Advertisment

ബജറ്റ് അവതരണത്തിൽ ചൊല്ലിയ കവിത എഴുതിയ സ്‌നേഹ പഠിക്കുന്ന കുഴൽമന്ദം സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കും: മന്ത്രി തോമസ് ഐസക്ക്

New Update

publive-image

Advertisment

ബജറ്റ് അവതരണത്തില്‍ ചൊല്ലിയ കവിത എഴുതിയ സ്‌നേഹ പഠിക്കുന്ന കുഴല്‍മന്ദം സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്. താന്‍ തന്നെ നേരിട്ട് പോയി സ്‌കൂള്‍ നന്നാക്കുമെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. സ്‌കൂള്‍ പൊളിച്ച് നിര്‍മ്മിക്കാന്‍ പണം അനുവദിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ‘സ്‌കൂള്‍ പൊളിച്ച് നിര്‍മ്മിക്കാന്‍ പണം അനുവദിച്ചതാണ്.

പൊളിക്കാന്‍ ചില നടപടിക്രമങ്ങളുണ്ട്. ഞാന്‍ തന്നെ നേരിട്ട് പോയി സ്‌കൂള്‍ നന്നാക്കാന്‍ ആവശ്യമായ നടപടികള്‍ വേഗത്തിലാക്കും.’ സ്‌നേഹയുടെ സ്‌കൂളിന് ആവശ്യമായതെല്ലാം ചെയ്യുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ബജറ്റവതരണം കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് സ്‌കൂള്‍ നന്നാക്കുമെന്നാണ് കാര്യം മന്ത്രി തോമസ് ഐസക്ക് അറിയിച്ചത്. മന്ത്രിയുടെ ഇടപെടലിന് സ്‌നേഹയും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇസ്ലമയിലും നന്ദി അറിയിച്ചു.

സ്‌നേഹയുടെ കവിതയെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞതിന് പിന്നാലെയാണ്, സ്‌കൂളിന്റെ ശോചനീയാവസ്ഥയും ചര്‍ച്ചയായത്. സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന കുഴല്‍മന്ദം സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്. സ്‌കൂളിനു വേണ്ടി സ്ഥലം ലഭിച്ചിട്ടുണ്ടെങ്കിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. സ്‌കൂളിന് ഒരു സ്ഥിരം കെട്ടിടം വേണമെന്ന് അധ്യാപകരും വിദ്യാര്‍ഥികളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നും ഇരുട്ടു മാത്രമാവണമെന്നില്ല, നേരം പുലരുകയും

സൂര്യന്‍ സര്‍വ തേജസ്സോടെ ഉദിക്കുകയും

കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും

വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും.

നമ്മള്‍ കൊറോണയ്ക്കെതിരെ പോരാടി

വിജയിക്കുകയും

ആനന്ദം നിറഞ്ഞ പുലരിയെ തിരികെ

എത്തിക്കുകയും ചെയ്യും
.’…… എട്ടാംക്ലാസുകാരി സ്‌നേഹയുടെ ഈ കവിത ചൊല്ലികൊണ്ടായിരുന്നു തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം ആരംഭിച്ചത്. കൊവിഡ് കാലത്ത് കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് സംഘടിപ്പിച്ച അക്ഷര വര്‍ഷം പദ്ധതിയുടെ ഭാഗമായി എഴുതി നല്‍കിയതാണ് ഈ വരികള്‍. കൊറോണയെ തുരത്താം എന്ന തലക്കെട്ടിലായിരുന്നു കവിത എഴുതിയത്.

ചെറുപ്പം മുതല്‍ തന്നെ കവിതയിലും കഥയിലുമെല്ലാം താല്‍പര്യം പ്രകടിപ്പിച്ച വിദ്യാര്‍ഥിനിയാണ് സ്നേഹ. കവിത നിയമസഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെ സ്നേഹക്ക് അഭിനന്ദന പ്രവാഹമാണ്.

അച്ഛനും അമ്മയും ചേച്ചിയുമുള്ള ഒരു കൊച്ചുകുടുംബമാണ് സ്നേഹയുടേത്. അച്ഛന്‍ ഡ്രൈവറാണ്. സ്നേഹ പഠിക്കുന്ന കുഴല്‍മന്ദം സ്‌കൂളിലെ തന്നെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ചേച്ചി രുദ്ര.

Advertisment