/sathyam/media/post_attachments/OX7JVWJtOepJaNZPZDV1.jpg)
'അമൃതകാലത്തെ ആദ്യ ബജറ്റ്' ആണ് അവതരിപ്പിക്കുന്നതെന്ന് നിര്‍മ്മല സീതാരാമന്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ബജറ്റ് അവതരണം. 2021ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തെ അടയാളപ്പെടുത്തുന്ന 'അമൃതകാല്‍' എന്ന പദം ആദ്യമായി ഉപയോഗിച്ചത്.
പ്രധാന ബജറ്റ് പ്രഖ്യാപനങ്ങള്‍ അറിയാം
1. 2014ല്‍ അധികാരത്തിലേറിയത് മുതല്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്. രാജ്യത്തെ എല്ലാ പൗരന്മാര്ക്കും മെച്ചപ്പെട്ട ജീവിത നിലവാരം ഉറപ്പാക്കാന്‍ കഴിഞ്ഞു. 9 വര്‍ഷത്തിനിടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയെന്നും നിര്‍മ്മല സീതാരാമന് വ്യക്തമാക്കി.
2.അടുത്ത ഒരു വർഷത്തേക്ക് എല്ലാ മുൻഗണനാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി. എല്ലാ അന്ത്യോദയ, മുൻഗണനാ കുടുംബങ്ങൾക്കും ഒരു വർഷത്തേക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യും. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയ്ക്ക് കീഴിലുള്ള ഏകദേശം 2 ലക്ഷം കോടി രൂപയുടെ മുഴുവൻ ചെലവും കേന്ദ്ര സർക്കാർ വഹിക്കുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.
3. മിഷൻ മോഡിൽ ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് നിർമ്മല സീതാരാമൻ. സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തം, സർക്കാർ പരിപാടികളുടെ സംയോജനം, പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവ ഉപയോഗിച്ച് ടൂറിസത്തിന്റെ പ്രോത്സാഹനം മിഷൻ മോഡിൽ ഏറ്റെടുക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ രാജ്യം വലിയ രീതിയിൽ ആകർഷിക്കുന്നു. വിനോദസഞ്ചാര മേഖലയിൽ വലിയ സാധ്യതകളുണ്ട്. യുവജനങ്ങൾക്ക്, പ്രത്യേകിച്ച് തൊഴിലവസരങ്ങൾക്കും സംരംഭകത്വത്തിനും ഈ മേഖല വലിയ അവസരങ്ങൾ നൽകുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
4. കൃഷിയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ്പുകൾക്ക് മുൻഗണന നൽകുമെന്ന് ധനമന്ത്രി പറഞ്ഞു. യുവസംരംഭകരുടെ അഗ്രികൾച്ചർ സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു അഗ്രികൾച്ചർ ആക്സിലറേറ്റർ ഫണ്ട് രൂപീകരിക്കുമെന്നും നിർമ്മല സീതാരാമൻ അറിയിച്ചു.
5. നടപ്പുവർഷത്തെ നമ്മുടെ സമ്പദ്വ്യവസ്ഥയുടെ വളർച്ചാ നിരക്ക് 7% ആയിരിക്കുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടെന്നും ഇത് ലോകത്തിലെ പ്രധാന സമ്പദ്വ്യവസ്ഥകളിൽ ഏറ്റവും ഉയർന്ന നിരക്കാണെന്നും ബജറ്റ് പ്രസംഗത്തിൽ നിർമ്മല സീതാരാമൻ പറഞ്ഞു.