാപിച്ചതുപോലെ ഈ ആഗോള പ്രതിസന്ധി ഇന്ത്യയും ബ്രസീലും ചേര്‍ന്ന് മറികടക്കുമെന്നാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ബ്രസീല്‍ പ്രസിഡന്റ് പറയുന്നത്.

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. പിന്നീട് മരുന്ന്കയറ്റുമതിക്കുള്ള വിലക്കില്‍ ഇന്ത്യ ഇളവ് വരുത്തിയിരുന്നു. ഇരുപതോളം രാജ്യങ്ങള്‍ ഈ മരുന്ന് ആവശ്യപ്പെട്ട് ഇതിനോടകം ന്ത്യയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

×