പ്രഭാത ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ! 

ഹെല്‍ത്ത് ഡസ്ക്
Thursday, November 12, 2020

ഒരു ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ഊര്‍ജം പകരേണ്ടതാണ് പ്രഭാത ഭക്ഷണം. രാത്രി മുഴുവനുമുള്ള വ്രതം അവസാനിപ്പിച്ചു കൊണ്ടുള്ള ആരോഗ്യകരമായ പ്രാതലാണ് ഒരാള്‍ക്ക് ഒരു ദിവസം മുഴുവന്‍ ഊര്‍ജം നല്‍കുന്നത്.

രാവിലെ തന്നെ വയറ് നിറയെ എന്തെങ്കിലും കഴിക്കുകയല്ല, മറിച്ച് ശരീരത്തിന് വേണ്ടത് കഴിക്കുകയാണ് പ്രധാനം. എന്നാല്‍ ചില ഭക്ഷണ ശീലങ്ങള്‍ രാവിലെ തന്നെ ഒഴിവാക്കേണ്ടതാണ്. അവ എന്തൊക്കെയാണെന്നു നോക്കാം.

രാവിലെ എഴുന്നേറ്റാല്‍ ഒരു കപ്പ് കാപ്പി എന്നാകും പലര്‍ക്കും നിര്‍ബന്ധം. കടുപ്പമുള്ള കാപ്പി കുടിച്ച് ഒരു ദിവസം ആരംഭിച്ചാല്‍ ഉന്മേഷമെന്നൊക്കെ നാം പറയുമെങ്കിലും അതത്ര നല്ലതല്ല എന്നാണ് അറിവുള്ളവരുടെ പക്ഷം. വെറും വയറ്റില്‍ കാപ്പി ഒഴിച്ചു കൊടുക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. അതുകൊണ്ടുതന്നെ കാപ്പി ഒഴിവാക്കുന്നതാണ് ഉത്തമം.

സാന്‍ഡിവിച്ച് ഇഷ്ടമില്ലാത്തവരില്ല. കുട്ടികള്‍ പ്രത്യേകിച്ചും. തിരക്കു പിടിച്ച ജീവിതത്തില്‍ എളുപ്പത്തില്‍ കഴിക്കാവുന്നതും ഉണ്ടാക്കാനാവുന്നതും എന്നതാണ് സാന്‍ഡ്വിച്ചിനെ ബ്രേക്ക്ഫാസ്റ്റായി തിരഞ്ഞെടുക്കാന്‍ പലരേയും പ്രേരിപ്പിക്കുന്നത്.

എന്നാല്‍ ഇതിലെ വെണ്ണയും കൊഴുപ്പും ശരീരത്തിന് നല്ലതല്ല. പ്രാതലിന് സാന്‍ഡ്വിച്ച് പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് ശരിയായ വഴി. ഇനി രാവിലെ തന്നെ സാലഡ് കഴിക്കാമെന്നു വിചാരിക്കുന്ന ചിലരുണ്ട്. സംഗതി പച്ചക്കറി ശരീരത്തിന് നല്ലതാണ്.

എന്നാല്‍ രാവിലെ തന്നെ അത് നല്ല ശീലമല്ല. നിറയെ ഫൈബര്‍ അടങ്ങിയിട്ടുള്ള പച്ചക്കറി രാവിലെ തന്നെ കഴിക്കുന്നത് ദഹനപ്രശ്‌നം ഉണ്ടാക്കും. അസിഡിറ്റിക്കും കാരണമാകും. രാവിലെ തന്നെ വയറ് വേദനയോടെ തുടങ്ങുന്നത് ദിവസം മുഴുവനുമുള്ള അസ്വസ്ഥതയ്ക്ക് കാരണമാകും.

രാവിലെ തന്നെ ജ്യൂസ് കുടിക്കുന്നവരുണ്ടാകും. ആരോഗ്യകരമായ പ്രഭാത ഭക്ഷണം എന്ന് കരുതി ജ്യൂസുകള്‍ ഉള്‍പ്പെടുത്തുന്നവരാണ് മിക്കവരും. എന്നാല്‍ ഇതില്‍ അടങ്ങിയിട്ടുള്ള ഫ്രക്ടോസ് ഇന്‍സുലിന്റെ തോത് ഉയര്‍ത്തും. പഴങ്ങള്‍ ജ്യൂസാക്കാതെ കഴിക്കുന്നതാണ് രാവിലെ നല്ലത്.

എന്നാല്‍ ജ്യൂസാക്കാതെ പഴങ്ങള്‍ കഴിക്കുക എന്ന് പറയുമ്പോള്‍, എല്ലാ പഴങ്ങളും രാവിലെ കഴിക്കാന്‍ യോഗ്യമല്ല. ഓറഞ്ച്, തക്കാളി പോലുള്ളവ രാവിലെ ഒഴിവാക്കാം.

പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ നല്ലതാണെങ്കിലും ഇവ രാവിലെ കഴിക്കുന്നത് നെഞ്ചെരിച്ചിലിനും അസിഡിറ്റിക്കും കാരണമായേക്കും.

രാവിലെ ഒഴിവാക്കേണ്ട മറ്റൊരു പഴമാണ് വാഴപ്പഴം. രാവിലെ തന്നെ വാഴപ്പഴം കഴിക്കുന്നതും നല്ല ശീലമല്ല. മഗ്‌നീഷ്യവും പൊട്ടാസ്യവും കൂടുതലുള്ള വാഴപ്പഴം രാവിലെ കഴിക്കുന്നത് രക്തത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും.

×