ബ്രെക്‌സിറ്റിന് അംഗീകാരം, ബ്രിട്ടന് വിട

New Update

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ ഉടമ്പടി വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ബ്രെക്‌സിറ്റ് ബില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. 751 അംഗ പാര്‍ലമെന്റില്‍ 621 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 49 പേര്‍ എതിര്‍ത്തു. 13 പേര്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.

Advertisment

publive-image

പരമ്പരാഗത സ്‌കോട്ടിഷ് ഗാനം, 'ഓള്‍ഡ് ലാങ് സൈനെ' ആലപിച്ചാണ് ചേംബര്‍ ബ്രിട്ടനു വിടച്ചൊല്ലിയത്. ഉടമ്പടി വ്യവസ്ഥകള്‍ക്കു പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ അംഗീകാരം നല്‍കിയതോടെ ബ്രെക്‌സിറ്റിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായി.

31-ന് രാത്രി 11-നാണ് ബ്രെക്‌സിറ്റ് നടപ്പാകുന്നത്. പ്രധാനപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റികളെല്ലാം കഴിഞ്ഞയാഴ്ച ബില്‍ അംഗീകരിച്ച് ഒപ്പിട്ടിരുന്നു. ബ്രിട്ടന്റെ ഇരുപാര്‍ലമെന്റ് ഹൗസുകളും പാസാക്കിയ ബില്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രിയും എലിസബത്ത് രാജ്ഞിയും ഒപ്പുവച്ചതോടെ നിയമമായി.

യൂറോപ്യന്‍ പാര്‍ലമെന്റില്‍ 73 അംഗങ്ങളാണ് ബ്രിട്ടനെ പ്രതിനിധീകരിക്കുന്നത്. ഇവരുടെ അവസാനത്തെ സമ്മേളനം കൂടിയായിരുന്നു ബുധനാഴ്ചത്തേത്. 47 വര്‍ഷത്തെ യൂറോപ്യന്‍ ബന്ധം അവസാനിപ്പിച്ച് ഇവര്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പടികളിറങ്ങി.

യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാതാകുന്ന സാഹചര്യത്തില്‍ ശനിയാഴ്ച രാവിലെ ബ്രസല്‍സിലെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിലുള്ള ബ്രിട്ടീഷ് പതാക താഴ്ത്തും. ബ്രസല്‍സിലെ ബ്രിട്ടീഷ് മ്യൂസിയത്തിനു മുന്നിലാകും പിന്നീട് ഈ പാതാക സ്ഥാപിക്കുക.

31-ന് അര്‍ദ്ധരാത്രി ബ്രെക്‌സിറ്റ് നടപ്പിലായാലും പിന്നീടുള്ള 11 മാസം ഇതിന്റെ പരിവര്‍ത്തന കാലയളവാണ് ഇരുപക്ഷവും തമ്മിലുള്ള വ്യാപാര കരാറുകളും മറ്റു സുപ്രധാന വിഷയങ്ങളും ഇതിനിടെ ചര്‍ച്ചചെയ്താകും തീരുമാനിക്കുക. അതിനാല്‍ തന്നെ പെട്ടെന്ന് എന്തെങ്കിലും സംഭവിക്കുന്നതായി 31-നു ശേഷവും സാധാരണ ജനങ്ങള്‍ക്ക് അനുഭവപ്പെടില്ല.

brexit european union passed britain
Advertisment