ബ്രണ്ണന്‍ കോളെജ് ക്യാംപസിലെ കൊടിമരം എടുത്തുമാറ്റിയതിന് പിന്നാലെ എ.ബി.വി.പിയുടെ ഭീഷണി; മരണ ഭയമുണ്ടെന്ന് പ്രിന്‍സിപ്പാള്‍

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Thursday, July 18, 2019

കണ്ണൂര്‍ : തലശ്ശേരി ബ്രണ്ണന്‍ കോളെജ് ക്യാംപസിലെ കൊടിമരം എടുത്തുമാറ്റിയതിന് പിന്നാലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നെന്ന് തലശ്ശേരി കോളെജ് പ്രിന്‍സിപ്പാള്‍ കെ.ഫല്‍ഗുനന്‍. മരണഭയമുണ്ടെന്നും പൊലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും പ്രിന്‍സിപ്പാള്‍ കെ.ഫല്‍ഗുനന്‍ പറഞ്ഞു.

കോളെജില്‍ സ്ഥാപിച്ചിരുന്ന എ.ബി.വി.പിയുടെ കൊടിമരം ബുധനാഴ്ച പ്രിന്‍സിപ്പാള്‍ എടുത്തുമാറ്റിയിരുന്നു. ഇന്ന് എ.ബി.വി.പി കൊടിമരം വീണ്ടും സ്ഥാപിച്ചു. കൊടിമരം വീണ്ടും സ്ഥാപിച്ചത് തന്റെ അനുമതിയില്ലാതെയാണെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

കൊടിമരം വീണ്ടും സ്ഥാപിക്കാനായി എത്തിയ എ.ബി.വി.പി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞിരുന്നു. ഫ്രെറ്റേണിറ്റി മൂവ്മെന്റിന്റെ സംസ്ഥാന ജാഥ ബ്രണ്ണന്‍ കോളേജിന് സമീപത്ത് എത്താറായപ്പോഴായിരുന്നു എ.ബി.വി.പിക്കാര്‍ കൊടിമരം സ്ഥാപിക്കാനായി എത്തിയത്.

എന്നാല്‍ കോളേജിന് സമീപം ജാഥയെത്തുന്ന സമയം എ.ബി.വി.പിക്കാര്‍ കൊടിസ്ഥാപിക്കാനെത്തുന്നത് വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടയാക്കുമെന്നും ഫ്രെറ്റേണിറ്റിയുടെ ജാഥയ്ക്ക് ശേഷം നിങ്ങള്‍ക്ക് വേണമെങ്കില്‍ പ്രിന്‍സിപ്പലിന്റെ അനുവാദത്തോടുകൂടി കൊടി സ്ഥാപിക്കാമെന്നും പൊലീസ് പറഞ്ഞു. പ്രവര്‍ത്തകര്‍ ഇതിന് തയ്യാറായില്ല. ഇതേ തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷമുണ്ടാകുകയായിരുന്നു. കൊടി സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് പൊലീസ് നിലപാടെടുത്തതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എ.ബി.വി.പി. സ്ഥാപിച്ച കൊടിമരം പ്രിന്‍സിപ്പല്‍ എടുത്തുമാറ്റിയത് കോളേജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് സംഘപരിവാര്‍ സംഘടനകള്‍ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.

×